വിവരണം

അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു എന്ന പേരില്‍ മാത‍ൃഭൂമി ന്യൂസിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2026ല്‍ നടക്കേണ്ട കേരള നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തയാണ് മാതൃഭൂമി നല്‍കിയതെന്നാണ് അവകാശവാദം. മാര്‍ക്‌സിസ്റ്റ് കേരള എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് നിരവധി ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്-

Instagram Post Archived Screenshot

എന്നാല്‍ കെ.സുരേന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? മാതൃഭൂമി ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് തന്നെയാണോ പ്രചരിക്കുന്നത്. എന്താണ് വസ്‌തുത എന്ന് നോക്കാം.

വസ്‌തുത ഇതാണ്..

ഫാക്‌ട് ക്രെസെന്‍ഡോ മലയാളം പ്രതിനിധി ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും വ്യാജ പ്രചരണമാണെന്നും മറുപടി നല്‍കി. പിന്നീട് മാതൃഭൂമി ന്യൂസ് വെബ്‌ഡെസ്കകുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ന്യൂസ് കാര്‍ഡിനെ കുറിച്ച് അന്വേഷിച്ചു. അവര്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്-

ഫെബ്രുവരി 21ന് കെ.സി.വേണുഗോപാല്‍ നടത്തിയ ഒരു പ്രസ്താവനയെ കുറിച്ചാണ് മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലായെന്നാണ് കെ.സി.വേണുഗോപാല്‍ പറഞ്ഞത്. അതെ കുറിച്ചാണ് ന്യൂസ് കാര്‍ഡ് പ്രസിദ്ധീകരിച്ചത്. പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വ്യാജ ന്യൂസ് കാര്‍ഡാണെന്നും സുരേന്ദ്രന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതായി മാതൃഭൂമി വാര്‍ത്ത നല്‍കിയിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു.

മാതൃഭൂമി ന്യൂസ് പങ്കുവെച്ച യഥാര്‍ത്ഥ ന്യൂസ് കാര്‍ഡ്-

Mathrubhumi News Insta Post

നിഗമനം

പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്ന് മാതൃഭൂമി ന്യൂസും താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലായെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False