കുടുംബശ്രീ മിഷന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയല്ല, പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ പദ്ധതിയാണ്… കൂടുതല്‍ അറിയാം…
കേരളത്തിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ സാധാരണക്കാരായ സ്ത്രീകളെ സംഘടിപ്പിച്ച രൂപം നൽകിയ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ലോകത്തെ തന്നെ ആദ്യ മാതൃകയാണ്. ഈ കഴിഞ്ഞ മെയ് 17ന് കുടുംബശ്രീ രൂപീകൃതമായിട്ട് 25 വർഷം പൂർത്തിയാവുകയായിരുന്നു കുടുംബശ്രീ കേന്ദ്രസർക്കാർ പദ്ധതിയാണ് എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.
പ്രചരണം
കുടുംബശ്രീ പദ്ധതി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് പ്രചരിക്കുന്നത്. കുടുംബശ്രീക്ക് ഇന്ന് 25 വയസ്സ് തികയുകയാണെന്നും അടൽ ബിഹാരി വാജ്പേയ് തുടക്കം കുറിച്ച പദ്ധതിയാണെന്നും പോസ്റ്റ് വാദിക്കുന്നു. ഇത് സൂചിപ്പിച്ച നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെ:
“കുടുംബശ്രീക്ക് ഇന്ന് 25 വയസ്സ് 🧡
മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്പേയിയുടെ തുടക്കം കുറിച്ച പദ്ധതിയാണ്
#India 🇮🇳 #Kudumbashree #25years 🙏”
എന്നാല്‍ കുടുംബശ്രീ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകളോ അല്ലെങ്കില്‍ മറ്റ് സഹായങ്ങളോ പദ്ധതിക്കില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വസ്തുത അറിയാനായി ആദ്യം ഞങ്ങള്‍ കുടുംബശ്രീ മിഷന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു നോക്കി. “ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച സംവിധാനമാണ് കുടുംബശ്രീ. സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ ആണ് ഈ പ്രോജക്ട് നടത്തുന്നത്. നബാര്‍ഡിന്‍റെ സഹായത്തോടെ കേരള സര്‍ക്കാര്‍ ഈ പ്രോജക്ടിന് രൂപം നല്‍കി. 1998 മേയ് 17-ന് മലപ്പുറം ജില്ലയില്‍ വച്ച് ബഹു:മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്പേയ് ആണ് ഈ പ്രോജക്ടിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇന്ന് കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവുമാകുകയും സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനം നിലവില്‍ വരികയും ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്. 15 മുതല്‍ 40 വരെ കുടുംബങ്ങളില്‍ നിന്നും ഓരോ വനിത ഉള്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഏരിയാ ഡവലപ്മെന്‍റ് സൊസൈറ്റികളും കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് സൊസൈറ്റികളും ഉള്‍പ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട്. നൂതന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന മികച്ച ജനസേവന പരിപാടിക്ക് കോമണ്‍വെല്‍ത്ത് അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്‍റ് മാനേജ്മെന്‍റ് ഏര്‍പ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര സുവര്‍ണ്ണ പുരസ്കാരം, 119 രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികളോട് മത്സരിച്ച് നേടിയെടുക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു”
എന്നിങ്ങനെയാണ് പദ്ധതിയെ പറ്റി വിവരണം നല്‍കിയിട്ടുള്ളത്. അതായത് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണിത് എന്ന് അര്‍ത്ഥം. 1997-ൽ ആരംഭിച്ച ജനകീയാസൂത്രണ പദ്ധതിയുടെ പശ്ചാത്തലത്തിൽ ദാരിദ്ര്യ നിർമാർജനത്തിന്റെ സാധ്യതയെക്കുറിച്ച് ദാരിദ്ര്യ നിർമാർജനത്തിനായി നൂതന മാർഗങ്ങൾ ആരായുന്നതിനായി ശ്രീ. എസ്.എം. വിജയാനന്ദ് ഐ.എ.എസ്, സംസ്ഥാന ആസൂത്രണ കമ്മീഷൻ അംഗം ഡോ. തോമസ് ഐസക്, ഡോ. പ്രകാശ് ബക്ഷി എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിക്കുകയുണ്ടായി. ഈ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് 1997-98 ലെ സംസ്ഥാന ബഡ്ജറ്റിൽ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ കുടുംബശ്രീയുടെ രൂപീകരണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. അയൽക്കൂട്ടങ്ങൾ, എ.ഡി.എസ്, സി.ഡി.എസ് എന്നിങ്ങനെ ത്രിതല സംഘടനാ സംവിധാനത്തിലൂടെയാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. ഇതിന്റെ അടിസ്ഥാന ഘടകമാണ് അയൽക്കൂട്ടങ്ങൾ.
കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കുമായി സംസാരിച്ചു. അദ്ദേഹം നല്കിയ വിശദീകരണം ഇങ്ങനെ: “കുടുംബശ്രീ മിഷന്‍ പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ്. ഞാന്‍ കമ്മറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു. സ്ത്രീകളെ ഇത്രയും ശക്തമായി കോര്‍ത്തിണക്കി അവര്‍ക്ക് സാമ്പത്തികം അടക്കമുള്ള മികച്ച അടിത്തറ നല്‍കുന്ന മറ്റൊരു സംവിധാനവും ലോകത്ത് മറ്റൊരു രാജ്യത്തുമില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ ഈ പദ്ധതി അന്ന് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന ശ്രീ. അടല്‍ ബിഹാരി വാജ്പേയി ഉത്ഘാടനം ചെയ്തു എന്ന് മാത്രമേയുള്ളൂ. അദ്ദേഹം പദ്ധതി നടപ്പിലാക്കുന്നതില്‍ കേരളത്തെ അഭിനന്ദിച്ചു. ലോകത്തിലെ തന്നെ മികച്ച മാതൃകയാണിതെന്ന് പറയുകളും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ വാട്ടര്‍ മെട്രോ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നു ഉത്ഘാടനം ചെയ്തത് പോലെതന്നെ. കേരളത്തിലെ ഓരോ സ്ത്രീകള്‍ക്കും ഇതില്‍ അംഗമാകാം എന്നത് തന്നെയാണ് കുടുംബശ്രീയുടെ ഏറ്റവും വലിയ പ്രത്യേകത. പദ്ധതി തുടങ്ങി കാല്‍ നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ മികച്ച നേട്ടമാണ് ഇവിടെ സ്ത്രീകള്‍ക്ക് ഉണ്ടായിട്ടുള്ളത്.”
തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ വെബ്സൈറ്റിലും ഇത് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നിഗമനം
കുടുംബശ്രീ മിഷന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകളോ മറ്റ് സഹായങ്ങളോ ഇല്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ 1997 ല്‍ കുടുംബശ്രീ പദ്ധതി ആരംഭിച്ചത്. അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി മലപ്പുറത്ത് പദ്ധതി ഉത്ഘാടനം ചെയ്തു എന്ന് മാത്രമേയുള്ളു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:കുടുംബശ്രീ മിഷന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയല്ല, പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ പദ്ധതിയാണ്... കൂടുതല്‍ അറിയാം...
Fact Check By: Vasuki SResult: MISLEADING