വിവരണം

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരഭിച്ചിരിക്കുകയാണ്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണവും നടക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ ദുരിതാശ്വാസ ക്യാംപ് നടത്താന്‍ 307 കോടി രൂപ ചെലവായെന്ന് സര്‍ക്കാര്‍ അറിയിച്ചു എന്ന ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്രയും ചെലവ് വരാന്‍ സര്‍ക്കാര്‍ നേരിട്ട് നടത്തിയ എത്ര ദുരിതാശ്വാസ ക്യാംപുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത് എന്ന ചോദ്യത്തോടെയാണ് പോസ്റ്ററിന്‍റെ ഉള്ളടക്കം. മാത്രമല്ലാ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഒരാള്‍ 10,000 രൂപ ചെലവായിയെന്നത് വ്യാജ കണക്കാണെന്നും. പോസ്റ്റിലെ ആരോപണം. പ്രചരിക്കുന്ന പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രകാരമാണ്-

മൃതദേഹങ്ങളുടെ സംസ്ക്കാര ചടങ്ങുകൾക്ക് ഒരാൾക്ക് 10,000 ചിലവാക്കി എന്ന് ' എന്തിനാണ് 10,000 രൂപ ചിലവായത്. സ്ഥലം സൗജനും കിട്ടിയത് കുഴി കുഴിക്കാൻ JCB ഫ്രി ആയി കിട്ടിയത്, അതിനുള്ള ജോലിക്കാർ മുഴുവനായി സന്നദ്ദ സേവകർ, ,മയ്യിത്ത് പരിപാലനത്തിന് ഉള്ള കഫം പുടവ മറ്റ് അസംസ്കൃത സാധനങ്ങൾ മുഴുവനായി ടെക്സ്റ്റയിൻ അസോസിയേഷൻ സൗജനും ആയി നൽകിയത- പിന്നെ എന്താണ് ചിലവ്. ? കോടികൾ എങ്ങിനെ പോക്കറ്റിലാക്കാം എന്ന് ഗവേഷണം നടത്തുന്ന സർക്കാറിന് ഇത് പോലുള്ള കള്ള കണക്കും ആയിട്ട് ഇനിയൂവരും. നമ്മൾ ജനങ്ങൾ കഴുതകൾ , വെറുതെയല്ല എല്ലാ സേവകരെയും ഒഴിവാക്കി എല്ലാം ഞങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞ് നടന്നത് ജനങ്ങളുടെ ദുരിതം ഒരു അശ്വാസം ആണ് സർക്കാരിന്. ഇത് എത്ര പ്രാവശ്യം ആയി ? ദുരിതം ഒരു വലിയ ആശ്വാസമാണ് ഭരണാധികാരികൾക്ക്.. ഷാനവാസ് ബിഎ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post

എന്നാല്‍ യഥാര്‍ത്ഥത്തില്‍ 307 കോടി രൂപ ദുരിതാശ്വാസ ക്യാംപ് നടത്തിയതില്‍ ചെലവായെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ടോ? എന്തിന് വേണ്ടിയാണ് 10,000 രൂപ വീതം മരണപ്പെട്ടവരുടെ സംസ്കാരത്തിന് ചെലവാക്കിയത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ദുരിതാശ്വാസ ക്യാംപ് നടത്താന്‍ 307 കോടി രൂപ ചെലവായി എന്ന സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോയെന്നാണ് ഞങ്ങള്‍ അന്വേഷിച്ചത്. ഇതിനായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പി.എം.മനോജുമായി ഫോണില്‍ ബന്ധപ്പെട്ടു. വയനാടിനായി സര്‍ക്കാര്‍ ചെലവാക്കുന്ന തുക കൃത്യമായി സിഎംഡിആര്‍എഫില്‍ നിന്നും വിനിയോഗിക്കുന്നതാണ്. അതില്‍ നിന്നും ചെലവാകുന്ന തുക സിഎം‍ഡിആര്‍ഫ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തും. 2018, 19 ലെ പ്രളയവും പിന്നീട് വന്ന കോവിഡ് മഹാമാരികാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തുകയും വേര്‍തിരിച്ച് തന്നെയാണ് സിഎംഡിആര്‍എഫില്‍ വരവ് ചെലവുകള്‍ രേഖപ്പെടുത്തുന്നത്. ഇപ്പോള്‍ വയനാട് ദുരന്തത്തിന്‍റെയും പ്രത്യേകം കോളം തിരിച്ച് തന്നെ സിഎംഡിആര്‍ഫ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതുവരെ സര്‍ക്കാര്‍ ഈ തുക വിനിയോഗിച്ചിട്ടില്ലായെന്നും ദുരിതാശ്വാസ ക്യാംപിന്‍റെ പ്രവര്‍ത്തനത്തിനായി 307 കോടി രൂപ ചെലവായെന്ന പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ (സിഎംഡിആര്‍എഫ്) ഇതുവരെ വയനാടിനായി ലഭിച്ച തുകയും വിനിയോഗിച്ച തുകയും സിഎംഡിആര്‍എഫ് വെബ്‌സൈറ്റില്‍ ഞങ്ങള്‍ പരിശോധിച്ചു. 197.15 കോടി രൂപയാണ് ഇതുവരെ ചെലവായതായും വിനിയോഗിച്ച അഥവ അനുവദിച്ച തുക പൂജ്യമായുമാണ് രേഖപ്പെടുത്തിരിക്കുന്നത്. അടിയന്തരമായി ചെലവാക്കിയ തുക വെബ്സൈറ്റില്‍ ഇതുവരെ അപഡേറ്റ് ആയതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാ.

