
വിവരണം
രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ജോഡോ യാത്ര കേരളത്തില്‍ പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ എത്തി നില്‍ക്കുകയാണ്. ഇതിനിടയില്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും യാത്രയെ കുറിച്ച് പ്രചരിക്കുന്നുണ്ട്. ജോഡോ യാത്ര കടന്നു പോയ തിരുവനന്തപുരത്തെ ചായക്കടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയെന്ന കടയുടമയുടെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പത്തും പതിനഞ്ചും പേര്‍ കൂട്ടമായി കടയിലെത്തി 15 ചായയും അത്രയും തന്നെ വടയും പറഞ്ഞ ശേഷം മൂന്നോ നാലോ പേര്‍ പണം തരുകയും ബാക്കിയുള്ളവര്‍ കഴിച്ച ശേഷം പണം നല്‍കാമെന്നും കടയുടമായോട് പറഞ്ഞു. എന്നാല്‍ കഴിച്ച ശേഷം ഇവര്‍ ദൂരത്ത് നേതാക്കള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് ചൂണ്ടിക്കാണിച്ച ശേഷം പണം അണ്ണന്‍ നല്‍കുമെന്ന് പറഞ്ഞ് മുങ്ങിയെന്നും കടയുടമ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയുടെ വീഡിയോയില്‍ ഭാരത് ജോഡോ യാത്ര കടന്ന് പോകുന്ന സ്ഥലമെന്നും എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്. രമേശ് നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം റിയാക്ഷനുകളും 2,900ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഭാരത് ജോഡോ യാത്ര കടന്ന് പോയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ചായക്കടയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ കടന്നു കളഞ്ഞിട്ടുണ്ടോ? അതെ കുറിച്ച് ഹോട്ടല്‍ ഉടമ പരാതി പറയുന്ന വീഡിയോയാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.
വസ്‌തുത വിശകലനം
പ്രചരിക്കുന്ന വീഡിയോ കീഫ്രെയിമുകളായി സെര്‍ച്ച് ചെയ്തതില്‍ നിന്നും യഥാര്‍ത്ഥ സംഭവത്തിന്‍റെ വാര്‍ത്ത റിപ്പോര്‍ട്ട് യൂട്യൂബില്‍ നിന്നും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. 2019 ജൂലൈ 24ന് തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യൂണിവേഴ്‌സിറ്റി കോളജ് സമരത്തിന് പങ്കെടുക്കാന്‍ എത്തിയ പ്രവര്‍ത്തകരാണ് സമീപമുള്ള പ്രസ് ക്ലബ് ക്യാന്‍റീനില്‍ നിന്നും ചെറുകടികള്‍ ആവശ്യത്തിന് വാങ്ങി കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയതെന്ന് കൗമുദി ടിവിയും മനോരമ ന്യൂസും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദിലീപ് എന്ന വ്യക്തി നടത്തുന്ന കടയില്‍ നിന്നുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭക്ഷണം കഴിച്ച ശേഷം നേതാക്കളെ ചൂണ്ടിക്കാണിച്ച് കാശ് അണ്ണന്‍ തരുമെന്ന് പറഞ്ഞ് മുങ്ങിയത്. ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്തിരുന്നു.
അതെ സമയം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഭാരത് ജോഡോ യാത്രയുടെ പേരില്‍ പ്രചരിക്കുന്ന ഇതെ വീഡിയോ മനോരമ ന്യൂസ് 2019ല്‍ നല്‍കിയ വാര്‍ത്തയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മനോരമ ന്യൂസ് വെബ്‌സൈറ്റില്‍ നിന്നും യൂട്യൂബ് ചാനലില്‍ നിന്നും ഈ വീഡിയോ നീക്കം ചെയ്തതായിട്ടാണ് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്.
കൗമുദി ന്യൂസ് സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വീഡിയോ-
കൗമുദി ന്യൂസ് വാര്‍ത്ത വൈറലായതോടെ നല്‍കിയ റിപ്പോര്‍ട്ട്-
മനോരമ ന്യൂസ് വെബ്‌സൈറ്റില്‍ നിന്നും വാര്‍ത്ത നീക്കം ചെയ്തതായി കാണാം-

നിഗമനം
2019ല്‍ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയ പ്രവര്‍ത്തകര്‍ സമീപമുള്ള കടയില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയ സംഭവത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ ഭാരത് ജോഡോ യാത്രയുടെ പേരില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കും വിധമാണെന്ന് തന്നെ അനുമാനിക്കാം.

Title:ഭാരത് ജോഡോ യാത്രയ്ക്ക് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചായക്കടയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത..
Fact Check By: Dewin CarlosResult: Misleading
