
കേരളത്തിൽ അടുത്തിടെ വിവാദമുണ്ടാക്കിയ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതിസ്ഥാനത്തുള്ള സ്വപ്നസുരേഷ് കോടതിയിൽ ഈയിടെ രഹസ്യ മൊഴി നൽകിയിരുന്നു. തുടർന്ന് മാധ്യമങ്ങൾക്ക് മുൻപിൽ സ്വപ്ന ചില വെളിപ്പെടുത്തലുകൾ നടത്തി. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി ഷാജ് കിരൺ എന്നൊരാൾ തന്നെ സമീപിച്ചു എന്ന് സ്വപ്ന ആരോപിച്ചിരുന്നു. ഷാജ് കിരണുമായി ബന്ധപ്പെട്ട ഒരു പ്രചരണം മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
പ്രചരണം
മുഖ്യമന്ത്രി, ഭാര്യ, മകൾ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം നിൽക്കുന്നത് ഷാജ് കിരൺ ആണെന്ന് സൂചിപ്പിച്ച് ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുത്തിയ ചിത്രമാണ് പ്രചരിക്കുന്നത്. പരിഹാസരൂപേണ നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഷാജ് കിരണോ…അതാരാ 🧐
എനക്കറിയില്ല… 🥴”

എന്നാൽ ഞങ്ങൾ ചിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇപ്പോൾ തെറ്റായ പ്രചരണമാണ് ചിത്രം ഉപയോഗിച്ച് നടത്തുന്നത് എന്ന് വ്യക്തമായി
വസ്തുത ഇങ്ങനെ
ചിത്രത്തിന്‍റെ വിശദാംശങ്ങൾ അറിയാൻ മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറി പിഎം മനോജുമായി ഞങ്ങൾ സംസാരിച്ചു. അദ്ദേഹം അറിയിച്ചത് ഇങ്ങനെയാണ്: “പൂര്‍ണ്ണമായും തെറ്റായ പ്രചരണം. ഈ ചിത്രം പകർത്തിയത് ഞാൻ തന്നെയാണ്. ഇപ്പോൾ കൈരളി ചാനലിൽ ചീഫ് മാനേജറായി ജോലി നോക്കുന്ന ജിഗ്നേഷ് നാരായണന്‍ ആണിത്. തെറ്റിദ്ധരിപ്പിക്കാനായി ഷാജ് കിരണ്‍ ആണ് എന്ന് പ്രചരിപ്പിക്കുകയാണ്. പ്രചരണം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇതിനെതിരെ ഞാൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു.”
പോസ്റ്റില്‍ നൽകിയിരിക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിയുടെ സമീപം നിൽക്കുന്നത് ഷാജ് കിരൺ അല്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് .
ഷാജ് കിരണിന്‍റെയും ജിഗ്നേഷ് നാരായണന്‍റെയും ചിത്രങ്ങള്‍ ശ്രദ്ധിക്കുക. ഇരുവരും തമ്മില്‍ കാഴ്ചയില്‍ സമാനതകള്‍ ഒന്നുംതന്നെ ഇല്ലെന്നു വ്യക്തമാകും.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ചിത്രത്തിൽ മുഖ്യമന്ത്രിയോടൊപ്പം നിൽക്കുന്നത് ഷാജ് കിരണ്‍ അല്ല. കൈരളി ചാനലിലെ ചീഫ് മാനേജറായ ജിനേഷ് നാരായണനാണ്. തെറ്റിദ്ധാരണ സൃഷ്ടിക്കാനായി ഷാജ് കിരൺ ആണിത് എന്ന് പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ചിത്രത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുള്ളത് ഷാജ് കിരണല്ല, കൈരളി ടിവി മാനേജര്‍ ജിഗ്നേഷ് നാരായണനാണ്….
Fact Check By: Vasuki SResult: False
