മകളുടെ വിവാഹത്തോടനുബന്ധിച്ച് സിനിമാതാരവും മുന്‍ രാജ്യസഭ അംഗവുമായ സുരേഷ് ഗോപി തൃശ്ശൂരിലെ ലൂർദ് പള്ളിയിലെ മാതാവിന് സമർപ്പിച്ച കിരീടത്തെ ചൊല്ലി ഇപ്പോൾ പല വിവാദ ചർച്ചകളും നടക്കുകയാണ്.

സുരേഷ് ഗോപി കാണിക്കയായി സമർപ്പിച്ച കിരീടം സ്വർണമല്ലെന്നും ചെമ്പാണെന്നും അത് പരിശോധിക്കണമെന്നും വാദങ്ങൾ ഉയർന്നുവരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയപ്പോൾ സമ്മാനമായി നൽകിയ സ്വർണ്ണത്തളികയെ ചൊല്ലി മറ്റൊരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.

പ്രചരണം

പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയ തളിക ചെമ്പ് അല്ലെന്നും സ്വർണമാണെന്നും സുരേഷ് ഗോപി വിശദീകരിച്ചതായി വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്.

FB postarchived link

എന്നാല്‍ വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ന്യൂസ് കാർഡിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ഏഷ്യാനെറ്റ് ഓൺലൈൻ പതിപ്പ് തിരഞ്ഞപ്പോൾ വ്യാജ വാർത്തയാണിത് എന്നു വ്യക്തമാക്കി അവർ തന്നെ പ്രസിദ്ധീകരിച്ച ലേഖനം ലഭിച്ചു.

“സിനിമാ താരവും ബിജെപി ലോക് സഭാ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി പ്രധാനമന്ത്രിക്ക് നൽകിയ തളികയെ ചൊല്ലി ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ വ്യാജപ്രചാരണം. നേരത്തെ തൃശൂരിലെ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിന്റെ സ്വർണത്തിന്റെ അളവിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലടക്കം ചർച്ച വൈറലാവുന്നതിനിടയിലാണ് ഏഷ്യാനെറ്റിന്റെ പേരിൽ വ്യാജ പ്രചരണം.

എന്നാൽ കിരീട വിവാദവുമായി ബന്ധപ്പെട്ട് ഇത്തരമൊരു വാർത്ത ഏഷ്യാനെറ്റ് ന്യൂസ് നൽകിയിട്ടില്ല.” എന്നാണ് ലേഖനത്തിന്‍റെ ഉള്ളടക്കം. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി 16,2024 ൽ ഏഷ്യാനെറ്റ് ലേഖനത്തില്‍ സുരേഷ് ഗോപി മോദിക്ക് സ്വര്‍ണ്ണ തളികസമ്മാനിച്ചതിനെ കുറിച്ച് ചിത്രവും വാര്‍ത്തയും കൊടുത്തിട്ടുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന കാര്‍ഡില്‍ തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥർ പരിശോധിച്ചു എന്ന വാചകം കാണാം. യഥാര്‍ത്ഥ ന്യൂസ് കാര്‍ഡില്‍ ഈ വാചകമുണ്ട്. സ്വർണ്ണ തളികയുടെ ചിത്രം യഥാര്‍ത്ഥ ന്യൂസ് കാര്‍ഡിലേത് തന്നെയാണ്. ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജില്‍ ഇത് ലഭ്യമാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയ തളിക ചെമ്പ് അല്ലെന്നും സ്വർണമാണെന്നും സുരേഷ് ഗോപി വിശദീകരിച്ചതായി വാര്‍ത്ത പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡ് വ്യാജമാണ്. ഇങ്ങനെയൊരു വാര്‍ത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ലോഗോയും പേരും ദുരുപയോഗം ചെയ്ത് വ്യാജ പ്രചരണം നടത്തുകയാണെന്നും ഏഷ്യാനെറ്റ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സുരേഷ് ഗോപി പ്രധാനമന്ത്രിക്ക് നല്‍കിയ സ്വര്‍ണ്ണ തളികയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡ് വ്യാജം...

Fact Check By: Vasuki S

Result: ALTERED