ഇറാന്‍ അനുകൂല പ്രകടനത്തിന് നേരെ യുപിയില്‍ പൊലിസ് ലാത്തിച്ചാര്‍ജ്..? പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്…

False അന്തര്‍ദേശീയം | International ദേശീയം | National

ഇസ്രായേൽ തലസ്ഥാനമായ ടെഹ്‌റാനിലും യുഎസ് സൈനിക കേന്ദ്രമുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലും ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പടെയുള്ളവ ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തുകയാണ്. അമേരിക്കയും ഇസ്രയേലും ഇറാനിൽ പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ട്.  ഇതിനിടെ ഉത്തർപ്രദേശിൽ ഇറാനെ പിന്തുണച്ച് റാലി നടത്തുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തപ്പോള്‍ യുപി പൊലീസ് ഇവര്‍ക്കെതിരെ ലാത്തിച്ചാർജ് നടത്തിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ഒരു വലിയ ജനക്കൂട്ടത്തെ പോലിസ് ലാത്തി വീശി നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. യുപിയില്‍ ഇറാന്‍ അനുകൂല പ്രചരണം നടത്തിയവരെ പോലിസ് കൈകാര്യം ചെ൪യ്യുന്ന ദൃശ്യങ്ങളാണ് ഇതെന്ന് ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “UP യിൽ ഇന്ത്യാ വിരുദ്ധ പ്രകോപന മുദ്രാവാക്യങ്ങളുമായി ഇറങ്ങിയ ഖമേനിയുടെ പുത്രൻമാർക്ക് UP പോലീസ് നൽകിയ വിരുന്ന്”

FB postarchived link

എന്നാൽ ദൃശ്യങ്ങള്‍ ഇറാൻ അനുകൂല റാലിക്കെതിരെയുള്ള  ലാത്തിച്ചാർജ് അല്ലെന്ന് അന്വേഷണത്തിൽ  ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2025 സെപ്റ്റംബർ 26ന് ഉത്തർപ്രദേശിൽ ഐ ലവ് മുഹമ്മദ് റാലിക്കെതിരെയുള്ള പൊലീസ് നടപടിയുടെ ദൃശ്യങ്ങളാണ് ഇതെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 

ന്യൂസ് 9 ലൈവ് 2025 സെപ്റ്റംബർ 26ന് യൂട്യൂബിൽ സമാന ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ബറേലിയിൽ സംഘടിപ്പിച്ച ഐ ലവ് മുഹമ്മദ് പ്രതിഷേധങ്ങൾക്ക് പിന്നാലെ കല്ലേറും ലാത്തിച്ചാർജും ഉണ്ടായി എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട്. 

 

ഉത്തർപ്രദേശിലെ ബറേലിയിൽ 2025 സെപ്റ്റംബർ 26ന് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പ്രതിഷേധം നടന്നുവെന്നും സമരക്കാർ കല്ലേറ് നടത്തിയപ്പോള്‍ പൊലീസ് ലാത്തിച്ചാർജ് ആരംഭിച്ചുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ‘ഐ ലവ് മുഹമ്മദ്’ എന്ന പോസ്റ്ററിനെച്ചൊല്ലി ബറേലിയിലെ ഇസ്ലാമിയ ഗ്രൗണ്ടിന് സമീപം ആരംഭിച്ച തര്‍ക്കമാണ് സംഘര്‍ഷമായി മാറിയത്

ഉത്തർപ്രദേശിലെ ബറേലിയിൽ ‘ഐ ലവ് മുഹമ്മദ്’ ക്യാമ്പയിനെ പിന്തുണച്ച് പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തത് ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ മേധാവിയായ തൗഖീർ റാസയാണെന്നും ഇദ്ദേഹത്തെ സെപ്റ്റംബർ 27ന് അറസ്റ്റ് ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഉത്തർപ്രദേശിൽ ഖമനേയുടെ മരണത്തിന് പിന്നാലെ നടന്ന റാലികളിൽ സംഘർഷമുണ്ടായതായി റിപ്പോർട്ടുകളില്ല. അതേസമയം ജമ്മുകാശ്മീരിൽ പ്രതിഷേധകരും പൊലീസും ഏറ്റുമുട്ടിയതായി വാർത്തകളുണ്ട്.

നിഗമനം 

ഇറാന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ മരണത്തെ തുടര്‍ന്ന്  യുപിയില്‍ നടന്ന ഇറാൻ അനുകൂല റാലിക്കെതിരെ യുപി പൊലീസ് ലാത്തിച്ചാർജ് നടത്തിയെന്ന് പ്രചരിപ്പിക്കുന്നത് 2025 സെപ്റ്റംബർ 26ന് ബറേലിയിൽ നടന്ന ഐ ലവ് മുഹമ്മദ് റാലിക്കെതിരായ ലാത്തിച്ചാർജിന്‍റെ ദൃശ്യങ്ങളാണ്. ഖമേനിയുടെ മരണവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇറാന്‍ അനുകൂല പ്രകടനത്തിന് നേരെ യുപിയില്‍ പൊലിസ് ലാത്തിച്ചാര്‍ജ്..? പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്…

Fact Check By: Vasuki S 

Result: False

Leave a Reply