വിവരണം

റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച സമാന്തര പരേഡ് പലയിടത്തും സംഘര്‍ഷത്തിലും അക്രമത്തിലും കലാശിച്ച കാര്യം നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നല്ലോ. സംഭവങ്ങളുടെ വീഡിയോ ആയും ചിത്രങ്ങളായും വിവരണങ്ങളായും വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു പോരുന്നുണ്ട്.

ഇപ്പോള്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന രണ്ടു ചിത്രങ്ങളെ പറ്റിയാണ് നമ്മള്‍ ഇന്ന് അന്വേഷിക്കുന്നത്.

ഒന്നാമത്തെ ചിത്രത്തില്‍ സമരത്തില്‍ പങ്കെടുക്കുന്ന ഒരു കര്‍ഷകന്‍ പോലീസുകാരന്‍റെ നേര്‍ക്ക് വാളോങ്ങുന്ന ദൃശ്യമാണുള്ളത്. രണ്ടാമത്തെ ചിത്രത്തില്‍ മുഖത്ത് പരിക്കേറ്റ് ചതവുകളും ആയി തലയില്‍ തലപ്പാവിന്‍റെ ഉള്ളില്‍ മുറിവില്‍ വെളുത്ത തുണി വച്ച് കെട്ടിയ ഒരു സിക്കുകാരനെ കാണാം. ചിത്രത്തിനൊപ്പം നല്‍കിയ വാചകങ്ങള്‍ ഇങ്ങനെ: പോലീസുകാരെ വിരട്ടിയ പോലെ അര്‍ദ്ധ സൈനികന് നേരെ വാളെടുക്കാന്‍ തുടങ്ങിയതേയുള്ളൂ സര്‍ദാര്‍ജി അമ്മാവന്‍ എല്ലാം വളരെ പെട്ടെന്നായിരുന്നു. അടിക്കുറിപ്പായി, നല്ലോണം മേടിച്ചു കൂട്ടി എന്നും നല്‍കിയിട്ടുണ്ട്.

പോസ്റ്റിലൂടെ നല്‍കുന്ന വാര്‍ത്ത പറയുന്നത് സമരത്തില്‍ പങ്കെടുക്കുന്ന സിഖ് കര്‍ഷകന്‍ പോലീസുകൂടെ നേര്‍ക്ക് എന്നപോലെ അര്‍ദ്ധ സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍റെ നേര്‍ക്ക് ആക്രമണം അഴിച്ചു വിടുകയും ഉദ്യോഗസ്ഥന്‍ സൈനികനെ തിരിച്ച് ആക്രമിക്കുകയും ചെയ്തു. ഒരേ സമരാനൂകൂലിയുടെ ഈ രണ്ടു ചിത്രങ്ങള്‍ പ്രസ്തുത സന്ദര്‍ഭങ്ങളിലെതാണ്.

archived linkFB post

ഫാക്റ്റ് ക്രെസണ്ടോ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പോസ്റ്റിലെ വിവരങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്ന് മനസ്സിലായി. ചിത്രങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ പറയാം.

വസ്തുതാ വിശകലനം

ഞങ്ങള്‍ ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി.

ആദ്യത്തെ ചിത്രം

പ്രമുഖ ദേശീയ മാധ്യമങ്ങളില്‍ പലതിലും ഈ ചിത്രം നല്‍കിയിട്ടുണ്ട്. ഡെക്കാന്‍ ഹെറാള്ഡിേല്‍ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തിന്‍റെ പരിഭാഷ നോക്കുക:

ഇന്ന് അക്രമത്തിൽ ഏർപ്പെടുന്നവർ പ്രസ്ഥാനത്തിന്റെ ഭാഗമല്ലെന്നും ബാഹ്യ ഘടകങ്ങളാണെന്നും കർഷക നേതാക്കൾ പറഞ്ഞു. അവർ ആരായിരുന്നാലും, സമാധാനപരമായും അച്ചടക്കത്തോടെയും നടന്നുകൊണ്ടിരുന്ന പ്രസ്ഥാനത്തെ അക്രമം തീർച്ചയായും ദുർബലപ്പെടുത്തിയിരിക്കുന്നു

deccanherald

ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് പ്രകാരം നിഹാംഗ് സമരാനുകൂലി പോലീസിന് നേര്‍ക്ക് വാളോങ്ങുന്നു എന്ന അടിക്കുറിപ്പിലാണ് ചിത്രം നല്‍കിയിരിക്കുന്നത്.

