പലസ്തീന്‍ അനുകൂലികള്‍ ബഹ്റൈനില്‍ ഇസ്രയേല്‍ എംബസിക്ക് തീ കൊളുത്തുന്ന ദൃശ്യങ്ങള്‍- പ്രചരിക്കുന്നത് പത്തു വര്‍ഷം പഴക്കമുള്ള വീഡിയോ

അന്തർദേശീയം

ഹമാസ് രണ്ടു ബന്ധികളെ വിട്ടയക്കുകയും ഇസ്രയേല്‍ ഗാസയുടെ മുകളില്‍ നടപ്പാക്കിയിരുന്ന ഉപരോധം ഭാഗികമായി പിന്‍വലിക്കുകയും ചെയ്തതോടെ സംഘര്‍ഷാവസ്ഥയ്ക്ക് അല്‍പം അയവ് വന്നിട്ടുണ്ട്. പാലസ്തീന്‍-ഇസ്രയേല്‍  സംഘര്‍ഷത്തെ തുടര്‍ന്ന് പല മുസ്ലിം രാഷ്ട്രങ്ങളും ഇസ്രയേല്‍ എംബസി ഒഴിപ്പിക്കുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. പലസ്തീന്‍ അനുകൂലികള്‍ ഇസ്രയേല്‍ എംബസി അഗ്നിക്ക് ഇരയാക്കി എന്ന മട്ടില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. 

പ്രചരണം 

കത്തിച്ച പന്തങ്ങള്‍ ഒരു സംഘം ആളുകള്‍ ഒരുമിച്ച് ഒരു കെട്ടിടത്തിന് നേര്‍ക്ക് എറിഞ്ഞ് കെട്ടിടം കത്തിക്കുന്നത് കാണാം. ഇസ്രയേല്‍ നടപടിയില്‍ പ്രതിഷേധിച്ച് പാലസ്തീന്‍ അനുകൂലികള്‍ ബഹ്റൈനില്‍ എംബസി കത്തിക്കുകയാണ് എന്നു അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “അള്ളാഹു അക്ബർ🔥

ഇസ്രായേലിനെതിരെ പൊരുതാൻ ആയിരക്കണക്കിനു ഇറാഖികൾ ജോർദ്ദാൻ അതിർത്തിയിലേക്ക്‌ പുറപ്പെട്ടു. യെമനിൽ നിന്നും ശത്രുക്കൾക്കെതിരെ മിസൈലാക്രമണം. മിഡിൽ ഈസ്റ്റിലെ ഒട്ടുമിക്ക ഇസ്‌റായേൽ നയതന്ത്ര കാര്യാലയങ്ങളും അവർ കാലിയാക്കി. ബഹറൈനിലെ ഇസ്രായേൽ എംബസ്സി ഫലസ്‌തീൻ അനുകൂലികൾ അഗ്നിക്കിരയാക്കി.

ഹമാസ്‌ ആഹ്വാനമേറ്റെടുത്ത്‌ യുവത്വം ഉണരുകയാണു…🔥”

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്നും വീഡിയോ 2012 ലേതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ

ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നാദത്തി നോക്കിയപ്പോള്‍ 2012 നവംബര്‍ അഞ്ചിന് പങ്കുവച്ച ഇതേ വീഡിയോ ലഭിച്ചു.

2012 നവംബര്‍ 3-ന്  ബഹറൈനിലെ പൊലീസ് സ്റ്റേഷന്‍ ആക്രമണം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്.  

കൂടാതെ, സംഭവത്തെ കുറിച്ച് 2012 ഡിസംബറില്‍ ബഹ്റൈനിലെ ദി റെവല്യൂഷന്‍ മീഡിയ സെന്‍റര്‍ യുട്യൂബില്‍ കൊടുത്ത വീഡിയോയും ഞങ്ങള്‍ കണ്ടെത്തി. ഒപ്പമുള്ള വിവരണം ഇങ്ങനെ: തലസ്ഥാനമായ മനാമയുടെ തെക്ക് ഭാഗത്തുള്ള സിത്ര ദ്വീപിലെ പോലീസ് സ്റ്റേഷന് നേരെ പ്രകടനക്കാർ നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ബഹ്‌റൈനിലെ റെവല്യൂഷൻ മീഡിയ സെന്‍ററിന് ലഭിച്ചു. കഴിഞ്ഞ ശനിയാഴ്ച (നവംബർ 3, 2012) ആണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. അൽ-ഖലീഫിയ ജയിലുകളിൽ പ്രൊഫസർ ഹസൻ മുഷൈമയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഈ ആക്രമണം. ജയിലിൽ ചികില്‍സയുടെ പോരായ്മ മൂലം അർബുദം വീണ്ടും ബാധിച്ചു. 

സംഭവത്തെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ ലഭ്യമാണ്.  സിത്ര, ബഹ്‌റൈൻ, നവംബർ 5: റാലികളും പൊതുയോഗങ്ങളും സർക്കാർ നിരോധിച്ചതിനെ തുടർന്ന് ബഹ്‌റൈനിലെ പല പട്ടണങ്ങളിലും മുഖംമൂടി ധരിച്ച 60 ഓളം യുവാക്കൾ പൊതുമുതല്‍ നശിപ്പിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ സിത്ര പോലീസ് സ്റ്റേഷനിൽ ചില യുവാക്കൾ കൈബോംബ് വലിച്ചെറിഞ്ഞു.

പോലീസ് സ്റ്റേഷന്റെ ചുവരുകളും തറയും പൂർണ്ണമായും തകർന്നെങ്കിലും പരിക്കുകളൊന്നും ഉണ്ടായിട്ടില്ല,” ഭാവി തലമുറയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് വിരമിച്ച ഒരു പോലീസുകാരൻ ഗൾഫ് ന്യൂസിനോട് പറഞ്ഞു. തെരുവ് അക്രമം തടയാനുള്ള ശ്രമത്തിൽ ആഭ്യന്തര മന്ത്രാലയം എല്ലാ റാലികളും പൊതുയോഗങ്ങളും നിരോധിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

സമാന വിവരങ്ങളാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഉള്ളത്. ചില ഫേസ്ബുക്ക് പേജുകളില്‍ 2012 നവംബര്‍ 5 മുതല്‍ ഇതേ ദൃശ്യങ്ങള്‍ ബഹ്റൈനില്‍ പൊലിസ് സ്റ്റേഷന്‍ ആക്രമണം എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിട്ടുണ്ട്. 

2012 നവംബറില്‍ ബഹറൈനില്‍ നടന്ന ഒരു അക്രമ സംഭവത്തിന്റെ വീഡിയോ ആണ് പ്രചരിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2012 നവംബറില്‍ ബഹ്റൈനില്‍ ആഭ്യന്തര കാലാപത്തെ തുടര്‍ന്ന് തലസ്ഥാനമായ മനാമയ്ക്കടുത്ത് സത്ര പോലീസ് സ്റ്റേഷന് നേരെ ഒരുകൂട്ടം യുവാക്കള്‍ കൈബോംബെറിഞ്ഞ സംഭവമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നിലവിലെ പാലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷവുമായി സംഭവത്തിന് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പലസ്തീന്‍ അനുകൂലികള്‍ ബഹ്റൈനില്‍ ഇസ്രയേല്‍ എംബസിക്ക് തീ കൊളുത്തുന്ന ദൃശ്യങ്ങള്‍- പ്രചരിക്കുന്നത് പത്തു വര്‍ഷം പഴക്കമുള്ള വീഡിയോ

Written By: Vasuki S 

Result: False