തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംഘികള്‍ ഡല്‍ഹിയില്‍ അക്രമം നടത്തുന്നു..? പ്രചരിക്കുന്നത് മുംബൈയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

False ദേശീയം | National

മൂന്നു തവണ ഡെല്‍ഹി ഭരിച്ച ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തി  26 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 48 സീറ്റുകള്‍ നേടി ഭാരതീയ ജനതാ പാർട്ടി തലസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തി. ആം ആദ്മി പാർട്ടിക്ക് 22 സീറ്റുകൾ മാത്രമാണു ലഭിച്ചത്. എ‌എ‌പി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയ്ക്കും സീറ്റുകൾ നഷ്ടപ്പെട്ടു. 

ചരിത്രവിജയത്തെ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഡെല്‍ഹിയില്‍ അക്രമം അഴിച്ചുവിടുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രചരണം 

കാവി നിറത്തിലുള്ള കൊടികളുമായി ഒരു സംഘം യുവാക്കൾ വാഹനങ്ങൾ തടയുന്നതും അക്രമം നടത്താൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഡൽഹിയിൽ സംഘപരിവാർ പ്രവർത്തകർ അക്രമം അഴിച്ച് വിടുകയാണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: ഡൽഹിയിൽ അധികരത്തിലേറിയ സങ്കികൾ അവരുടെ അധികാരക്കളി തുടങ്ങി കഴിഞ്ഞു

FB postarchived link

എന്നാൽ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെതാണെന്നും മുംബൈയിൽ നിന്നുള്ള പഴയ ഈ ദൃശ്യങ്ങൾക്ക് ഡൽഹിയുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിന് കണ്ടെത്തി 

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2025 ജനുവരി എട്ടിന് ഇതേ വീഡിയോ പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പേജ് ലഭിച്ചു. 

പോസ്റ്റിന്‍റെ കമന്‍റ് സെക്ഷനില്‍ പലരും മുംബൈ പോലീസിനെ ടാഗ് ചെയ്തിട്ടുണ്ട്. കൂടാതെ ദൃശ്യങ്ങളുടെ ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷന്‍ മഹാരാഷ്ട്രയുടെതാണ്. 

റോഡിന് വലതുഭാഗത്തായി  ബഹുനില കെട്ടിടവും ഫ്‌ളൈഓവറും ദൃശ്യങ്ങളില്‍ കാണാം. ഈ സൂചന ഉപയോഗിച്ച് ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷന്‍ തിരഞ്ഞപ്പോള്‍ മുംബൈ മീരാ ഭയന്ദര്‍ ഫ്‌ളൈ ഓവറിനു സമീപമുള്ള പൂജാ നഗര്‍ റോഡാണിത് എന്ന് വ്യക്തമായി. ചിത്രത്തിലെ കെട്ടിടങ്ങള്‍ സ്ട്രീറ്റ് വ്യൂവില്‍ വ്യക്തമായി കാണാം. 

വീഡിയോ ജനുവരി ആദ്യവാരം മുതല്‍ പ്രചാരത്തിലുണ്ട് എന്ന് വ്യക്തമായി. എന്നാല്‍ യഥാര്‍ഥ തിയതി കണ്ടെത്താനായില്ല. പക്ഷേ വീഡിയോ ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയത്തിനുശേഷമുള്ളതല്ലെന്ന് വ്യക്തമാണ്. ഡെല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പ് 2025 ഫെബ്രുവരി അഞ്ചിന് ആയിരുന്നു. വീഡിയോ അതിനു മുമ്പ് മുതല്‍ തന്നെ പ്രചാരത്തിലുണ്ട്. മാത്രമല്ല, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇത്തരം ആക്രമണം നടന്നാല്‍ ഉറപ്പായും അത് വാര്‍ത്തയാകുമായിരുന്നു. ഏതെങ്കിലും അക്രമ സംഭവങ്ങള്‍ അടുത്തിടെ ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

വീഡിയോ തുടങ്ങുന്നത് മസ്ജിദ് ഉമര്‍ റോഡിനടുത്തുള്ള ഭാഗത്ത് വച്ചാണ്. പൂജാ നഗര്‍ റോഡില്‍ നിന്ന് മീരാ ഭയന്ദര്‍ ഫ്‌ളൈ ഓവറിലേക്ക് വരുമ്പോഴുള്ള സ്ഥലമാണിത്. റോഡിന് ഇടതുവശം റെയില്‍പാളമാണ്. പ്രദേശത്തിന്‍റെ ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍ ചുവടെ കാണാം: 

വീഡിയോ ദൃശ്യങ്ങള്‍ ഡെല്‍ഹിയില്‍ നിന്നുള്ളതല്ല, മുംബൈയില്‍ നിന്നുള്ളതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബി‌ജെ‌പി മികച്ച വിജയം നേടിയതിന് പിന്നാലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിടുന്ന ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നത് മുംബൈയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങളാണ്. ഡല്‍ഹിയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംഘികള്‍ ഡല്‍ഹിയില്‍ അക്രമം നടത്തുന്നു..? പ്രചരിക്കുന്നത് മുംബൈയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

Fact Check By: Vasuki S 

Result: False