
കർണാടകയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം ബിജെപി സംസ്ഥാനത്ത് വിജയ സങ്കല്‍പ്പ യാത്ര സംഘടിപ്പിച്ചിരുന്നു. പ്രസ്തുത യാത്രയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്
പ്രചരണം
റോഡില്‍ നിർത്തിയിട്ടിരുന്ന ബിജെപിയുടെ പ്രചരണ വാഹനത്തിന് നേരെ ആളുകൾ ആക്രമണം നടത്തുന്നതും ആളുകള്‍ പരസ്പരം പോരടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ബിജെപിയുടെ വിജയ സങ്കല്‍പ്പ യാത്രയിൽ പങ്കെടുത്ത പ്രവർത്തകരെ കർണാടകയിൽ ആളുകൾ ഓടിച്ചുവിട്ടെന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ പോലും തല്ലി ഓടിക്കുന്ന കാഴ്ച!! കർണ്ണാടകയിലെ ജനം ബിജെപിയെ എത്രമാത്രം വെറുത്തൂ എന്നതിന്റെ നേർസാക്ഷ്യം!!”
എന്നാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പഴയതാണെന്നും കര്‍ണാടകയുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾവീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഫേസ്ബുക്കിൽ 2022 നവംബർ 1 ന് പോസ്റ്റ് ചെയ്ത ഇതേ വീഡിയോ ലഭിച്ചു. അതിൽ, 0.48 മിനിറ്റ് മുതൽ വൈറല്‍ വീഡിയോയിലെ ദൃശ്യങ്ങള്‍ കാണാം. ചുവടെ നൽകിയിരിക്കുന്ന വീഡിയോയിൽ ശ്രദ്ധിക്കുക:
തെലങ്കാനയിലെ മുനുഗോഡിൽ നിന്നുള്ളതാണ് ഈ വീഡിയോ. ബിജെപി-ടിആർഎസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മുനുഗോഡിൽ ബിജെപി-ടിആർഎസ് (തെലങ്കാന രാഷ്ട്ര സമിതി) പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്ന സൂചന ഉപയോഗിച്ച് ഞങ്ങള്‍ വീണ്ടും തിരഞ്ഞപ്പോള്‍ യുട്യൂബിൽ 2022 നവംബർ ഒന്നിന് പോസ്റ്റു ചെയ്ത ടൈംസ് നൌ റിപ്പോർട്ട് കണ്ടെത്തി.
“ചൊവ്വാഴ്ച, നൽഗൊണ്ട ജില്ലയിലെ മുനുഗോഡിന് സമീപമുള്ള പലവേല ഗ്രാമത്തിൽ ബിജെപി എംഎൽഎ എടേല രാജേന്ദറിന്‍റെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിവസം അക്രമാസക്തമായി. രണ്ട് രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ടിആർഎസ് പാർട്ടി അംഗങ്ങൾ ബിജെപി അംഗങ്ങളെ കല്ലെറിയുകയും വടികൊണ്ട് ആക്രമിക്കുകയുമുണ്ടായി. ബിജെപി നേതാവ് എടാല രാജേന്ദറിന്‍റെ പ്രസംഗത്തെ ടിആർഎസ് പ്രവർത്തകർ എതിർത്തു. ഇത് ഇരുവിഭാഗങ്ങളും തമ്മിൽ അക്രമാസക്തമായ തർക്കത്തിനും തുടര്‍ന്ന് അക്രമം കല്ലേറിൽ കലാശിക്കുകയും ചെയ്തു. പൊടുന്നനെയുള്ള ഈ രാഷ്ട്രീയ സംഭവം മുനുഗോഡിലും സമീപ നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കി.”- എന്ന വിവരണമാണ് വീഡിയോയുടെ ഒപ്പമുള്ളത്.
വൈറലായ വീഡിയോയിൽ കാണുന്ന അതേ ദൃശ്യങ്ങൾ ഇതിൽ കാണാം. തെലങ്കാനയിലെ മുനുഗോട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിവസം ബിജെപി-ടിആർഎസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതായി വാര്‍ത്ത അറിയിക്കുന്നു. സംഭവത്തെ കുറിച്ച് നിരവധി മാധ്യമങ്ങള്‍ വീഡിയോ റിപ്പോര്‍ട്ട് യുട്യൂബില്‍ നല്‍കിയിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വീഡിയോയ്‌ക്കൊപ്പം ഉന്നയിച്ച അവകാശവാദം തെറ്റാണ്. വീഡിയോ കർണാടകയിൽ നിന്നല്ല, തെലങ്കാനയിലെ മുനുഗോഡിൽ നിന്നാണ്. 2022 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിവസം ബിജെപി-ടിആർഎസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. അവിടെ നിന്നുള്ള പഴയ വീഡിയോയാണ് കര്‍ണ്ണാടകയില്‍ ഈയിടെ നടന്ന ബിജെപി വിജയ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:കർണാടകയിൽ ബിജെപി യാത്രയിൽ പങ്കെടുത്ത പ്രവർത്തകരെ ജനം ഓടിച്ച ദൃശ്യങ്ങള്‍… വീഡിയോയുടെ സത്യാവസ്ഥ അറിയൂ…
Fact Check By: Vasuki SResult: False
