കേരളത്തില്‍ അതിഥി തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ്. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ അവിടെ നിന്നും വാര്‍ത്തകള്‍ വരാറുണ്ട്. അതിഥി തൊഴിലാളികള്‍ തമ്മിലടിക്കുന്ന ദൃശ്യങ്ങള്‍ എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പ്രചരണം

രാത്രി മഴയത്ത് ഏതാനും പേര്‍ തമ്മിലടി നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതില്‍ സ്ത്രീകളുടെ വേഷം ധരിച്ചവരുമുണ്ട്. പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ തമ്മിലടിക്കുന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പ്രബുദ്ധ കേരളത്തിലെ പെരുമ്പാവൂരിൽ അതിഥികൾ ആറാടുന്നു👇🏻

ഇവറ്റകൾ വരുന്നതിനും പോകുന്നതിനും എന്തേലും കണക്കുകൾ ഉണ്ടോ?? കേരളത്തെ പുഷ്ടിപ്പിക്കാൻ ഒരോ ഇറക്കുമതികൾ”

FB postarchived link

എന്നാല്‍ തമ്മിലടിക്കുന്നത് അതിഥി തൊഴിലാളികള്‍ അല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 24 ന്യൂസ് ഉള്‍പ്പെടെ പല മാധ്യമങ്ങളും സംഭവത്തെ കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പെരുമ്പാവൂര്‍ നഗര മധ്യത്തില്‍ തമ്മിലടിക്കുന്നത് ട്രാന്‍സ്ജെന്‍ററുകളാണ്, അതിഥി തൊഴിലാളികളല്ല. ഓഗസ്റ്റ് 15നാണ് സംഭവം നടന്നത്.“കഴിഞ്ഞ വ്യാഴാഴ്ച രാത്രി പെരുമ്പാവൂർ കാളച്ചന്തയിൽ ഉണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കമ്പി വടികളും മര കമ്പുകളും കരിങ്കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. പരുക്കേറ്റ മൂന്ന് പേർ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

നടുറോഡിലെ സംഘർഷത്തെ തുടർന്ന് 15 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. അതേസമയം സംഭവത്തിൽ പൊലീസ് നടപടി എടുത്തിട്ടില്ല.” എന്നും 24 ന്യൂസ് റിപ്പോര്‍ട്ടിലുണ്ട്.

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. സ്റ്റേഷന്‍ എസ്‌ഐ ഞങ്ങളുടെ പ്രതിനിധിക്ക് നല്കിയ വിവരങ്ങള്‍ ഇങ്ങനെ: “ഇത് അവിടെ നടന്ന ഒറ്റപ്പെട്ട സംഭവമാണ്. അവിടെ ഇപ്പോള്‍ ട്രാന്‍സ്ജെന്‍ററുകള്‍ അങ്ങനെ ഇല്ല. സംഭവത്തെ കുറിച്ച് ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ല. ആരും പരാതി തന്നിട്ടില്ല. അതിനാല്‍ കേസെടുത്തില്ല. ഇവര്‍ അതിഥി തൊഴിലാളികളല്ല. വീഡിയോ എങ്ങനെയോ വൈറലായതാണ്”

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. പെരുമ്പാവൂരില്‍ പൊതുറോഡില്‍ തമ്മിലടിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്നത് അതിഥി തൊഴിലാളികളല്ല, ട്രാന്‍സ്ജെന്‍ററുകളാണ്. ഇക്കാര്യം വാര്‍ത്താ റിപ്പോര്‍ട്ടുകളിലുണ്ട്. കൂടാതെ പോലീസും വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പെരുമ്പാവൂരില്‍ തമ്മിലടിക്കുന്നത് അതിഥി തൊഴിലാളികളല്ല, ട്രാന്‍സ്ജെന്‍ററുകളാണ്...

Written By: Vasuki S

Result: False