വയനാട് ദുരന്തഭൂമിയുടെ പുനർനിർമ്മാണത്തിനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. കൂടാതെ ചില സന്നദ്ധ സംഘടനകളും വിവിധ സഹായങ്ങളുമായി പുനർനിർമ്മാണത്തിൽ പങ്കാളികളാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വയനാട് സർക്കാർ ചിലവഴിച്ച തുക എന്നവകാശപ്പെട്ട് ഭീമമായ സംഖ്യകളുടെ ഒരു ലിസ്റ്റ് പ്രചരിക്കുന്നുണ്ട്.

പ്രചരണം

വയനാട് ദൂരത്തിന് ശേഷം ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ ചെലവഴിച്ച തുക എന്ന തരത്തിൽ പ്രചരിക്കുന്ന ലിസ്റ്റ് ഇങ്ങനെ: "വയനാട് ദുരന്തത്തിൻ്റെ മറവിൽ കൊള്ള?

. ചെലവാക്കിയത് കോടികൾ

. സർക്കാർ ചെലവിൻ്റെ കണക്കുകൾ പുറത്ത്

. വെള്ളക്കെട്ട് ഒഴിവാക്കാൻ ₹3 കോടി

. മൃതദേഹങ്ങളുടെ സംസ്‌കാരത്തിന് 2.76 കോടി

. വോളണ്ടിയർമാരുടെ ഗതാഗതത്തിന് ₹4 കോടി

LMEDIA

. ദുരിതാശ്വാസ ക്യാമ്പിലെ വസ്ത്രങ്ങൾക്കായി 11 കോടി

. സൈന്യത്തിന്റെ്റെയും വോളണ്ടിയർമാരുടെയും താമസ സൗകര്യത്തിന് ₹15 കോടി

വയനാട് ദുരന്തത്തിൻ്റെ മറവിൽ കൊള്ള?
. ചെലവാക്കിയത് കോടികൾ
. സർക്കാർ ചെലവിൻ്റെ കണക്കുകൾ പുറത്ത്
. വെള്ളക്കെട്ട് ഒഴിവാക്കാൻ ₹3 കോടി
. മൃതദേഹങ്ങളുടെ സംസ്‌കാരത്തിന് 2.76 കോടി
. വോളണ്ടിയർമാരുടെ ഗതാഗതത്തിന് ₹4 കോടി
LMEDIA
. ദുരിതാശ്വാസ ക്യാമ്പിലെ വസ്ത്രങ്ങൾക്കായി 11 കോടി
. സൈന്യത്തിന്റെ്റെയും വോളണ്ടിയർമാരുടെയും താമസ സൗകര്യത്തിന് ₹15 കോടി"

FB post | archived link

എന്നാൽ ഇത് ചെലവഴിച്ച തുകയല്ലെന്നും കേന്ദ്രത്തിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളാണ് എന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ്

കേരളത്തിലെ ഏതാണ്ട് എല്ലാ മാധ്യമങ്ങളും ഈ തുകയുടെ ലിസ്റ്റ് വയനാട്ടിൽ ദുരന്ത ശേഷം സർക്കാർ ചെലവിട്ടത് എന്ന വിവരണത്തോടെയാണ് ആദ്യം നല്കിയത്. മാധ്യമ പ്രചരണം വിശ്വസിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ പലരും ഇതേ വാർത്ത പങ്കുവച്ചത്. ചെലവിട്ട തുക എന്ന വിവരണത്തോടെ പ്രചരിച്ച മാധ്യമങ്ങളുടെ ന്യൂസ്കാർഡുകൾ അവർ സ്വമേധയാ തിരുത്തി എങ്കിലും ആദ്യം പങ്കുവച്ച ന്യൂസ് കാർഡുകൾ പലരും ഡൌൺലോഡ് ചെയ്തു വീണ്ടും പങ്കുവയ്ക്കുകയാണ് ഉണ്ടായത്.

തെറ്റായ പ്രചരണമാണെന്നും വസ്തുത മറ്റൊന്നാണെന്നും മനസ്സിലാക്കിയത്തോടെ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയിൽ ഇതേപ്പറ്റി വിശദീകരണം നല്കിയിരുന്നു.

പ്രചരണത്തിന്റെ വസ്തുത എന്താണെന്ന് അറിയാനായി ഞങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പിഎം മനോജ് നല്കിയ വിശദീകരണം ഇങ്ങനെ: “ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽ കണ്ട് തയ്യാറാക്കുന്ന നിവേദനമാണ്. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നത്.

ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

ദുരന്ത നിവാരണ മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിന് സമർപ്പിച്ച മെമ്മോറാണ്ടമാണ് ബഹു.ഹൈക്കോടതിയിൽ നൽകിയത്. ആ മെമ്മോറാണ്ടത്തെ ഉദ്ധരിച്ചുകൊണ്ട് തെറ്റായ രീതിയിൽ സംസ്ഥാന സർക്കാർ കണക്കുകളും ബില്ലുകളും പെരിപ്പിച്ചു കാട്ടി എന്നും മറ്റുമുള്ള പ്രചാരണമാണ് നടക്കുന്നത്. ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ക്ലയിം ചെയ്യാവുന്ന തുകയുടെ ഏകദേശ കണക്കാണിത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ വ്യാജ പ്രചരണത്തിന്റെ വസ്തുത നല്കിയിട്ടുണ്ട്. പ്രചരണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന്റെ പിആർഡി വിഭാഗം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. വയനാട് ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളാണ് പ്രചരിക്കുന്ന ലിസ്റ്റിൽ കാണുന്നത്. അല്ലാതെ ദുരന്ത ഭൂമിയിൽ സംസ്ഥാന സർക്കാർ ചെലവഴിച്ച തുകയല്ല.

Claim Review :   വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ ചെലവഴിച്ച തുകയുടെ ലിസ്റ്റ്
Claimed By :  Social media users
Fact Check :  FALSE