ബംഗ്ലാദേശില്‍ സംവരണ ബില്ലിനെതിരെ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭം വലിയ കലാപത്തിലെത്തുകയും രാഷ്ട്രപതി ആയിരുന്ന ഷേഖ് ഹസീനക്ക് സ്വന്തം രാജ്യത്തു നിന്നും പലായനം ചെയ്യേണ്ടി വരികയും ചെയ്തു. ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് എതിരെ ഈ പശ്ചാത്തലത്തില്‍ വലിയ ആക്രമണങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ച് പല വീഡിയോകളും ചിത്രങ്ങളും വാര്‍ത്തകളും പലരും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ അവയില്‍ പലതിനുംകലാപവുമായി യാതൊരു ബന്ധവുമില്ലെന്ന് വസ്തുത പരിശോധനയില്‍ ഞങ്ങള്‍ കണ്ടെത്തിയിരുന്നു. രണ്ടുകൊല്ലം പഴക്കമുള്ള ഒരു വീഡിയോ ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.

പ്രചരണം

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥ എന്ന അടിക്കുറിപ്പില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ ഒരു വ്യക്തി ക്രൂരമായി ഏതാനുംപേരെ മര്‍ദ്ദിക്കുന്നത് കാണാം. അടികൊണ്ട് നിലത്തുവീണു കിടക്കുന്ന ആരും തിരിച്ച് പ്രതികരിക്കുന്നില്ല.

FB postarchived link

എന്നാല്‍ ഈ ദൃശ്യങ്ങള്‍ക്ക് ബംഗ്ലാദേശുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

സ്‌ക്രീൻഷോട്ടുകളിൽ ഒന്ന് ഉപയോഗിച്ച് ഗൂഗിൾ റിവേഴ്‌സ് ഇമേജ് തിരയൽ നടത്തിയപ്പോള്‍, ഇതേ വീഡിയോ 2022 ജൂലൈ 27 ന് എഎൻഐ ന്യൂസ് X പ്ലാറ്റ്ഫോമില്‍ അപ്‌ലോഡ് ചെയ്തതായി കണ്ടു. വീഡിയോ ബീഹാറിലെ വൈശാലിയിൽ നിന്നുള്ളതാണെന്ന് അടിക്കുറിപ്പ് സൂചിപ്പിക്കുന്നു. 'സന്യാസ വസ്ത്രം ധരിച്ച് ഭിക്ഷാടനം നടത്തുന്ന അന്യ മതവിഭാഗങ്ങളിൽപ്പെട്ടവരെ ബജ്‌റംഗ്ദളിലെ അംഗങ്ങൾ പിടികൂടി മർദ്ദിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അയായത് ഈ വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതാണ്. ബംഗ്ലാദേശുമായി യാതൊരു ബന്ധവുമില്ല.

സംഭവത്തെ കുറിച്ച് ആജ് തക് മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇങ്ങനെ: “ബിഹാറിലെ വൈശാലിയിൽ സാധുക്കളുടെ വേഷത്തിൽ ഭിക്ഷാടനം നടത്തിയ ആറുപേരെ ബജ്‌റംഗ്ദൾ പ്രവർത്തകർ പിടികൂടി. ഇവർ മറ്റൊരു മതത്തിൽ പെട്ടവരാണെന്ന് പറയപ്പെടുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ബജ്‌റംഗദല്‍ പ്രവര്‍ത്തകരാണ് ഇവരെ പിടികൂടിയത്. ഇവരെ മർദിച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുപിയിലെ ബഹ്റൈച്ച് ജില്ലയിൽ നിന്നാണ് സന്യാസ വേഷധാരികള്‍ എത്തിയത്. ഇവരിൽ നിന്ന് രണ്ട് ആധാർ കാർഡുകളും നാല് മൊബൈൽ ഫോണുകളും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ, തങ്ങൾ യുപിയിലെ ബഹ്‌റൈച്ച് ജില്ലക്കാരാണെന്നും സാവൻ മാസത്തിൽ കാളയുമായി ഭിക്ഷാടനം നടത്താറുണ്ടെന്നും പറഞ്ഞു. ഇവർ റോഹിങ്ക്യകളാണെന്നും ഗൂഢാലോചനയുടെ ഭാഗമായി കറങ്ങി നടക്കുന്നവരാണെന്നും ബജ്‌റംഗ്ദൾ നേതാവ് ആര്യൻ സിങ് ആരോപിച്ചു.”

2022 ജൂലൈ 29 ന് റെഡിഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പോലീസ് ഭാഷ്യം ചേര്‍ത്തിട്ടുണ്ട്. “ആക്രമണത്തിനിരയായ ആറുപേരെയും സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാത്തതിനാൽ വിട്ടയച്ചതായി ഹാജിപൂർ ടൗൺ പോലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള പോലീസ് ഓഫീസർ സുബോധ് സിംഗ് പറഞ്ഞു. അവർ ഒരു ക്രിമിനൽ നടപടിയിലും ഉൾപ്പെട്ടിട്ടില്ല, ഒരു നിയമവും ലംഘിച്ചിട്ടില്ല. ഇവരുടെ കൈവശമുണ്ടായിരുന്ന ആറ് കാളകളെയും പ്രാദേശിക ഗോശാലയിലേക്ക് അയച്ചു.

