തുര്‍ക്കി ഭൂകമ്പത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ചുകൂട്ടി സംസ്ക്കരിക്കുന്നു… പ്രചരിക്കുന്നത് ഉക്രയ്നില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍

അന്തര്‍ദേശീയം | International

മതപരമോ അല്ലാത്തതോ ആയ വിശ്വാസങ്ങളുമായി അനാവശ്യമായി ബന്ധപ്പെടുത്തി പല സംഭവങ്ങളും പ്രചരിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നാം കാണാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇവിടെയുള്ളത്. ഏതാണ്ട് അര ലക്ഷത്തിലധികം മനുഷ്യരുടെ ജീവൻ നഷ്ടമായ തുർക്കി സിറിയ ഭൂകമ്പ ബാധിത പ്രദേശത്ത് നിന്നും പലരുടെയും മൃതദേഹങ്ങൾ ആഴ്ചകൾ കഴിഞ്ഞാണ് ലഭ്യമായത്. ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് കൂട്ടിയിട്ട് സംസ്ക്കരിക്കുന്നുവെന്ന  എന്ന വാദത്തോടെയാണ് വീഡിയോയുടെ  പ്രചരണം.  

പ്രചരണം

നിരവധി മൃതദേഹങ്ങള്‍ ഏതാനും പേര്‍ ചേര്‍ന്ന്  നീളത്തിലുള്ള കുഴിയിലേക്ക് പെറുക്കി വയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തുര്‍ക്കി ഭൂകമ്പത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളാണിത് എന്നു വാദിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഹേ മനുഷ്യാ! സത്യം അറിയുക! നിങ്ങളുടെ സ്വത്ത് എവിടെയാണ്, നിങ്ങളുടെ നിലകൾ എവിടെയാണ്? നിങ്ങളുടെ കുടുംബം/ബന്ധുക്കൾ എവിടെയാണ്? എവിടെ നിങ്ങളുടെ ജാതി / എവിടെ നിങ്ങളുടെ മതം / എവിടെ നിങ്ങളുടെ ദൈവങ്ങൾ? അഹങ്കാരം, അഹങ്കാരം, സ്വാർത്ഥത, ഞാൻ എന്റേതാണെന്ന അഹംഭാവം ! സയൻസ് ആൻഡ് ടെക്നോളജി മേഖലകളിൽ നിങ്ങൾ എത്ര മുന്നേറിയാലും കാര്യമില്ല! തട്ടിപ്പ് നടത്തി കൊള്ളയടിച്ച പണം എവിടെ! ഇത് അവസാനത്തെ ജീവിതമാണെന്ന് മറക്കരുത്! ജീവിതത്തിൽ ദിവസവും പത്ത് നന്മകൾ ചെയ്യാൻ മറക്കരുത്. പാപപൂർണമായ ജീവിതത്തിൽ അവിസ്മരണീയമായ അനുഭവം നൽകുന്ന സുഹൃത്തുക്കൾ, സ്നേഹം പകരുന്ന സ്വഭാവം വളർത്തിയെടുക്കുക! തുർക്കിയിലെ ഭൂകമ്പത്തിൽ മരിച്ചവരുടെ ശവസംസ്‌കാര ചടങ്ങിൽ ഹൃദയം നുറുങ്ങുന്ന നിലവിളി…. ഈ നിലവിളിയിൽ നമ്മുക്കും ഒരുപാട് പഠിക്കാൻ ഉണ്ട് 😌

✍️ ഇടവ മുഹമ്മദ് ഇർഷാദ് മന്നാനി”

FB postarchived link

എന്നാല്‍ തുര്‍ക്കി ഭൂചലനവുമായി യാതൊരു ബന്ധവുമില്ലാത്ത ദൃശ്യങ്ങളാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഉക്രൈനിലെ പ്രചാരമുള്ള യൂട്യൂബ് ചാനലാണ് എന്ന് അവകാശപ്പെടുന്ന ടൊറന്‍റോ ടെലിവിഷൻ 2022 മാർച്ച് 10ന് പ്രസിദ്ധീകരിച്ച ട്വീറ്റ് ലഭ്യമായി.  വൈറല്‍ വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങളുടെ നിശ്ചല ചിത്രങ്ങള്‍ ഇതിലുണ്ട് 

https://twitter.com/tvtoront/status/1501630629368246279

റഷ്യ ഉക്രൈന്‍ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്ന കാഴ്ച എന്ന വിവരണത്തോടെയാണ് ട്വീറ്റ് നൽകിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം റഷ്യ-യുക്രൈന്‍ യുദ്ധം നടന്ന സമയത്തുള്ള വീഡിയോ ആണിത്.  

