സിപിഎം നിലമ്പൂരില്‍ ജയിക്കാന്‍ പ്രയാസമാണെന്ന് എഎ റഹിം എംപി പറഞ്ഞോ..? വ്യാജപ്രചരണത്തിന്‍റെ സത്യമറിയൂ…

False പ്രാദേശികം | Local രാഷ്ട്രീയം | Politics

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. എല്ലാ സ്ഥാനാര്‍ഥികളും പ്രചരണ രംഗത്ത് സജീവമായുണ്ട്. നിലമ്പൂരിൽ ജയിക്കാൻ പ്രയാസമാണെന്ന് രാജ്യസഭാ എംപി എഎ റഹിം പരിഹാസത്തോടെ പറയുന്ന ഒരു വീഡിയോ ഇതിനിടെ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

എഎ റഹിം മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ പരിഹാസച്ചിരിയോടെ “പക്ഷെ ഒരു കാര്യം ഉറപ്പാണ്, ഇവിടെ വന്നു ജയിക്കുന്ന കാര്യം വല്യ പാടാണ്, തെക്ക് നിന്നും വന്നതാണ്, എന്നാൽ ഇവിടെ വന്ന് ജയിക്കുന്ന കാര്യം പാടാണ്…” എന്ന് പറയുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി ജയിക്കാന്‍ പ്രയാസമാണ് എന്നാണ് എഎ റഹിം പറയുന്നത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “നിലമ്പൂർ സിപിഎം ന് ജയിച്ചു പോകാൻ പാടാ”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും പഴയ വീഡിയോ ആണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

നിലമ്പൂര്‍  സിപിഎം സ്ഥാനാർത്ഥിയായ എം സ്വരാജ് നിലമ്പൂർ മണ്ഡലത്തില്‍ നിന്നുതന്നെയുള്ള ആളാണ്. അതിനാല്‍ എഎ റഹിം സിപിഎം സ്ഥാനാര്‍ഥിയെ കുറിച്ച് ഇങ്ങനെ പറയാന്‍ സാധ്യതയില്ല. ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ദൃശ്യങ്ങള്‍ 2024 നവംബർ 2ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ യൂട്യൂബ് ചാനലിൽ നിന്നും ലഭിച്ചു.

‘തെക്കുനിന്ന് വന്ന് ജയിച്ച് പോകാന്‍ പാടാണെന്ന് എഎ റഹീം; പാലക്കാടന്‍ ടര്‍ഫില്‍ ക്രിക്കറ്റ് പോര്’ എന്ന തലകെട്ടോടെയാണ് റിപ്പോർട്ട്.  പാലക്കാട് ടർഫിൽ സംഘടിപ്പിച്ച ക്രിക്കറ്റ് മാച്ചില്‍ പങ്കെടുക്കാനെത്തിയ  സിപിഎം യുവനേതാക്കൾ വിശ്രമവേളയില്‍ നര്‍മ്മം പങ്കിടുന്ന ദൃശ്യങ്ങളാണിത്.  

വീഡിയോയിൽ റഹീമിനൊപ്പം പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന പി സരിനെയും കാണാം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോഴാണ് സിപിഎം നേതാക്കൾ 2024 നവംബർ 1ന് രാത്രി ക്രിക്കറ്റ് മാച്ചിനിറങ്ങിയത്. മാച്ചിനു ശേഷം എഎ റഹീം മാച്ചിനെ കുറിച്ച് നടത്തിയ പ്രതികരണമായിരുന്നു അത്. അവിടെ ജയിക്കുന്ന കാര്യം പാടാണെന്ന് നര്‍മ്മം കലര്‍ത്തി പറയുകയായിരുന്നു. പാലക്കാട് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പത്തനംതിട്ട സ്വദേശിയായ രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യം വച്ചാണ് തെക്ക് നിന്നും വന്ന് ഇവിടെ ജയിക്കുന്ന കാര്യം പാടാണെന്ന് പറഞ്ഞത്. 

മാച്ചിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ, മന്ത്രി എംബി രാജേഷ്, എഎ റഹീം എംപി,  വസീം, തുടങ്ങിയ നേതാക്കൾ പങ്കെടുത്തിരുന്നു. എഎ റഹീമിന്‍റെ ടീം പി സരിന്റെ ടീമിനോട് തോറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സരിൻ ആയിരുന്നു മാൻ ഓഫ് ദ മാച്ച്. മത്സരത്തിന് ശേഷം എഎ റഹീം പരോക്ഷമായി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ടേക്കാവുന്ന തോല്‍വിയെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് സംസാരിച്ച ദൃശ്യങ്ങളാണിത്. പല മാധ്യമങ്ങളും ഇതെപ്പറ്റി റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. 

2024 നവംബറിൽ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് സമയത്തുള്ള വീഡിയോ ആണ് ഇതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

നിലമ്പൂരില്‍ സിപിഎമ്മിന് വിജയിക്കാന്‍ പ്രയാസമാണ് എന്ന തരത്തില്‍ രാജ്യസഭാ എംപിയും സിപിഎം നേതാവുമായ എഎ റഹിം പറയുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ 2024 നവംബറില്‍ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് സമയത്ത് സിപിഎം യുവനേതാക്കള്‍ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ നിന്നുള്ളതാണ്. അന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ നര്‍മ്മം കലര്‍ത്തി പരോക്ഷമായി പരിഹസിച്ച ദൃശ്യങ്ങളാണ് നിലവില്‍ നിലമ്പൂര്‍ നടക്കുന്ന ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. ദൃശ്യങ്ങള്‍ക്ക് നിലമ്പൂരുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സിപിഎം നിലമ്പൂരില്‍ ജയിക്കാന്‍ പ്രയാസമാണെന്ന് എഎ റഹിം എംപി പറഞ്ഞോ..? വ്യാജപ്രചരണത്തിന്‍റെ സത്യമറിയൂ…

Fact Check By: Vasuki S 

Result: False