ഇന്ദിര ഗാന്ധിയുടെ ശവസംസ്കാരം ഇസ്ലാമിക ആചാരങ്ങള്‍ പ്രകാരം നടന്നുവെന്ന്  വ്യാജ പ്രചരണം

Political

ഇന്ദിര ഗാന്ധിയുടെ ശവസംസ്കാര ചടങ്ങില്‍ രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, നരസിംഹ റാവു, ഗുലാം നബി ആസാദ് ഇസ്ലാമിക ആചാര പ്രകാരം പ്രാർഥിക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം 

Facebook | Archived

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും നരസിംഹ റാവും, മുന്‍ കോണ്‍ഗ്രസ്‌ നേതാവായ ഗുലാം നബി ആസാദ്, കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ ഇസ്ലാമിക ആചാര പ്രകാരം പ്രാര്‍ഥിക്കുന്നതായി നമുക്ക് കാണാം. ഈ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ഗണ്ടി കുടുമ്പത്തിന്‍റെ മയ്യതു നിസ്കാരം! ഇന്ദിര ഗാന്ധിയുടെ ശവസംസ്കാര ചടങ്ങളില്‍ ഇസ്ലാം മതാചാരപ്രകാരം പ്രാര്‍ഥിക്കുന്ന രാജീവ് ഗണ്ടിയും, രാഹുല്‍ ഗണ്ടിയും, ഗുലാം നബി ആസാദ്, നരസിംഹ റാവു, സോണിയ എന്നിവര്‍ സമീപം.

എന്നാല്‍ എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം 

ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പാകിസ്ഥാനിലെ വടക്കന്‍ വസീരിസ്ഥാനിലെ മുന്‍ അസ്സെംബ്ലി അംഗം മോഹ്സിന്‍ ഡാവറിന്‍റെ ട്വീറ്റ് ലഭിച്ചു. ഈ ട്വീറ്റില്‍ ഈ ചിത്രം നമുക്ക് കാണാം.

Archived

ഈ ട്വീറ്റ് പ്രകാരം മുകളിൽ നൽകിയ ചിത്രത്തിൽ രാജീവ് ഗാന്ധി, സോണിയ ഗാന്ധി, നരസിംഹ റാവു എന്നിവർ ബച്ച ഖാൻ അതായത് അതിർത്തി ഗാന്ധി എന്ന തരത്തിൽ അറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗഫ്ഫാർ ഖാന്‍റെ ശവസംസ്കാര ചടങ്ങില്‍ പങ്ക് എടുക്കുന്നത്തിന്‍റെതാണ്. 

ഞങ്ങള്‍ ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ശവസംസ്കാര ചടങ്ങിന്‍റെ വീഡിയോയും ലഭിച്ചു. ഈ വീഡിയോ 1988ൽ പെഷവാറിൽ ഭാരത് രത്ന ഖാൻ അബ്ദുൽ ഗഫ്ഫാർ ഖാനിന്‍റെ ശവസംസ്കാര ചടങ്ങിന്‍റെ സമയത്ത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അദ്ദേഹത്തിന്‍റെ ഭാര്യ സോണിയയും മകന്‍ രാഹുലും കോണ്‍ഗ്രസ്‌ നേതാവ് പി. നരസിംഹ റാവുവിനോടൊപ്പം എത്തിയപ്പോള്‍ എടുത്തതാണ്. ചിത്രത്തില്‍ കാണുന്ന പോലെ ഇവര്‍ പ്രാര്‍ഥിക്കുന്നത് നമുക്ക് ഈ വീഡിയോയിലും കാണാം.

കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യു.പി.ഐ. എന്ന മാധ്യമ വെബ്സൈറ്റില്‍ അവര്‍ ജനുവരി 20, 1988ന് പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ട്‌ കണ്ടെത്തി. ഈ റിപ്പോര്‍ട്ട്‌ പ്രകാരം ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍റെ മരണത്തിന് ശേഷം പ്രധാനമന്ത്രി രാജീവ് ഗാന്ധി അദ്ദേഹത്തിന്‍റെ അന്തിമ ദര്‍ശനത്തിനായി പെഷവാറില്‍ വന്നിരുന്നു. രണ്ട് മണിക്കൂര്‍ അദ്ദേഹം അവിടെയുണ്ടായിരുന്നു. അതിന് ശേഷം അദ്ദേഹം ന്യൂ ഡല്‍ഹിയിലേക്ക് മടങ്ങി. അവിടെ നിന്ന് അദ്ദേഹം സ്വീഡനില്‍ ആറ് രാഷ്ട്ര ആണവ നിരായുധീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടു.

ലേഖനം വായിക്കാൻ – UPI | Archived

ഇന്ദിര ഗാന്ധിയുടെ സംസ്കാരം ഹിന്ദു ആചാരങ്ങൾ പ്രകാരമാണ് നടന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ നമുക്ക് താഴെ കാണാം.

ചിത്രങ്ങള്‍ കാണാന്‍ –  Times Content

നിഗമനം  

സമൂഹ മാധ്യമങ്ങളില്‍ ഇന്ദിര ഗാന്ധിയുടെ ഇസ്ലാം മതാചാരപ്രകാരം ശവസംസ്കാരം നടന്നു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിത്രം 1988ല്‍ പാകിസ്ഥാനിലെ പെഷവാറില്‍ അതിര്‍ത്തി ഗാന്ധി എന്ന തരത്തില്‍ അറിയപെടുന്ന ഭാരത്‌ രത്ന ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍റെ ശവസംസ്കാരത്തിന്‍റെതാണ്.

Avatar

Title:ഇന്ദിര ഗാന്ധിയുടെ ശവസംസ്കാരം ഇസ്ലാമിക ആചാരങ്ങള്‍ പ്രകാരം നടന്നുവെന്ന് വ്യാജ പ്രചരണം

Fact Check By: K Mukundan 

Result: False