നിലമ്പൂരിലെ തന്‍റെ ജയത്തില്‍ സിപിഎമ്മിന്‍റെ പിന്തുണയെ തള്ളി അന്‍വര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..
വിവരണം
ഭരണപക്ഷ എംഎല്‍എ ആയിരുന്ന പി.വി.അന്‍വറും സര്‍ക്കാരും തമ്മില്‍ തുറന്ന പോരിലേക്കെന്ന വലിയ വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ചാവിഷയം. ഇന്നു ഔദ്യോഗികമായി സിപിഎം സംസ്ഥാന സെക്രട്ടറി ഇടത് സ്വതന്ത്രനും നിലമ്പൂര്‍ എംഎല്‍എയുമായ പി.വി.അന്‍വറുമായുള്ള ഇടതുമുന്നണി ബന്ധം അവസാനിപ്പിച്ചതായി വാര്‍ത്ത സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിക്കുകയും സിപിഎം ബന്ധം അവസാനിപ്പിക്കുന്നു എന്നും അന്‍വര്‍ വാര്‍ത്ത സമ്മേളനത്തിലൂടെ പ്രതികരിച്ചിരുന്നു. അതെസമയം തന്‍റെ ജയം സിപിഎമ്മിന്‍റെ സൗജന്യമല്ലായെന്ന് പി.വി.അന്‍വര്‍ പറഞ്ഞു എന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തതായി ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പിലാണ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോളവര്‍ ഇതിന്‍റെ വസ്‌തുത അറിയാന്‍ ഞങ്ങള്‍ക്ക് പങ്കുവെച്ച സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് കാണാം -
എന്നാല്‍ യതാര്‍ത്ഥത്തില്‍ പി.വി.അന്‍വര്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് തന്നെയാണോ പ്രചരിക്കുന്നത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോയെന്ന് അറിയാന്‍ അവരുടെ ഓഫിസുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ബന്ധപ്പെട്ടു. എന്നാല്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണെന്നും ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും അവര്‍ പ്രതികരിച്ചു.
പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം പി.വി.അന്‍വറിന്‍റെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചു. പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിനോട് പ്രതികരിച്ചു കൊണ്ട് പി.വി.അന്‍വര്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്-
"ജയിച്ചത് സിപിഎമ്മിന്റെ സൗജന്യത്തിലല്ല:പി.വി.അൻവർ"
ഈ തലക്കെട്ടോടെ കൂടി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പേരിൽ ഒരു വ്യാജ സ്ക്രീൻഷോട്ട് പലരും പ്രചരിപ്പിക്കുന്നുണ്ട്.
അങ്ങനെ ഒരു പ്രസ്താവന എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.എന്റെ വിജയത്തിനായി രാവന്തിയോളം ചോര നീരാക്കി പ്രവർത്തിച്ചവരാണു നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർ.അതിൽ ഒരാളെ പോലും തള്ളിപ്പറയാൻ എനിക്ക് കഴിയില്ല.അവരോട് അന്നും,ഇന്നും ഞാൻ അത്രമേൽ കടപ്പെട്ടിരിക്കുന്നു.അവരെ നിരാശരാക്കുന്ന ഒരു വാക്ക് പോലും പി.വി.അൻവറിൽ നിന്ന് ഉണ്ടാവില്ല.ചില പുഴുക്കളോടെയെ എതിർപ്പുള്ളൂ.പാർട്ടിയോടോ,
സഖാക്കളോടോ അതില്ല.
ഉണ്ടാവുകയുമില്ല.
വ്യാജസ്ക്രീൻഷോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ചാലൊന്നും ചോദ്യങ്ങൾ ഇല്ലാതാവില്ല.
പി.വി.അന്‍വറിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് -
നിഗമനം
ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും പ്രചരിക്കുന്നത് വ്യാജമായി നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്നും അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് അന്‍വറും പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.