പവിത്രമായി കരുതപ്പെടുന്ന ബാസഹ കാളകളോടൊപ്പം സന്യാസ വേഷം ധരിച്ച് ഭിക്ഷ യാചിക്കുകയാണെന്ന് ഇവർ പോലീസിനെ അറിയിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. "ഐഡന്‍റിറ്റി വെളിപ്പെടുത്താൻ പോലീസ് അവരോട് ആവശ്യപ്പെട്ടപ്പോൾ അവർ അവരുടെ ആധാർ കാർഡുകൾ തെളിവായി കാണിച്ചു, ഒന്നും മറച്ചുവെച്ചില്ല," ഹാജിപൂർ പോലീസ് ഓഫീസർ പറഞ്ഞു. "അവരുടെ പുരാതന പാരമ്പര്യമനുസരിച്ച്, അവരുടെ പൂർവ്വികരും വിശുദ്ധ കാളകളുമായി യാചിച്ചിരുന്നതായി അവർ പറഞ്ഞു."

ആക്രമിച്ചതിനും സാമുദായിക സൗഹാർദം തകർത്തതിനും ബജ്‌റംഗ്ദൾ അംഗം വീർ കുമാർ സിങ്ങിനും മറ്റ് അര ഡസൻ അജ്ഞാതർക്കും എതിരെ ഹാജിപൂർ പോലീസ് കേസെടുത്തു. ആക്രമണത്തിനിരയായ കരീം അഹമ്മദ് (38), സയ്യിദ് അലി (40), ഹസൻ (30), മെഹബൂബ് (32), ഹലീം അഹമ്മദ് (35), സുബ്രതി (30) എന്നിവരെ ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയില്‍ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

വൈശാലി ജില്ലയുടെ ആസ്ഥാനമായ ഹാജിപൂരിൽ എത്തുന്നതിന് മുമ്പ് ഭിക്ഷാടനത്തിനായി നളന്ദ ജില്ലയിലെ ഹർനൗട്ടിൽ എത്തിയിരുന്നതായി ഇവർ പോലീസിനോട് പറഞ്ഞു. നളന്ദയിൽ നിന്ന് ഹാജിപൂരിലേക്ക് പിക്ക് അപ്പ് വാനിൽ ബസഹ കാളകളെ കയറ്റിയെന്നും ഭിക്ഷാടനത്തിൽ നിന്ന് മാന്യമായ തുക സ്വരൂപിച്ച ശേഷം ഹാജിപൂരിൽ നിന്ന് യുപിയിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിരുന്നതായും ഇവർ പോലീസിനോട് പറഞ്ഞു.

കാവി വസ്ത്രം ധരിച്ച മുസ്ലീം പുരുഷന്മാർ വർഷങ്ങളായി ബാസഹ കാളകളുമായി ഭിക്ഷാടനം നടത്തുന്നുണ്ടെന്ന് ഹാജിപൂർ നിവാസിയായ പ്രായംചെന്ന മംഗു യാദവ് പറഞ്ഞു. “ഭഗവാൻ ശിവന്‍റെ പേരിൽ യാചിച്ചും ബഹുമാനവും സ്നേഹവും കാണിച്ചും ഉപജീവനമാർഗം കണ്ടെത്തുകയാണെന്ന് അവർ കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്നോട് പറഞ്ഞിരുന്നു,” യാദവ് അനുസ്മരിച്ചു. ഹാജിപൂരിലെ മറ്റൊരു നിവാസിയായ ഷംഷാദ് ആലം ​​പയുന്നത്, ഷാ അല്ലെങ്കിൽ സായ് സമുദായങ്ങളിൽ പെട്ട മുസ്ലീങ്ങൾ (ഭിക്ഷാടക ജാതികൾ എന്ന് വിളിക്കപ്പെടുന്നവർ) വർഷങ്ങളായി ബീഹാറിലും അങ്ങനെ ചെയ്യുന്നുണ്ട്. ഇവരിൽ പലരും ഹിന്ദു ദൈവങ്ങളുടെ പേരിൽ ഭജനകൾ പാടുകയും യാചിക്കുകയും ചെയ്യുന്നു, ആലം കൂട്ടിച്ചേർത്തു.

പല മാധ്യമങ്ങളും സംഭവത്തെ കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നു.2022 ല്‍ ബിഹാറില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണിത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നു എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ 2022 ജൂലൈയില്‍ ബിഹാറില്‍ നടന്ന സംഭവത്തിന്‍റെതാണ്. ഹിന്ദു സന്യാസ വേഷം ധരിച്ച് ഭിക്ഷ യാചിക്കാനിറങ്ങിയ മുസ്ലിങ്ങള്‍ എന്നാരോപിച്ചാണ് ബജ്രംഗദല്‍ പ്രവര്‍ത്തകര്‍ ഇവരെ മര്‍ദ്ദിച്ചത്. സംഭവത്തിന് ബംഗ്ലാദേശുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബിഹാറില്‍ 2022ല്‍ നടന്ന മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ ബംഗ്ലാദേശിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു...

Fact Check By: Vasuki S

Result: False