
മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജിലേക്ക് ഭക്തരെ കൊണ്ടുപോകുന്ന ട്രെയിന് നേരെ കല്ലെറിഞ്ഞ അക്രമികളെ ഉത്തർപ്രദേശ് പോലീസ് ഉദ്യോഗസ്ഥർ മർദ്ദിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
സിവില്‍ വേഷത്തിലും യൂണിഫോമിലുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമിയെന്ന് സംശയിക്കുന്നയാളെ പിന്നാലെ ഓടി വടികൊണ്ട് മര്‍ദ്ദിച്ച് പിടികൂടി ബലമായി പിടിച്ചുകൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*കുംഭമേളക്ക് പോകുന്ന* *തീവണ്ടിക്ക് നേരേ കല്ലെറിഞ്ഞ* *അക്രമികളെ* *പോലീസ് സ്നേഹപൂർവ്വം* *കൂട്ടിക്കൊണ്ട് പോകുന്നു* ”
എന്നാല്‍ വീഡിയോയ്ക്ക് 2025 ലെ മഹാകുംഭമേളയുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ സൂരി പട്ടണത്തിൽ നടന്ന ഒരു സംഭവത്തിൽ നിന്നുള്ളതാണ് വീഡിയോ.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ പലരും ഇതേ വീഡിയോ പങ്കിട്ടിട്ടുണ്ടെന്ന് കണ്ടെത്തി. 2025 ജനുവരി 28 ന് ഒരു പ്രാദേശിക ബംഗ്ലാ യൂട്യൂബ് ചാനലില്‍ ഇതേ വീഡിയോ അപ്‌ലോഡ് ചെയ്തതായി കണ്ടു. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ സൂരി പട്ടണത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് വീഡിയോയുടെ വിവരണത്തിൽ പരാമർശിച്ചിട്ടുണ്ട്.
വീഡിയോയിലെ ദൃശ്യങ്ങള്‍ യൂട്യൂബ് വീഡിയോയിലേതിന് സമാനമാണ്
പിടിഐ റിപ്പോർട്ട് ഉദ്ധരിച്ച് 2025 ജനുവരി 29 ന് ദി പ്രിന്‍റ് പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ സൂരി പട്ടണത്തിലാണ് സംഭവം നടന്നത്, ജില്ലാ ആസ്ഥാനത്തിന് സമീപമുള്ള ഭൂമി തർക്കത്തെത്തുടർന്ന് ഭരണകക്ഷിയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് 20 പേരെ അറസ്റ്റ് ചെയ്തു.
റിപ്പോര്‍ട്ട് അനുസരിച്ച്, “ജില്ലാ ആസ്ഥാന പട്ടണമായ സൂരിക്കടുത്തുള്ള മല്ലിക്പൂർ ഗ്രാമത്തിൽ ഒരു സംഘം പ്രവേശിച്ചു, അവർ നാട്ടുകാരെ ഭീഷണിപ്പെടുത്തിയപ്പോൾ ഒരു സംഘർഷമുണ്ടായി. പോലീസ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് പോയി ഗ്രാമവാസികളെ ഭയപ്പെടുത്താൻ തോക്ക് ചൂണ്ടിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. താമസിയാതെ, സംഘത്തിലെ മറ്റ് അംഗങ്ങൾ പ്രാദേശിക പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുകയും അറസ്റ്റിലായ ആളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന മറ്റ് ഗ്രാമവാസികൾ പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത ആളുകളെ കെട്ടിയിട്ടു, കൂടുതൽ സേന എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.”
കൂടാതെ കീവേഡ് ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ 2025 ജനുവരി 28 ന് റിപ്പബ്ലിക് ബംഗ്ലായുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ ലഭിച്ചു. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ സൂരി പട്ടണത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമർശമുണ്ട്.
പ്രയാഗ്‌രാജിലേക്കുള്ള യാത്രാമധ്യേ ട്രെയിനിനു നേരെ കല്ലെറിഞ്ഞ രണ്ട് സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജനുവരിയിൽ ആദ്യം മഹാരാഷ്ട്രയിലെ ജൽഗാവ് റെയിൽവേ സ്റ്റേഷന് സമീപം തപ്തി ഗംഗാ എക്സ്പ്രസിനു നേരെ കല്ലെറിയപ്പെട്ടു, ഹർപാൽപൂർ റെയിൽവേ സ്റ്റേഷനിൽ മഹാ കുംഭ് സ്പെഷ്യൽ ട്രെയിനിനായി കാത്തിരുന്ന യാത്രക്കാർ ബോഗികളുടെ വാതിലുകൾ പൂട്ടിയിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ട്രെയിന് നേരെ കല്ലെറിഞ്ഞു.
എന്നാല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള ഈ വീഡിയോയ്ക്ക് കുംഭമേളയുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ സൂരി പട്ടണത്തിനടുത്തുള്ള മല്ലിക്പൂര്‍ ഗ്രാമത്തില്‍ നടന്ന സംഭവമാണിത്. പ്രയാഗ്‌രാജിലേക്ക് പോകുന്ന ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവങ്ങളുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘കുംഭമേളയ്ക്ക് പോകുന്ന ട്രെയിന് നേരെ കല്ലേറ് നടത്തിയയാളെ പോലീസ് പിടികൂടിയ ദൃശ്യങ്ങള്‍’-പ്രചരിക്കുന്നത് പശ്ചിമ ബംഗാളില്‍ നിന്നുള്ള വീഡിയോ…
Fact Check By: Vasuki SResult: MISLEADING
