പിണറായി വിജയനൊഴികെ ഇന്ത്യ മുന്നണി നേതാക്കള്‍ക്കും കോണ്‍ഗ്രസ്സിനും സത്യപ്രതിജ്ഞ ചടങ്ങില്‍ ക്ഷണമുണ്ടായിരുന്നില്ലെന്ന് വ്യാജ പ്രചരണം...
മൂന്നാം മോദി സര്‍ക്കാര്‍ ജൂണ്‍ ഒന്‍പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരടക്കം മന്ത്രിസഭയില്‍ അംഗങ്ങളായ 72 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍, ഏഷ്യാ ഭൂഖണ്ഡത്തിലെ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍, ഇന്ത്യയുമായി സൌഹൃദം പുലര്‍ത്തുന്ന മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളും നേതാക്കളും മറ്റും ക്ഷണിക്കപ്പെട്ട അഥിതികളായി എത്തിയിരുന്നു. കൂടാതെ ഷാരൂഖ് ഖാന്‍, രജനികാന്ത്, അക്ഷയ്കുമാര്‍ തുടങ്ങിയ അഭിനേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തി. സംസ്ഥാന മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുകേഷ് അംബാനി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
സത്യപ്രതിജ്ഞ ചടങ്ങില്‍ കോണ്‍ഗ്രസിന് ക്ഷണമില്ലായിരുന്നുവെന്നും ഇന്ത്യ മുന്നണി നേതാക്കളില്‍ ആകെ ക്ഷണമുണ്ടായിരുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയന് മാത്രമായിരുന്നു എന്നും അവകാശപ്പെട്ട് ചില പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
“മോദിയുടെസത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യ മുന്നണി നേതാക്കൾക്ക് ക്ഷണമില്ല, മമതക്കോ സ്റ്റാലിനോ സിദ്ധരാമയ്യക്കോ ക്ഷണമില്ല, എന്തിനേറെ ശിവസേനക്ക് പോലും ക്ഷണമില്ല.
പക്ഷേ, പിണറായി വിജയനെ ക്ഷണിച്ചിട്ടുണ്ട്.
കേരളത്തിൽ താമര വിരിഞ്ഞതിന് നന്ദി സൂചകമായി ഇനിയെന്തെല്ലാം പാരിതോഷികങ്ങൾ വരാനിരിക്കുന്നു..!
ജയരാജന്റെ ബോസും ജാവദേക്കറുടെ ബോസും പരസ്പരം പ്രോത്സാഹിപ്പിച്ച് മുന്നേറുക തന്നെയാണ്.” എന്നാണ് പോസ്റ്റിലെ പ്രചരണം. കൂടാതെ, നരേന്ദ്ര മോദിയും പിണറായി വിജയനും സൌഹൃദം പങ്കിടുന്ന പഴയ ചിത്രവും മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ കോണ്‍ഗ്രസ്സിന് ക്ഷണമില്ല എന്ന വാര്‍ത്ത നല്‍കിയിട്ടുള്ള ഏഷ്യാനെറ്റിന്‍റെ ന്യൂസ് കാര്‍ഡുമാണ് ഒപ്പമുള്ളത്.
രണ്ടുതരം അവകാശവാദങ്ങളാണ് പോസ്റ്റിലുള്ളത്. ആദ്യത്തേത് ഇന്ത്യ മുന്നണി നേതാക്കളില്‍ കേരള മുഖ്യമന്ത്രിയെ മാത്രമാണ് സത്യപ്രതിജ്ഞക്ക് ക്ഷണിച്ചത്. രണ്ടാമത്തേത്, കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ക്ഷണം ലഭിച്ചില്ല എന്നതാണ്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് രണ്ടുമെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ പ്രചരണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രസ്സ് സെക്രട്ടറി പിഎം മനോജ് വിശദമാക്കിയത് ഇങ്ങനെ: “തെറ്റായ പ്രചരണമാണ്. സത്യപ്രതിജ്ഞ ചടങ്ങിലേയ്ക്ക് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ക്ഷണം ഉണ്ടായിരുന്നു. നമ്മുടെ സിഎം നും ക്ഷണം ഉണ്ടായിരുന്നു. അല്ലാതെ ഇന്ത്യ മുന്നണി നേതാക്കളില്‍ കേരളത്തിലെ മുഖ്യമന്ത്രിയെ മാത്രമാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ വിളിച്ചത് എന്നതൊക്കെ വെറും വ്യാജ പ്രചരണമാണ്. പങ്കെടുക്കണമോ വേണ്ടയോ എന്നുള്ളത് ക്ഷണം ലഭിച്ചവരുടെ മാത്രം തീരുമാനമാണ്.”
കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വേദിയില്‍ സന്നിഹിതനായിരിക്കുന്നത് സത്യപ്രതിജ്ഞ ചടങ്ങിന്‍റെ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കോണ്‍ഗ്രസ്സിനെ ക്ഷണിച്ചില്ല എന്ന വാദം അതിനാല്‍ തന്നെ തെറ്റാണ്. കോണ്‍ഗ്രസ്സിനെ സത്യപ്രതിജ്ഞ ചടങ്ങില്‍ ക്ഷണിച്ചിരുന്നുവോ എന്നറിയാനായി ഞങ്ങള്‍ ആലപ്പുഴയുടെ നിയുക്ത എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാലിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം പറഞ്ഞത് ഇങ്ങനെ: “കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ക്ഷണം ലഭിച്ചിരുന്നു. നേതാക്കള്‍ക്ക് വ്യക്തിപരമായും ക്ഷണക്കത്തുകള്‍ ലഭിച്ചു. ഘടക കക്ഷികളിലെ ചില പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്ഷണം ലഭിച്ചില്ലെന്ന് പരാതി പറയുന്നുണ്ട്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.”
സത്യപ്രതിജ്ഞ ചടങ്ങില്‍ ക്ഷണം ലഭിച്ചെന്നും എന്നാല്‍ വിവേചനപരമാണ് ക്ഷണിച്ച രീതീയെന്നും കെസി വേണുഗോപാല്‍ മാധ്യമ പ്രവര്‍ത്തകരോട് ആരോപണം നടത്തുന്ന ദൃശ്യങ്ങള്‍ താഴെയുള്ള വീഡിയോയില്‍ കാണാം.
പോസ്റ്റിലെ അവകാശവാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
മൂന്നാംഘട്ട മോദി മന്ത്രിസഭയുടെ സത്യപ്രതിഞ്ഞ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമേ ഇന്ത്യ മുന്നണി നേതാക്കളുടെ വിഭാഗത്തില്‍ നിന്നും ക്ഷണിച്ചിരുന്നുള്ളൂ എന്നത് തെറ്റായ പ്രചരണമാണ്. ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് ക്ഷണക്കത്ത് നല്‍കിയിരുന്നു. അതുപോലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ചടങ്ങില്‍ ക്ഷണമില്ലായിരുന്നു എന്നതും തെറ്റായ വാര്‍ത്തയാണ്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികര്‍ജുന്‍ ഖാര്‍ഗെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:പിണറായി വിജയനൊഴികെ ഇന്ത്യ മുന്നണി നേതാക്കള്‍ക്കും കോണ്‍ഗ്രസ്സിനും സത്യപ്രതിജ്ഞ ചടങ്ങില്‍ ക്ഷണമുണ്ടായിരുന്നില്ലെന്ന് വ്യാജ പ്രചരണം...
Written By: Vasuki SResult: Misleading