FACT CHECK: ഓക്സിജൻ സിലിണ്ടറുകളുമായി സേവാഭാരതി പ്രവർത്തകർ ഉത്തരേന്ത്യയിലേക്ക് പോകുന്നു എന്ന് പ്രചരിപ്പിക്കുന്ന ഈ ചിത്രം രണ്ടുകൊല്ലം പഴയതാണ്...
പ്രചരണം
അപകടകരമായ രീതിയില്‍ രാജ്യം മുഴുവന്‍ വീണ്ടും പടര്‍ന്നു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരി വാര്‍ത്തകളില്‍ ഓക്സിജൻ ക്ഷാമത്തെ കുറിച്ചും അതുമൂലം ജീവന്‍ നഷ്ടപ്പെടുന്ന രോഗികളെ കുറിച്ചും ദയനീയമായ റിപ്പോര്‍ട്ടുകള്‍ ആണുള്ളത്. ഓക്സിജൻ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങളിൽ എത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ അടിയന്തിര നടപടികൾ സ്വീകരിക്കുന്നുണ്ട്.
ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. നാട്ടിൽ എന്തെങ്കിലും ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സംഘപരിവാറിന്‍റെ പോഷക സംഘടനയായ സേവാഭാരതി പല സേവനങ്ങളും നൽകുന്നതായി നമ്മൾ വാർത്തകളിലൂടെ അറിയാറുണ്ട്. സേവാഭാരതി ഓക്സിജൻ സിലിണ്ടറുകളുമായി ഉത്തരേന്ത്യയിലേക്ക് പോകുന്നു എന്നാണ് ഇപ്പോൾ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന പ്രചരണം. ഇതിനു തെളിവായി സേവാഭാരതി പയ്യന്നൂർ ജില്ല എന്ന് ബാനർ വലിച്ചുകെട്ടിയ ചരക്കുലോറിയുടെ ചിത്രവും ഒപ്പം നൽകിയിരിക്കുന്നുണ്ട്. ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെ: “കോവിഡ് പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യയിലേക്ക് ശാഖയിൽ നിർമ്മിച്ച ഓക്സിജൻ സിലിണ്ടറുകളുമായി സേവാഭാരതി പ്രവർത്തകർ,
നല്ലത് ആര് ചെയ്താലും അംഗീകരിക്കണം,
കേരളത്തിലെ പുതിയ ജില്ലയായ പയ്യന്നൂർ ജില്ലയിലെ സേവാഭാരതി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ⚘🌷”
സേവാഭാരതി ഉത്തരേന്ത്യയിലേക്ക് ഓക്സിജൻ സിലിണ്ടറുകളുമായി പോകുന്നു എന്നാണ് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്. പയ്യന്നൂർ എന്ന പുതിയ പുതിയ ജില്ലയിലെ സേവാഭാരതി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ എന്ന് പോസ്റ്റിലൂടെ പരിഹാസ രൂപയാണ് പറഞ്ഞിരിക്കുന്നത്. ഞങ്ങൾ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ശ്രദ്ധയിൽപെട്ട വസ്തുതകൾ ഇവിടെ പങ്കുവെയ്ക്കാം.
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് 2018 മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ലഭ്യമായ ചിത്രമാണ് എന്ന് വ്യക്തമായി. കാരണം ഈ ചിത്രത്തിനെ പരിഹസിച്ചു കൊണ്ട് ചെയ്ത മറ്റൊരു പോസ്റ്റ് ഇവിടെ നിങ്ങളുടെ അറിവിലേക്കായി നൽകുകയാണ്.
പയ്യന്നൂർ ജില്ല എന്ന് ബാനറിൽ എഴുതിയിരിക്കുന്നതെന്ന് പരിഹരിച്ചാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 2018 ഓഗസ്റ്റ് 24നാണ് ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രചരണത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ തൃശ്ശൂർ ആസ്ഥാനമായുള്ള സേവാഭാരതിയുടെ സംസ്ഥാന ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ഓഫീസ് സെക്രട്ടറി ജിതിൻ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “ഇത് 2018 പ്രളയകാലത്ത് സേവാഭാരതി പ്രളയ ദുരിതത്തിൽ അകപ്പെട്ടവർക്ക് എത്തിക്കാൻ അവശ്യവസ്തുക്കളുമായി പുറപ്പെട്ട ലോറിയുടെ ചിത്രമാണ്. പയ്യന്നൂർ ജില്ല എന്ന് എഴുതിയിരിക്കുന്നതിന് കാരണം പറയാം. കണ്ണൂര്‍ എന്ന ജില്ലയില്‍ തന്നെ രണ്ടോ മൂന്നോ സംഘജില്ലകള്‍ ഉണ്ടാകും. ഉദാഹരണത്തിന് സര്‍ക്കാര്‍ ഓരോ ജില്ലകളെയും വിദ്യാഭാസ അടിസ്ഥാനത്തില്‍ പല ജില്ലകളായി തിരിക്കാറില്ലേ. തൃശൂര്‍ തന്നെ വിദ്യാഭാസ ജില്ലകള്‍ അങ്ങനെ പലത് ഉണ്ടാകും. അതുപോലെ തന്നെ കണ്ണൂരിലെ ഒരു സംഘജില്ലയാണ് പയ്യന്നൂർ. അതിനാലാണ് അങ്ങനെ എഴുതിയിരിക്കുന്നത്. സംഘവുമായി ബന്ധപ്പെട്ടവര്‍ക്ക് ഇത് അറിയാം. മറ്റുള്ളവര്‍ക്ക് ഇത് കണ്ടാല്‍ ചിന്താക്കുഴപ്പം ഉണ്ടായേക്കാം. ഈ ചിത്രം ഏതായാലും 2018 ലേതാണ്. ഇതുപയോഗിച്ച് ദുഷ്പ്രചരണം നടത്തുകയാണ്.”
2018ലെ ഫോട്ടോ ഉപയോഗിച്ച് ഇപ്പോൾ സേവാഭാരതിക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണ്. 2018 പ്രളയകാലത്ത് പ്രളയബാധിതരെ സഹായിക്കാൻ പുറപ്പെട്ട സേവാഭാരതി ലോറിയുടെ ചിത്രമാണ് മറ്റൊരുതരത്തിൽ പ്രചരിപ്പിക്കുന്നത്.
നിഗമനം
പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്. സേവാഭാരതി ഉത്തരേന്ത്യയിലേക്ക് ഓക്സിജൻ സിലിണ്ടറുകളുമായി പുറപ്പെടുന്നു എന്ന പേരിൽ നൽകിയിരിക്കുന്ന ചിത്രം 2018 പ്രളയകാലത്ത് സേവാഭാരതി പ്രളയ ബാധിതർക്ക് അവശ്യ സാധനങ്ങൾ നൽകാൻ പുറപ്പെട്ട വേളയിലേതാണ്. 2018 മുതൽ ഈ ചിത്രം ഇൻറർനെറ്റില്‍ ലഭ്യമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ഓക്സിജൻ സിലിണ്ടറുകളുമായി സേവാഭാരതി പ്രവർത്തകർ ഉത്തരേന്ത്യയിലേക്ക് പോകുന്നു എന്ന് പ്രചരിപ്പിക്കുന്ന ഈ ചിത്രം രണ്ടുകൊല്ലം പഴയതാണ്...
Fact Check By: Vasuki SResult: False