ഏഷ്യാനെറ്റ് അവതാരക സിന്ധു സൂര്യകുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ചിത്രമാണോ പ്രചരിക്കുന്നത്? വസ്തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ലഹരിക്കെതിരായ വാര്‍ത്ത പരമ്പരയില്‍ ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വാര്‍ത്ത സൃഷ്ടിച്ച് സംരക്ഷേണം ചെയ്തു എന്ന ആരോപണമായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. നിരവധി വ്യാജ പ്രചരണങ്ങളും ഏഷ്യാനെറ്റ് ന്യൂസ് വിഷയത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫാക്‌ട് ക്രെസെന്‍ഡോ ഈ പ്രചരണങ്ങളെ കുറിച്ച് ഫാക്‌ട് ചെക്കുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

അതെ സമയം വ്യാജ വാര്‍ത്ത വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ അവതാരിക സിന്ധു സൂര്യകുമാറിനെ പോലീസ് ചോദ്യം ചെയ്യലിന് പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് നെഞ്ച് വേദനയാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിച്ച് ചോദ്യം ചെയ്യലിന് ഹാജരായില്ലെന്നും ആരോപിച്ച് സിന്ധു സൂര്യകുമാര്‍ എന്ന പേരില്‍ ഒരു സ്ത്രീ ആശുപത്രിയില്‍ കിടക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഗിരി പത്തനംതിട്ട എന്ന വ്യക്തി പങ്കുവെച്ച പോസ്റ്റിന് ഇതുവരെ 2,400 അധികം റിയാക്ഷനുകളും 514 അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്ന ചിത്രത്തിലുള്ളത് ഏഷ്യാനെറ്റ് ന്യൂസ് അവതാരക സൂര്യ സിന്ധുകുമാര്‍ തന്നെയാണോ. പോലീസ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയപ്പോള്‍ നെഞ്ചുവേദന എന്ന കാരണത്താല്‍ സിന്ധു സൂര്യകുമാര്‍ സഹകരിക്കാതിരുന്നോ. വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ആശുപത്രയില്‍ ചികിത്സ തേടിയ സ്ത്രീയുടെ ചിത്രം യഥാര്‍ത്ഥത്തില്‍ വൈഎസ്ആര്‍ടിപി രാഷട്രീയ പാര്‍ട്ടി നേതാവ് വൈഎസ് ശര്‍മിളയുടേതാണ്. നിരാഹാര സത്യാഗ്രഹ സമരത്തിനിടയില്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് 2022 ഡിസംബര്‍ 11ന് ഹൈദരാബാദ് പോലീസ് വൈഎസ് ശര്‍മിളയെ അറസ്റ്റ് ചെയ്ത് നീക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദ് സ്റ്റേറ്റ്സ് മാന്‍ എന്ന മാധ്യമ വെബ്‌സൈറ്റില്‍ ഇതെ ചിത്രം വാര്‍ത്ത സഹിതം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദ് സ്റ്റേറ്റ്സ് മാന്‍ വെബ്സൈറ്റ്-

The Statesman 

പ്രചരിക്കുന്നത് പോലെ ഏഷ്യാനെറ്റ് ന്യൂസ് അവതാരിക സിന്ധു സൂര്യകുമാര്‍ നെഞ്ച് വേദനയെ തുടര്‍ന്ന് ചികിത്സ തേടിയോ എന്ന് അറിയാന്‍ ഏഷ്യാനെറ്റ് തിരുവനന്തപുരം ഓഫിസുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ബന്ധപ്പെട്ടു. എന്നാല്‍ ഒരു സര്‍ജറിയെ തുടര്‍ന്ന് സിന്ധു സൂര്യകുമാര്‍ മെഡിക്കല്‍ ലീവിലാണെന്നാണ് അവര്‍ നല്‍കിയ മറുപടി.

നിഗമനം

സിന്ധു സൂര്യകുമാര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കിടക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ അവരുടേതല്ല. മറിച്ച് വൈഎസ്ആര്‍ടിപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് വൈഎസ് ശര്‍മിളയുടേതാണ്. മൂന്ന് മാസം മുന്‍ ഹൈദരബാദില്‍ ഒരു നിരാഹാര സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത ശര്‍മിളയെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ള ചിത്രമാണിത്. എന്നാല്‍ സിന്ധു സൂര്യകുമാര്‍ എന്ന ഏഷ്യാനെറ്റ് ന്യൂസ് അവതാരിക ഒരു സര്‍ജറിയെ തുടര്‍ന്ന് മെഡിക്കല്‍ ലീവിലാണെന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം ഭാഗികമായി തെറ്റാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഏഷ്യാനെറ്റ് അവതാരക സിന്ധു സൂര്യകുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ചിത്രമാണോ പ്രചരിക്കുന്നത്? വസ്തുത അറിയാം..

Fact Check By: Dewin Carlos 

Result: Partly False