അസോസിയേറ്റഡ് പ്രസ്സ്  യുദ്ധക്കെടുതികളെ പറ്റി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വീഡിയോയില്‍ നിന്നുള്ളതിന് സമാനമായ ചിത്രം കാണാം. കൂടാതെ ഉക്രയ്ന്‍- റഷ്യ യുദ്ധക്കെടുതിയുടെ ദാരുണ കാഴ്ചകള്‍ എന്ന വിവരണത്തോടെ നിരവധി മാധ്യമങ്ങള്‍ ഇതേ വീഡിയോയെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

“റഷ്യൻ സേനയുടെ കനത്ത ഷെല്ലാക്രമണം കാരണം ആളുകൾക്ക് മരിച്ചവരെ സംസ്‌കരിക്കാൻ കഴിയാത്തതിനാൽ മൃതദേഹങ്ങൾ 2022 മാർച്ച് 9 ബുധനാഴ്ച ഉക്രെയ്‌നിലെ മരിയുപോളിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു കൂട്ട ശവസംസ്കാരക്കുഴിയിൽ ഇടുന്നു” എന്നാണ് ചിത്രത്തിന്‍റെ അടിക്കുറിപ്പ്. 

റഷ്യ-യുക്രൈന്‍ യുദ്ധക്കെടുതിയില്‍ കൊല്ലപ്പെട്ടവരെ സംസ്‌ക്കരിക്കുന്ന ദൃശ്യങ്ങളെന്ന സമാന വിവരണമാണ് 2022 മെയ് 18ന് പങ്കുവച്ച മറ്റൊരു ട്വീറ്റ് നല്‍കുന്നത്.

തുടർന്ന് ഇതേ ദൃശ്യങ്ങൾ സഹിതം കൊറിയൻ മാധ്യമങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചത് കണ്ടു. 2022 മാർച്ചിലാണ് വാർത്ത പുറത്തുവന്നത്. അതുപോലെ യൂട്യൂബിൽ നിന്നും ലഭിച്ച വീഡിയോ ദൃശ്യങ്ങൾക്കൊപ്പം മൃതദേഹങ്ങൾ അടക്കം ചെയ്തവരുടെ വാക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

പിന്നീട് ഞങ്ങൾ ഫേസ്ബുക്കിൽ Mass Grave In Mariupol, Ukraine എന്ന് തിരഞ്ഞപ്പോള്‍ ഇതേ വീഡിയോ 2022 മാർച്ച് 12 ന് അപ്‌ലോഡ് ചെയ്തതായി  കണ്ടെത്തി. “റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനിടെ റഷ്യൻ ആക്രമണത്തിൽ മരിച്ച യുക്രെയ്നിലെ മരിയുപോളിൽ നിന്നുള്ള ആളുകളുടെ മൃതദേഹങ്ങൾ ഒന്നിച്ച് ഒരിടത്ത് അടക്കം ചെയ്യുന്നു” എന്നാണ് വിവരണം. ഈ വീഡിയോ 2023-ലെ തുർക്കി ഭൂകമ്പസമയത്ത് എടുത്തതല്ലെന്ന് ലഭ്യമായ വിവരങ്ങളില്‍ നിന്നും വ്യക്തമാണ്.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. വീഡിയോയ്ക്ക്  തുര്‍ക്കി ഭൂകമ്പവുമായി യാതൊരു ബന്ധവുമില്ല. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിലെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കുന്ന സന്ദര്‍ഭത്തിലെ വീഡിയോ ആണിത്. തുര്‍ക്കി ഭൂകമ്പത്തിന്‍റെ ഇരകളെ കൂട്ടത്തോടെ സംസ്കരിക്കുന്ന ദൃശ്യങ്ങളാണിതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തുര്‍ക്കി ഭൂകമ്പത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ചുകൂട്ടി സംസ്ക്കരിക്കുന്നു… പ്രചരിക്കുന്നത് ഉക്രയ്നില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍

Fact Check By: Vasuki S 

Result: False