ഈ ചിത്രം സീതാറാം യെച്ചൂരിക്ക് മെഡിക്കല്‍ സംഘം ആദരവ് അര്‍പ്പിക്കുന്നതാണോ? വസ്‌തുത അറിയാം..
വിവരണം
അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതശരീരം അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം ഡെല്‍ഹി എയിംസ് ആശുപത്രിക്ക് വിട്ടു നല്‍കിയിരുന്നു. എയിംസ് അനാട്ടമി വിഭാഗത്തിന് പഠനത്തിന് വേണ്ടിയാണ് മൃതദേഹം വിട്ടു നല്‍കിയത്. അതെസമയം മൃതദേഹം വിട്ടുനല്‍കിയ ശേഷം അദ്ദേഹത്തിന്‍റെ മൃതദേഹത്തിന് മുന്‍പില്‍ ശിരസ് താഴ്ത്തി ആദരവ് കാണിക്കുന്ന ഒരു സംഘം ഡോക്ടര്‍മാരുടെ ചിത്രം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു പ്രചരണം വൈറലായിരിക്കുകയാണ്. Medical team showing respect to an organ Donor ❤️
Comrade Sitaram Yechury ,⭐❤️ എന്ന തലക്കെട്ട് നല്‍കി കോംറേഡ്‌സ് ഓഫ് വടകര എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണാം -
Instagram Post |
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സീതാറാം യെച്ചൂരിയുടെ ആന്തരിക അവയവങ്ങള്‍ ദാനം ചെയ്തിരുന്നോ? അദ്ദേഹത്തിന്‍റെ മൃതശരീരം ഏറ്റുവാങ്ങിയ ശേഷം മെഡിക്കല്‍ സംഘം ആദരവ് അര്‍പ്പിക്കുന്ന ചിത്രമാണോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ സീതാറാം യെച്ചൂരിയെന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും അദ്ദേഹത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. മാതൃഭൂമി.കോം നല്‍കിയ വാര്‍ത്ത പരിശോധിച്ചതില്‍ നിന്നും സീതാറാം യെച്ചൂരിയുടെ മൃതദേഹം അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം പ്രകാരം എയിംസ് ആശുപത്രിയില്‍ ഗവേഷണ ആവശ്യങ്ങള്‍ക്ക് വിട്ടു നല്‍കിയെന്ന് വിശദമാക്കിയിട്ടുണ്ട്. വിലാപയാത്രയ്ക്ക് ശേഷമായിരുന്നു മൃതദേഹം കൈമാറിയത്.
കടുത്ത ന്യുമോണിയ രോഗബാധയെ തുടര്‍ന്നായിരുന്നു സീതാറാം യെച്ചൂരി മരണപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ആന്തരിക അവയവങ്ങള്‍ ദാനം ചെയ്തു എന്നത് തെറ്റായ പ്രചരണമാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി ഡെല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍റെ (എയിംസ്) അനാട്ടമി വാഭാഗത്തിന് വിട്ടു നല്‍കുകയായിരുന്നു. എല്ലാ മുഖ്യധാര മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രചരിക്കുന്ന വൈറല്‍ ചിത്രത്തിന്‍റെ പിന്നിലെ വസ്‌തുത എന്ത്?
പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും Medical-Online എന്ന ഒരു ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഇതെ ചിത്രം പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ചിത്രം പങ്കുവെച്ചിരിക്കുന്ന തീയതിയാകട്ടെ 2020 ഫെബ്രുവരി 16നാണ്. ചിത്രത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇപ്രകാരമാണ്- Medical team showing respect for an organ donor.. മെഡിക്കല്‍ സംഘം ഒരു അവയവദാദാവിന് നല്‍കുന്ന ആദരവ് എന്നതാണ് പരിഭാഷ. അതായത് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇതെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ്. അതായത് 2024 സെപ്റ്റംബര്‍ 12നാണ് സീതാറാം യെച്ചൂരി അന്തരിച്ചത്. പൊതുദര്‍ശനങ്ങള്‍ക്കും വിലാപയാത്രയ്ക്കും ശേഷം മൃതശരീരം എയിംസിന് കൈമാറിയത് സെപ്റ്റംബര്‍ 14നാണ്. അതായത് നാല് വര്‍ഷം മുന്‍പ് പ്രചരിക്കുന്ന ചിത്രവും ഇപ്പോള്‍ യെച്ചൂരിയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രവും തമ്മില്‍ യാതൊരു ബന്ധവുമില്ലായെന്നതാണ് വസ്‌തുത.
2020 ഫെബ്രുവരി 16ന് മെഡിക്കല്‍ ഓണ്‍ലൈന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രം -
Facebook Post | Archived Screenshot |
നിഗമനം
നാല് വര്‍ഷം മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന ചിത്രമാണ് സീതാറാം യെച്ചൂരിയുടെ മൃതദേഹത്തിന് മുന്നില്‍ ആദരവ് അര്‍പ്പിക്കുന്ന മെഡിക്കല്‍ സംഘം എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. മാത്രമല്ലാ യെച്ചൂരിയുടെ മൃതദേഹമാണ് എയിംസ് അനാട്ടമി വിഭാഗത്തിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഗവേഷണത്തിനായി വിട്ടുനല്‍കിയത്. അവയവദാനം ചെയ്തു എന്നതും തെറ്റായ പ്രചരണമാണ്.