ഹരിയാനയില്‍ ബിജെപി സ്ഥാനാര്‍ഥിയെ കര്‍ഷകര്‍ ആക്രമിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ 2021ല്‍ നടന്ന ഒരു സംഭവത്തിന്‍റെതാണെന്നും കുടാതെ നിലവിലെ ലോകസഭ തെരഞ്ഞെടുപ്പുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവമെന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വാഹനത്തിന് നേരെ പ്രതിഷേധകര്‍ ആക്രമണം നടത്തുന്നതായി കാണാം. വീഡിയോയില്‍ സംഭവം ഹരിയാനയിലെ സിര്‍സയില്‍ നടന്നതാണ് എന്ന് എഴുതി കാണിക്കുന്നു. സംഭവത്തെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

ഹരിയാനയിൽ ബിജെപി സ്ഥാനാർഥിക്ക് കർഷകർ കൊടുക്കുന്ന സ്വീകരണം....😁

ഏതാണ്ട് ഇതുപോലൊക്കെയാണ് നോർത്ത് ഇൻഡ്യയിൽ മിക്ക ഇടങ്ങളിലും...

ED,CBI, ഇലക്‌ഷൻ കമ്മീഷൻ ഇവയുടെ സഹായമില്ലാതെ ബിജെപി ജയിക്കുക എന്നത് അത്ര എളുപ്പമല്ല...

എന്നാല്‍ ഈ സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോ ശ്രദ്ധിച്ച് നോക്കിയാല്‍ വീഡിയോയില്‍ ഭാരത്‌ ന്യൂസ്‌ PB ന്യൂസ്‌ എന്ന ചാനലുകളുടെ പേരുകള്‍ നമുക്ക് കാണാം. ഈ ചാനലുകളുടെ പേരും വീഡിയോയില്‍ കാണുന്ന സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പഹറെദാര്‍ ഭാരത്‌ ന്യൂസ്‌ എന്ന യുട്യൂബ് ചാനലില്‍ ഈ വീഡിയോ ലഭിച്ചു. ഈ വീഡിയോ പ്രസിദ്ധികരിച്ചത് ജൂലൈ 2021ലാണ് കുടാതെ വീഡിയോയുടെ തലക്കെട്ട് പ്രകാരം ഈ വീഡിയോ കര്‍ഷക സമരത്തിനിടെ ഹരിയാനയിലെ സി൪സയില്‍ ഹരിയാന നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ രന്‍ബീര്‍ ഗംഗവായ്ക്ക് നേരെ നടന്ന ആക്രമണത്തിന്‍റെതാണ്.

വീഡിയോ കാണാന്‍ - YouTube | Archived

ഈ വീഡിയോയില്‍ നല്‍കിയ വിവരണങ്ങള്‍ വെച്ച് ഞങ്ങള്‍ ഓണ്‍ലൈന്‍ വാര്‍ത്തകള്‍ അന്വേഷിച്ചു. ഇന്ത്യ ടുഡേയുടെ വാര്‍ത്ത‍ പ്രകാരം 2021ല്‍ കര്‍ഷക സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഹരിയാനയില്‍ ബിജെപിക്കെതിരെ വന്‍ പ്രതിഷേധമാണ് നടന്നിരുന്നത്. ഇതിനിടെ 11 ജൂലൈ 2021ന് ഹരിയാനയുടെ സി൪സയില്‍ ബിജെപി ഒരു സംസ്ഥാന യോഗം സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഹരിയാന ഡെപ്യൂട്ടി സ്പീക്കര്‍ രന്‍ബീര്‍ ഗംഗവായുടെ വാഹനത്തിന് നേരെ ചിലര്‍ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ വാഹനത്തിലുള്ള ആര്‍ക്കും ഒന്നും സംഭവിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

ഇതിനെ തുടര്‍ന്ന് ഹരിയാന പോലീസ് 5 പേരെ അറസ്റ്റ് ചെയ്ത് അവര്‍ക്കെതിരെ രാജ്യദ്രോഹ കേസ് എടുത്തിരുന്നു. ലൈവ് ലോ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ പ്രകാരം ജൂലൈ 24 2021ന് ഈ 5 കര്‍ഷകരെ സിര്‍സയിലെ സെഷന്‍സ് കോടതി ജാമ്യം നല്‍കി. ജാമ്യം നല്‍കുമ്പോള്‍ ഇവര്‍ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത് സംശയാസ്പമാണെന്ന് കോടതി നിരീക്ഷിച്ചു.

നിഗമനം

ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തിനെ ജനങ്ങള്‍ ആക്രമിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ 2.5 കൊല്ലം പഴയതാണ്. ജൂലൈ 2021ല്‍ ഹരിയാനയിലെ ഡെപ്യൂട്ടി സ്പീക്കര്‍ രന്‍ബീര്‍ ഗംഗവായ്ക്ക് നേരെ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഈ സംഭവത്തിന് നിലവില്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണവുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഹരിയാനയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയുടെ വാഹനത്തിന് നേരെ ജനങ്ങളുടെ ആക്രമണത്തിന്‍റെ വീഡിയോയാണോ ഇത്? സത്യാവസ്ഥ അറിയൂ...

Fact Check By: K. Mukundan

Result: Misleading