വിവരണം

സിപിഎമ്മിന്‍റെ ഒരു സമ്മേളന പ്രചാരണ കാവടമാണ് സമൂഹമാധ്യമങ്ങലില്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. പൊതുവെ മുസ്‌ലിം ലീഗിന് സ്വാധീനമുള്ള മലപ്പുറം ജില്ലയില്‍ വരുമ്പോള്‍ സിപിഎമ്മും അവരുടെ രാഷ്ട്രീയ രീതികള്‍ മാറുന്നു എന്നും ചുവപ്പിന് പകരം പച്ചനിറത്തിലുള്ള പ്രാചരണ ബോര്‍‍ഡുകളും ഫ്ലക്‌സുകളും സ്ഥാപിക്കുന്നു എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രചരിക്കുന്നത്. സിപിഎം എടക്കര ഏരിയ സമ്മേളനത്തിനോട് അനുബന്ധിച്ച് പ്രചരണാര്‍ത്ഥം സ്ഥാപിച്ച ഒരു കാവടത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇരുവശവും പച്ച നിറമുള്ള തൂണും ഇ.കെ.നായനാര്‍, പി.കൃഷ്ണപിള്ള, എ.കെ.ജി, ഇഎംഎസ്, ഫിദല്‍ കാസ്ടോ എന്നീ നേതാക്കളുടെ ചിത്രം ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ പച്ച നിറുമുള്ള ഫ്ലക്‌സില്‍ അച്ചടിച്ചാണ് സ്ഥാപിച്ചിരിക്കുന്നത് എന്നാണ് അവകാശവാദം.

അസ്സലാമു അലൈകും, ദീനുൽ സിപിഎമ്മിന്റെ മലപ്പുറം എടക്കര സമ്മേളനം നവംബർ 13,14 തീയതികളിൽ ഷെയ്ഖ് പിണറായി ഉത്ഘാടനം ചെയ്യുന്നതായിരിക്കും. ജനാബ്. തോമസ് ഐഷൈക്ക്, ഷയ്ക്ക് സി. തോമസ്, എന്നിവർ സംസാരിക്കും. സാംസ്കാരിക സമ്മേളനത്തോട് അനുബന്ധിച്ചു "മാണിക്യ മലരായ മാർക്സ്" എന്ന സംഗീത നാടകം പെരിന്തൽമണ്ണ മുഹബ്ബത്ത് നാടക വേദി അവതരിപ്പിക്കുന്നു. സമാപന സമ്മേളനത്തോട് അനുബന്ധിച്ചു നടക്കുന്ന ഗ്രീൻ ഗാർഡ് പരേഡ് ജനാബ് ഷംസീർ സാഹിബ് നയിക്കും എന്ന തലക്കെട്ട് നല്‍കി ഹാരിസ് അറബി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പച്ചനിറത്തിലുള്ള പ്രചാരണ ബോര്‍ഡുകള്‍ തന്നെയാണോ സിപിഎം മലപ്പുറം ജില്ലയില്‍ സ്ഥാപിച്ചത്? പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വസ്‌തുത എന്തെന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വസ്‌തുത എന്താണെന്ന് അറിയാന്‍ ഫാക്ട് ക്രെസെന്‍ഡോ മലയാളം സിപിഎം എടക്കര (മലപ്പുറം, നിലമ്പൂര്‍) ഏരിയ കമ്മിറ്റി ഓഫിസില്‍ ബന്ധപ്പെട്ടു. സമൂഹമാധ്യമങ്ങളിലെ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി ഇപ്രകാരമാണ്-

2021 നവംബര്‍ 13, 14 തീയതികളില്‍ പോത്തുകല്ല് എന്ന സ്ഥലത്ത് നടന്ന സിപിഎം എടക്കര ഏരിയ സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം സിപിഎം ഉപ്പട ബ്രാഞ്ച് സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡുകളുടെ ചിത്രം ഉപയോഗിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നത്. 2021ല്‍ ചുവന്ന നിറത്തില്‍ സ്ഥാപിച്ച ഫ്ലക്‌സുകള്‍ രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ നരിച്ച് നിറം മങ്ങി. മഞ്ഞയോ പച്ചയോ ചേര്‍ന്ന തരത്തിലാണ് ഇപ്പോള്‍ ഫ്ലക്‌സ് ബോര്‍ഡിന്‍റെ നിറം. തൂണില്‍ സ്ഥാപിച്ച ഫ്ലാക്‌സുകള്‍ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു. 2022 ലോക കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ആരംഭിച്ചതോടെ ബ്രസീല്‍ ടീമിന്‍റെ ആരാധകര്‍ തൂണുകള്‍ക്ക് മഞ്ഞയും പച്ചയും നിറം നല്‍കിയിരുന്നു. ഇതും സിപിഎം പ്രചരണ ബോര്‍ഡ‍ുകളുമായി യാതൊരു ബന്ധവുമില്ലായെന്നും എടക്കര ഏരിയ കമ്മിറ്റി ഓഫിസ് പ്രതിനിധി പറഞ്ഞു. കൂടാതെ 2021ല്‍ പ്രചരണ കവാടം സ്ഥാപിച്ച ശേഷം അന്ന് പകര്‍ത്തിയ ചിത്രവും സ്ഥിരീകരണത്തിനായി ഞങ്ങള്‍ക്ക് നല്‍കി.

2021ല്‍ കവാടത്തില്‍ ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച ശേഷമുള്ള യഥാര്‍ത്ഥ ചിത്രം-

സിപിഎം മലപ്പുറം ജില്ലയില്‍ പച്ച നിറത്തിലുള്ള പ്രചരണ ബോര്‍ഡ് സ്ഥാപിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്നും 2021 നവംബര്‍ 13, 14ല്‍ നടന്ന സമ്മേളനത്തിന്‍റെ ബോര്‍ഡ് തന്നെയാണിതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. മാത്രമല്ലാ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം പകര്‍ത്തിയിരിക്കുന്ന തീതയതിയും ചിത്രത്തില്‍ വാട്ടര്‍ മാര്‍ക്കായി കാണാന്‍ കഴിയും. 2023 ജൂലൈ 23നാണ് ചിത്രം പകര്‍ത്തിയതും പിന്നീട് ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതെന്നും വ്യക്തമാണ്.

ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം-

നിഗമനം

സിപിഎം മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ എടക്കര ഏരിയ സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം 2021ല്‍ സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡിന്‍റെ ചിത്രമാണ് തെറ്റായ തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. രണ്ട് വര്‍ഷം പഴക്കമുള്ള ഫ്ല‌ക്‌സ് ബോര്‍ഡ് നിറം മങ്ങിയ ശേഷമുള്ള ഇപ്പോഴത്തെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചരണം

തെറ്റ്ദ്ധരിപ്പിക്കും വിധമുള്ളതാണെന്ന് അനുമാനിക്കാം.ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സിപിഎം മലപ്പുറം ജില്ലയില്‍ ഏരിയ സമ്മേളനത്തിന് സ്ഥാപിച്ച ഈ ഫ്ലക്‌സ് ബോര്‍ഡിന് നല്‍കിയ നിറം പച്ചയോ? വസ്‌തുത ഇതാണ്..

Written By: Dewin Carlos

Result: Misleading