നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പുടിനും നെതന്യാഹുവും എത്തുമോ ..?
വിവരണം
സുദര്ശനം (sudharshanam) എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 24 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് 18 മണിക്കൂറുകൾ കൊണ്ട് 2100 ഷെയറുകൾ കഴിഞ്ഞിട്ടുണ്ട്. "ലോകം മോഡി തരംഗത്തിൽ" എന്ന തലക്കെട്ടിൽ ഒരു ചിത്രമാണ് പോസ്റ്റിലുള്ളത്. മോദിജിയുടെ സത്യപ്രതിജ്ഞയ്ക്ക് റഷ്യൻ പ്രസിഡണ്ട് പുട്ടിനും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും" എന്ന വാചകത്തോടൊപ്പം ഇവർ മൂവരുടെയും ചിത്രങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭാരതത്തിന്റെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണെന്ന് ബിജെപി കേന്ദ്ര നേതൃത്വം നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ കണക്കുകൂട്ടലുകൾ പോലെത്തന്നെ അവർ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സീറ്റ് നേടുകയും ചെയ്തു. ഇനി നടക്കാനുള്ളത് സത്യപ്രതിജ്ഞാ ചടങ്ങാണ്.
അതിന്റെ തിയതി നിശ്ചയിച്ചോ...?ചടങ്ങിന് ക്ഷണിക്കുന്ന വിശിഷ്ട അതിഥികളുടെ പട്ടിക തയ്യാറായോ ..? പോസ്റ്റിൽ പറയുന്നപോലെ റഷ്യൻ പ്രസിഡണ്ടും ഇസ്രായേൽ പ്രധാനമന്ത്രിയുമാണോ വിശിഷ്ട അതിഥികൾ..? നമുക്ക് തിരഞ്ഞു നോക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ പ്രമുഖ മാധ്യമങ്ങളിൽ ഈ വാർത്ത അന്വേഷിക്കുന്ന വേളയിൽ മറ്റൊരു വാർത്ത ലഭിച്ചു. വിജയത്തിൽ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് ആദ്യമെത്തിയ സന്ദേശങ്ങൾ ജിൻപിങ്, പുടിൻ, നെതന്യാഹു എന്നിവരുടേതാണ് എന്ന തലക്കെട്ടിൽ വാർത്ത economictimes പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പാകിസ്താൻ , ബംഗ്ളാദേശ്, നേപ്പാൾ, ജപ്പാൻ, സിംഗപ്പൂർ പ്രധാനമന്ത്രിമാരും ബിജെപിയെ വൻ വിജയത്തിലേയ്ക്ക് നയിച്ചതിന് അഭിനന്ദനങ്ങൾ നേർന്നിരുന്നു എന്നും വാർത്തയിലുണ്ട്.
archived link | economictimes |
business-standard ഇതേ വാർത്ത തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
archived link | business-standard |
എന്നാൽ എന്നാണു സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക എന്നതിന് വ്യക്തമായ സ്ഥിരീകരണം ലഭ്യമായില്ല. .zeebiz എന്ന മാധ്യമത്തിൽ നിന്നും മാത്രമാണ് ഇതേപ്പറ്റി ചെറിയ ഒരു വാർത്ത ലഭിച്ചത്. അത് ഇങ്ങനെയാണ് : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഒന്നാം സ്ഥാനീയനായി നരേന്ദ്രമോദി ഏതാനും ദിവസങ്ങൾക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്യും. മെയ് 28 അല്ലെങ്കിൽ 29 എന്നീ തീയതികളിലൊന്നിൽ ആയിരിക്കണമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. wionews എന്ന മാധ്യമത്തെ ഉദ്ധരിച്ചു കൊണ്ട് ചടങ്ങ് മെയ് 30 നായിരിക്കാമെന്നും വാർത്തയിൽ പറയുന്നു.
archived link | zeebiz |
അതിൻപ്രകാരം ഞങ്ങൾ wionews വെബ്‌സൈറ്റ് പരിശോധിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിനായി വിദേശ രാഷ്ട്രത്തലവന്മാർക്ക് ക്ഷണക്കത്ത് അയച്ചു തുടങ്ങി എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആദ്യം അയൽരാജ്യം’ എന്ന നയവും ഏഷ്യ പസഫിക് പ്രദേശത്തെ രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ മുന്നോട്ടുവച്ച ‘ആക്ട് ഈസ്റ്റ്’ നയവും ബംഗാൾ ഉൾക്കടലിനെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ (ബംഗ്ളാദേശ്,ഇന്ത്യ, മ്യാൻമാർ, ശ്രീലങ്ക, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ ) BIMSTEC രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്ന നയവും മുന്നോട്ടു വയ്ക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. എന്നാൽ സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് ഞങ്ങൾക്ക് ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
തീരുമാനം വന്നശേഷം മാധ്യമങ്ങളെ അറിയിക്കുന്നതാണ് എന്നാണ്.
archived link | wionews |
അതായത് വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് സത്യപ്രതിജ്ഞക്കുള്ള ദിവസമോ വിശിഷ്ട അതിഥികൾ ആരൊക്കെയാണെന്നുള്ള തീരുമാനമോ ഔദ്യോഗികമായി ഇതുവരെ പുറത്തു വന്നിട്ടില്ല എന്നാണ്. വാർത്തകളിൽ ഇപ്പോഴുള്ളത് സ്ഥിരീകരണമില്ലാത്ത വിവരങ്ങളാണ്. അതിനാൽ പോസ്റ്റിൽ പറയുന്ന വാർത്ത തെറ്റാണ്.
നരേന്ദ്ര മോദിയുടെ ആദ്യ സത്യാ പ്രതിജ്ഞാ ചടങ്ങിന് സൗത്ത് ഏഷ്യൻ രാജ്യങ്ങൾക്ക് ക്ഷണം ലഭിച്ചിരുന്നു. കൂടാതെ സാർക്ക് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരെയും ക്ഷണിച്ചിരുന്നു.
റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ, ജപ്പാന്റെ ഷിൻസോ ആബെ, ഫ്രാൻസിന്റെ ഇമ്മാനുവേൽ മാക്രോൺ, ഇസ്രായേലിന്റെ ബെഞ്ചമിൻ നെതന്യാഹു എന്നിവർ സത്യപ്രതിജ്ഞയ്ക്ക് പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചട്ടില്ല എന്ന് വാർത്തയിൽ പ്രത്യേകം പറയുന്നു.
നിഗമനം
ഈ പോസ്റ്റിൽ ഉന്നയിക്കുന്ന കാര്യം തെറ്റാണ്. റഷ്യയുടെ പുട്ടിനും ഇസ്രയേലിന്റെ നെതന്യാഹുവും എത്തുമെന്ന് സ്ഥിരീകരണമില്ല വാർത്തയോ ഔദ്യോഗിക അറിയിപ്പുകളോ ഇതുവരെ പുറത്ത് വന്നിട്ടില്ല. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് മാന്യ വായനക്കാർ ദയവായി പങ്കു വെയ്ക്കാതിരിക്കുക.
ചിത്രങ്ങൾ കടപ്പാട് : ഇന്ത്യ ടുഡേ
Title:നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പുടിനും നെതന്യാഹുവും എത്തുമോ ..?
Fact Check By: Deepa MResult: False