മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളി തീവെച്ചതിന് പിടിയിലായവരുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..
വിവരണം
മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ എന്ന അവകാശവാദം ഉന്നയിച്ച് ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാരപകമായി പ്രചരിക്കുകയാണ്. മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളിക്ക് തീവെച്ച ബംഗ്ലാദേശ് കേന്ദ്രമായ മുസ്‌ലിം ഭീകരരുടെ ചിത്രമെന്നതാണ് തലക്കെട്ട്. നാല് പേരെ പോലീസിന്‍റെയും സേനയുടെ സാന്നിദ്ധ്യത്തില്‍ ഹാജരാക്കിയിരിക്കുന്ന ചിത്രമാണിത്.
സുഡാപ്പികളുടെയും , കമ്മികളുടെയും സന്തോഷം കണ്ടപ്പോഴെ തോന്നി എന്തോ വലുത് വരുന്നുണ്ടെന്ന്. മണിപ്പൂരിൽ ക്രിസ്ത്യൻ പള്ളിക്ക് തീ വച്ചത് ബംഗ്ലാദേശ് കേന്ദ്രമായ മുസ്ലീം ഭീകര സംഘടന. ഇതിന്റെ നിയന്ത്രണവും , ഫണ്ടിംഗും ദുബായിൽ നിന്ന്. പിടികൂടിയവരിൽ നിന്ന് ലഭിച്ച ഫോണിൽ കേരളത്തിലെ പലരുടെയും നമ്പറുകള്‍.. എന്ന തലക്കെട്ട് നല്‍കി രമിത്ത് മൈ ഇന്ത്യാ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിന് നിരവധി ലൈക്കുകളും റീട്വിറ്റുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളി കത്തിച്ചതിന് പിടിയിലായ ബംഗ്ലാദേശ് ഭീകരരുടെ ചിത്രമാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. ഈസ്റ്റ് മോജോ എന്ന മാധ്യമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പിടിയിലായവര്‍ നിരോധിത സംഘടനയായ നാഷണല്‍ റെവല്യൂഷണറി ഫ്രണ്ട് ഓഫ് മണിപ്പൂരിന്‍റെ (എന്‍ആര്‍എഫ്എം) പ്രവര്‍ത്തകരാണ്. മണിപ്പൂരിലെ മാവോയിസ്റ്റ് സംഘടനയില്‍ നിന്നും തെറ്റ് പിരിഞ്ഞ് രൂപീകരിച്ച മറ്റൊരു തീവ്ര ഇടത് സംഘടനയാണ് എന്‍ആര്‍എഫ്എം. ആസാം റൈഫിള്‍സും പോലീസും നടത്തിയ ദൗത്യത്തിലാണ് ഇവരെ പിടികൂടിയത്. 2022 ഓഗസ്റ്റ് രണ്ടിനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് ഒരു വര്‍ഷം മുന്‍പായിരുന്നു സംഘത്തെ പിടികൂടിയത്.
ഈസ്റ്റ് മോജോ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത സ്ക്രീന്‍ഷോട്ട്-
നിഗമനം
നിരോധിത തീവ്ര ഇടത് സംഘടനയായ എന്‍ആര്‍എഫ്എം പ്രവര്‍ത്തകരെ 2022ല്‍ ആസാം റൈഫിളും പോലീസും സംയുക്തമായി പിടികൂടിയപ്പോഴുള്ള ചിത്രമാണ് തെറ്റായ തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളി തീവെച്ചതിന് പിടിയിലായവരുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..
Written By: Dewin CarlosResult: Partly False