ജപ്പാനില്‍ മെയ് 19 മുതല്‍ 21 വരെ സംഘടിപ്പിച്ച 49 മത് ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയടക്കം ലോക നേതാക്കൾ പങ്കെടുത്തതിന്‍റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്. ഉച്ചകോടി യോഗത്തിനിടെ മോദിയെ ലോകനേതാക്കൾ ഒറ്റപ്പെടുത്തി എന്ന് പരിഹസിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു

പ്രചരണം

ലോക നേതാക്കൾ എല്ലാവരും ഫോട്ടോയ്ക്ക് ഫോട്ടോഷൂട്ടിനായി രണ്ടു വരിയായി നിന്ന് തയ്യാറെടുക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത് . ഇതിനിടയിൽ പ്രസിഡണ്ട് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണും കനേഡിയന്‍ പ്രസിഡന്‍റ് ജസ്റ്റിന്‍ ട്രുഡോയും സംഭാഷണം നടത്തുന്നത് കാണാം. മറ്റു രാഷ്ട്രത്തലവന്‍മാരും പരസ്പരം സംസാരിക്കുന്നുണ്ട്. ഏതാനും സെക്കന്‍റുകൾ പ്രധാനമന്ത്രി മോദി ഒറ്റയ്ക്ക് നിൽക്കുന്നത് കാണാം. ജപ്പാനിലെ ഹിരോഷിമയിൽ ഈ കഴിഞ്ഞ ദിവസം നടന്ന ജി സെവൻ ഉച്ചകോടിയിൽ പ്രധാനമന്ത്രിയെ മറ്റു രാജ്യങ്ങളിലെ നേതാക്കൾ തലവന്മാർ അവഗണിച്ചു എന്നാണ് പോസ്റ്റിലൂടെ പരിഹാസം നിറഞ്ഞ രീതിയിൽ സൂചിപ്പിക്കുന്നത്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: “ജി7 ഉച്ചകോടിയിൽ ലോക നേതാക്കൾക്കിടയിൽ ഒരുത്തനും തിരിഞ്ഞു നോക്കാത്ത നമ്മുടെ ജിയുടെ വീഡിയോ ഒന്ന് കണ്ടു നോക്കിക്കേ”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഈ വീഡിയോ ക്ലിപ്പ് ഉപയോഗിച്ച് നടത്തുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇതാണ്

അന്താരാഷ്ട്ര തലത്തിൽ പ്രാധാന്യമുള്ള സംഭവമായതിനാൽ ജി 7 ഉച്ചകോടിയെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം റിപ്പോർട്ട് നൽകിയിട്ടുണ്ട്. യൂട്യൂബിൽ ഉച്ചകോടിയുമായി ബന്ധപ്പെട്ട നിരവധി വീഡിയോ വാർത്തകൾ ലഭ്യമാണ്. ഞങ്ങൾ ഉച്ചകോടിയുടെ വീഡിയോ വാർത്തകൾ തിരഞ്ഞപ്പോൾ പോസ്റ്റിലെ വൈറൽ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോയുടെ ദൈർഘ്യമുള്ള പതിപ്പ് ലഭിച്ചു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ മെയ് 20ന് അപ്‌ലോഡ് ചെയ്ത വീഡിയോ ആണിത്. 2.27 മിനിറ്റിൽ, പ്രചരിക്കുന്ന ദൃശ്യങ്ങൾ കാണാം. ഫോട്ടോ ഷൂട്ടിന് ശേഷം ലോക നേതാക്കൾ വേദിയിൽ നിന്ന് മടങ്ങുമ്പോഴുള്ള ദൃശ്യങ്ങളാണിത്.

വീഡിയോയുടെ തുടക്കത്തിൽ തന്നെ പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനോടൊപ്പം ഫോട്ടോഷൂട്ട് നടക്കുന്ന സ്ഥലത്തേക്ക് ഒരുമിച്ച് പോകുന്നത് കാണാം. പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽതന്നെ പ്രധാനമന്ത്രി മോദി ജപ്പാനിലെ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി സംസാരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി സൌഹാര്‍ദത്തോടെ ഇടപഴകുന്ന ഒരു ചിത്രം ഗെറ്റി ഇമേജസില്‍ നിന്നും:

ഉച്ചകോടിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിരവധി ചിത്രങ്ങൾ ഇത്തവണത്തെ ഉച്ചകോടിയുമായി ബന്ധപ്പെട്ട് നൽകിയിട്ടുണ്ട്. പങ്കെടുത്ത ലോക നേതാക്കളോട് പലരോടും പ്രധാനമന്ത്രിയെ മോദി സൌഹൃദത്തോടെ സംസാരിക്കുന്ന പല ചിത്രങ്ങളും ഇതിൽ കാണാം

ഉച്ചകോടിയുടെ ഫോട്ടോ ഷൂട്ട് ലൊക്കേഷനിൽ നിന്നും ചിത്രീകരിച്ച വീഡിയോയിലെ ഒരു ചെറിയ ഭാഗം മാത്രം എഡിറ്റ് ചെയ്തെടുത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ അടിക്കുറിപ്പുമായി പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ജി 7 ഉച്ചകോടിയില്‍ ലോക നേതാക്കൾ ഒരുമിച്ചുള്ള ഫോട്ടോ ഷൂട്ടിന്‍റെ ചിത്രീകരണ വീഡിയോയില്‍ നിന്നും ഒരു ചെറിയ ഭാഗം മാത്രം എഡിറ്റ് ചെയ്തെടുത്ത് മോദിയെ ലോക നേതാക്കൾ അവഗണിച്ചു എന്ന് തരത്തിൽ തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഉച്ചകോടിക്കിടെ മോദിയെ ലോകനേതാക്കൾ ഒറ്റപ്പെടുത്തി- പ്രചരിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

Written By: Vasuki S

Result: MISLEADING