സിഎംഡിആര്‍എഫ് വെബ്സൈറ്റിലെ വിവരങ്ങള്‍ -

CMDRF Receipts & Allotments

മരണപ്പെട്ടവരുടെ സംസ്കാരത്തിന്‍റെ ചെലവിനായി 10,000 രൂപ വീതം നല്‍കിയതെന്തിന്?

ഇതെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഫൊര്‍മേഷന്‍ ആര്‍ഡ് പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് (I&PRD) നടത്തിയ ഫാക്‌ട് ചെക്ക് വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭ്യമായി. 10,000 രൂപ വീതം നല്‍കിയെതിനെ കുറിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ് -

വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾക്ക് ഒരാൾക്കു 10000 രൂപ ചെലവാക്കി എന്തിനാണ് ഈ 10,000 രൂപ ചെലവാക്കിയത് എന്നുള്ള രീതിയിൽ ഒരു വാട്ട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. ചടങ്ങുകൾക്ക് ആവശ്യമായ എല്ലാം സൗജന്യമായാണല്ലോ ലഭിച്ചത് പിന്നെ എന്തിനാണ് ഈ പൈസ ചെലവാക്കിയത് എന്നാണ് ഇവർ ഉന്നയിക്കുന്ന വാദം.

ദുരന്തം നടന്നതിന്റെ പിറ്റേ ദിവസം തന്നെ തിരിച്ചറിഞ്ഞ കുറെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇത് സംസ്കരിക്കുന്നതിനു വേണ്ടി മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് 10000 രൂപ വീതം സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ ഫണ്ടിൽ നിന്നും അനുവദിച്ചു. 179 പേരുടേതാണ് ഇത്തരത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾ. അതിൽ ആഗസ്ത് 17 വരെ 124 പേരുടെ ബന്ധുക്കൾക്ക് 10000 രൂപ നൽകിക്കഴിഞ്ഞു. ഇത് SDRF (സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ട്) നിന്നും നേരിട്ട് അനുവദിച്ച തുകയാണ്. അതാത് ജില്ലാ കളക്ടർമാർ വില്ലേജ് ഓഫീസർമാർ മുഖേനയാണ് ഈ തുക നൽകിയത്.

ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട് ക്യാമ്പിൽ കഴിയുന്ന എല്ലാ കുടുംബങ്ങൾക്കും അടിയന്തര സഹായമായി 10000 രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് ആഗസ്ത് ഒൻപതിനാണ്. ആഗസ്ത് 17 വരെ 617 കുടുംബങ്ങൾക്ക് ഇതിനകം സഹായം നൽകി കഴിഞ്ഞു.

ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 4 ലക്ഷം രൂപ ദുരന്തനിവാരണ വകുപ്പിന്റെ ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചേർത്ത് ആകെ 6 ലക്ഷം രൂപ ആഗസ്ത് 17 വരെ 12 ആളുകൾക്ക് നൽകി. ഇതുവഴി 72 ലക്ഷം രൂപ ചെലവഴിച്ചു.

ആയതിനാൽ മൃതദേഹം സംസ്കരിക്കാൻ 10,000 രൂപ ചെലവഴിച്ചു എന്നതിന്റെ അർഥം ആ തുക സംസ്കാരം നടത്തുന്നതിനായി മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകി എന്നാണ്.

I & PRD Fact Check Archived Link

നിഗമനം

ദുരിതാശ്വാസ ക്യാംപ് നടത്തിപ്പിനായി 307 കോടി രൂപ ചെലവായി എന്ന സര്‍ക്കാര്‍ അറിയിച്ചു എന്ന പ്രചരണം വ്യാജമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്ഥരീകരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ‍ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍ (എസ്‌ഡിആര്‍എഫ്) നിന്നും ദുരന്തം നടന്നതിന്‍റെ തൊട്ടടുത്ത ദിവസം കണ്ടെത്തിയ തിരച്ചറിഞ്ഞ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനായി 10,000 രൂപ വീതം മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് കൈമാറി. 179 പേരുടേതാണ് ഇത്തരത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾ. അതിൽ ആഗസ്ത് 17 വരെ 124 പേരുടെ ബന്ധുക്കൾക്ക് 10,000 രൂപ നൽകിയെന്നതാണ് വസ്‌തുത. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:വയനാട്ടിലെ ദുരിതാശ്വാസ ക്യാംപ് നടത്തിപ്പിന് 307 കോടി രൂപ ചെലവായി എന്ന പ്രചരണം വ്യാജം.. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ 10,000 രൂപ വീതം നല്‍കിയതാര്‍ക്ക്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: Misleading