സമരാനുകൂലി വാളോങ്ങുന്നത് പോലീസുകാരന്‍റെ നേര്‍ക്കാണ്.

രണ്ടാമത്തെ ചിത്രം

ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ന്യൂസ്‌ 18 പഞ്ചാബി പ്രസിദ്ധീകരിച്ച ഒരു വാര്ത്ത ലഭിച്ചു. കാര്‍ഷിക സമരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ഒരു ട്രക്ക് മറിഞ്ഞതിനെ കുറിച്ചാണ് വാര്‍ത്ത. ട്രക്ക് മറിഞ്ഞ് പരിക്കേറ്റവരുടെ കൂട്ടത്തില്‍ പോസ്റ്റിലെ മുഖത്ത് പരിക്കേറ്റ സിഖുകാരന്റെ ചിത്രവുമുണ്ട്. “ദില്ലിയിൽ, മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ പ്രതിഷേധിക്കുന്നുണ്ടെങ്കിലും മറുവശത്ത്, ദീർഘദൂര യാത്രകളും മൂടൽമഞ്ഞും കാരണം കർഷകരും അപകടങ്ങൾക്ക് ഇരയായിട്ടുണ്ട്. കീർത്തി കിസാൻ യൂണിയനിലെ വഡാല ഗ്രാമത്തില്‍ നിന്നും ഒരു കർഷക കൂട്ടം ട്രാക്ടർ ദില്ലിയിലെ 'കിസാൻ ആൻഡോളനില്‍' പങ്കെടുക്കാൻ പോവുകയായിരുന്നു. ഖന്നയ്ക്ക് സമീപം അപകടമുണ്ടായി.”

ഈ വാര്‍ത്ത മുന്‍ മന്ത്രി മന്ത്രി ബിക്രം മജിത്തിയ ഒരു ട്വീറ്റ് വഴി സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം കര്‍ഷകരോട് സംസാരിച്ചതായും പരിക്കേറ്റവരെ ആശ്വസിപ്പിച്ചതായും വാര്‍ത്തയില്‍ പറയുന്നു. ഈ ചിത്രം 2020 ഡിസംബര്‍ 27 ന് അതായത് ട്രക്ക് അപകടം നടന്ന അന്നുതന്നെ പുറത്തു വന്നിരുന്നു.

twitter | archived link

പോസ്റ്റില്‍ നല്‍കിയ ആദ്യത്തെ ചിത്രത്തില്‍ സമരാനുകൂലി പോലീസിന് നേരെ റിപ്പബ്ലിക്ക് ദിനത്തില്‍ വാളോങ്ങുന്ന ദൃശ്യമാണിത്. എന്നാല്‍ രണ്ടാമത്തെ ചിത്രം ഈ സമരാനുകൂലിയുടെതല്ല. 2020 ഡിസംബര്‍ 27 ന് പ്രസ്തുത ചിത്രം പുറത്തു വന്നിരുന്നു. പ്രസ്തുത ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയ വിവരണം വാസ്തവ വിരുദ്ധമാണ്.

നിഗമനം

പോസ്റ്റിലെ വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. ആദ്യത്തെ ചിത്രത്തില്‍ കാണുന്ന സിഖ് സമരാനുകൂലിയല്ല അടുത്ത ചിത്രത്തിലുള്ളത്. സമരത്തില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെ 2020 ഡിസംബര്‍ 27 ന് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ സമരാനുകൂലിയുടെ ചിത്രമാണിത്.

Avatar

Title:പോസ്റ്റിലെ ഈ രണ്ടു ചിത്രങ്ങള്‍ ഒരേ സമരാനുകൂലിയുടെതല്ല…

Fact Check By: Vasuki S

Result: False