വിവരണം

എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റി പകരം ചരക മഹര്‍ഷിയുടെ പേരിലുള്ള പ്രതിജ്ഞ ചൊല്ലാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചു എന്ന ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ശാം എം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹിപ്പോക്രാറ്റിക് ഓത്ത് അഥവ പ്രതിജ്ഞയ്ക്ക് പകരം ചരക ശപഥമാക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ Hippocratic oath, Charak shapadh എന്നീ കീവേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ട്രിബ്യൂണ്‍ ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ലേഖനം കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഇങ്ങനെയൊരു തീരുമാനം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ എടുത്തിട്ടില്ലായെന്നായിരുന്നു 2022 മാര്‍ച്ച് 29ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ നല്‍കിയിരിക്കുന്നത്. ഈ കാര്യം രാജ്യസഭയില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഭാരതി പവാര്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കതായും വാര്‍ത്തയില്‍ വിശദമാക്കിയിട്ടുണ്ട്.

ട്രിബ്യൂണ്‍ ഇന്ത്യാ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

Tribune India News Article

രാജ്യസഭയില്‍ കേന്ദ്ര മന്ത്രി നല്‍കിയ മറുപടി സംബന്ധിച്ച ആധികാരിക രേഖ രാജ്യസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ഡിജിറ്റല്‍ സന്‍സദില്‍ നിന്നും ഞങ്ങള്‍ ശേഖരിച്ചു. രാജ്യസഭ അംഗങ്ങളായ കുമാര്‍ കേട്കര്‍, രജനി അശോക്റാവോ പട്ടീല്‍, ഫൂലോ ദേവി നേതം, ജോണ്‍ ബ്രിട്ടാസ്, ജി.സി.ചന്ദ്രശേഖര്‍ എന്നിവരാണ് ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം ചരക ശപഥ് ആക്കാന്‍ തീരുമാനമുണ്ടോയെന്ന ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നല്‍കിയ വിശദീകരണം പ്രകാരം ഹിപ്പോക്രാറ്റിക് പ്രതി‍ജ്ഞയ്ക്ക് പകരം ചരക ശപഥാക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഭാരതി പവാര്‍ മറുപടി നല്‍കി.

രാജ്യസഭയില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി നല്‍കിയ മറുപടിയുടെ പകര്‍പ്പ് -

ഐഎംഎയുടെ പ്രതികരണം

നിലവില്‍ ഹിപ്പോക്രാറ്റിക് പ്രതിജ്ഞയില്‍ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ഘടകം ഭാരവാഹികളില്‍ ഒരാളായ ഡോ.സുല്‍ഫി.എന്‍ ആയി ഫോണില്‍ ബന്ധപ്പെട്ടു. ഹിപ്പോക്രാറ്റിക് പ്രതിജ്ഞ തന്നെയാണ് ഇപ്പോഴും എംബബിബിഎസ് വിദ്യാര്‍ത്ഥികള്‍ ചൊല്ലുന്നതെന്നും ഇതില്‍ മാറ്റമില്ലായെന്നും അദ്ദേഹം അറിയിച്ചു.

നിഗമനം

എംബിബിഎസ് വിദ്യാര്‍ത്ഥകള്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞ മാറ്റി ചരക ശപഥമാക്കി മാറ്റാനായി ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. രണ്ട് വര്‍ഷം മുന്‍പ് തന്നെ ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലായെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഭാരതി പവാര്‍ തന്നെ രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് മറുപടി നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞയ്ക്ക് പകരം ചരക ശപഥമാക്കിയോ.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: Misleading