
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
മാധ്യമങ്ങളോട് വിഡി സതീശൻ രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തി സംസാരിക്കുന്ന വിഡി സതീശൻ ബിജെപി ഐഡിയോളജി ഉള്ളയാളാണ് രാജീവ് ചന്ദ്രശേഖര്‍ എന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കഠിനാധ്വാനി ആണെന്നും അദ്ദേഹത്തിന്‍റെ കൂടെ കോൺഗ്രസ് ഉണ്ടെന്നും വിഡി സതീശൻ പറയുന്നതായി ദൃശ്യങ്ങളിൽ കാണാം. വിഡി സതീശൻ ബിജെപി പ്രസിഡന്‍റിനെ പുകഴ്ത്തി സംസാരിക്കുന്നു എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “”മനസ്സിൽ ഉള്ള കാര്യങ്ങൾ ചിലപ്പോൾ ഞാൻ വിളിച്ചുപറയും. BJP അധ്യക്ഷൻ എന്റെ ചങ്കാണ്. ഞങ്ങൾ ഒന്നാണ് “. പ്രതിപക്ഷ നേതാവ് വിഡ്ഢിശൻ🤣🤣🤣🤣.”
എന്നാൽ എഡിറ്റഡ് വീഡിയോ ആണിതെന്ന് അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
2025 മാർച്ച് 23ന് വിഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രണ്ട് വ്യത്യസ്ത ചോദ്യങ്ങൾക്ക് പറഞ്ഞ മറുപടികൾ ചേർത്ത് നിർമ്മിച്ചതാണ് വീഡിയോ. വീഡിയോ സൂക്ഷ്മമായി നോക്കിയാല്‍ ചില ഭാഗങ്ങൾ കട്ട് ചെയ്ത് ചേർത്തിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ‘എന്തായാലും രാജീവ് ചന്ദ്രശേഖർ ബിജെപി ഐഡിയോളജി ഉള്ളയാളാണെന്ന് ഞാൻ കരുതുന്നില്ല’ എന്ന് പറഞ്ഞതിന് ശേഷമുള്ള ഭാഗമാണ് കട്ട് ചെയ്ത് ചേർത്തിരിക്കുന്നത്. പിന്നീടുള്ള ഭാഗത്താണ് ‘അത്രയും കഠിനാധ്വാനിയായിട്ടുള്ള ആളാണ്, ചിലപ്പോൾ നമുക്ക് അത്ഭുതം തോന്നും അതുപോലെ പ്രവർത്തിക്കുന്ന ആളാണ്…” എന്ന് തുടങ്ങുന്ന പ്രശംസകൾ തുടങ്ങിയത്. രാജീവ് ചന്ദ്രശേഖറിനെ കുറിച്ച് പറഞ്ഞ ഭാഗവും പ്രശംസയുടെ ഭാഗവും തമ്മിൽ ചേർത്താണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.
വിഡി സതീശന്‍ വീഡിയോയില്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ 2025 മാർച്ച് 23ന് ന്യൂസ് 18 കേരള യൂട്യൂബിൽ പങ്കുവച്ച വീഡിയോ ലഭ്യമായി.
വീഡിയോയുടെ തുടക്കത്തിൽ ഒരു മാധ്യമപ്രവർത്തക ‘ഈ പ്രസംഗത്തിൽ വളരെ വൈകാരികമായിട്ടാണ് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചത്, അദ്ദേഹത്തിന് ഇത്രയും സങ്കടമുണ്ടെന്ന് നിങ്ങൾക്ക് അറിയാമായിരുന്നോ’ എന്ന് ചോദിക്കുന്നുണ്ട്. ഇതിന് മറുപടി പറയുന്ന അവസരത്തിലാണ് പ്രശംസിക്കുന്നതു പോലുള്ള വാക്കുകൾ വിഡി സതീശൻ പറയുന്നത്. രാജീവ് ചന്ദ്രശേഖറിനെ കുറിച്ചുള്ള ചോദ്യവും പ്രതികരണവും പിന്നീടാണ് നടന്നത്.
കൊടിക്കുന്നിൽ സുരേഷിനെ കുറിച്ച് വിഡി സതീശൻ സംസാരിക്കുന്ന ദൃശ്യം ഉൾപ്പെടുത്തിയ റിപ്പോർട്ട് മീഡിയ വൺ മാർച്ച് 23ന് പങ്കുവച്ചിട്ടുണ്ട്.
മാവേലിക്കരയിൽ കൂടുതൽ മത്സരിച്ചതിന് താൻ മാത്രം വേട്ടയാടപ്പെടുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞുവെന്നും ഇതിന് മറുപടിയായിട്ടാണ് വിഡി സതീശൻ അദ്ദേഹത്തെ ചേർത്ത് നിർത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലുള്ള വിഡി സതീശന്‍റെ പ്രതികരണം തന്നെയാണ് വൈറൽ വീഡിയോയിലും ഉൾപ്പെടുത്തിയിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷിന്‍റെ പ്രസ്താവനയും വിഡി സതീശന്റെ പ്രതികരണവും ഉൾപ്പെടുത്തിയ വീഡിയോ റിപ്പോർട്ട് റിപ്പോര്‍ട്ടര്‍ ടിവി മാർച്ച് 23ന് കൊടുത്തിട്ടുണ്ട്.
വീഡിയോയിൽ വിഡി സതീശൻ കൊടിക്കുന്നിൽ സുരേഷിനെ കുറിച്ച് സംസാരിക്കുന്നതും പിന്നീട് രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുന്നതും കാണാം. 2.33 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 1.33 മിനിറ്റ് മുതലുള്ള ഭാഗത്താണ് ഈ പ്രതികരണം. ഈ ഭാഗത്താണ് രാജീവ് ചന്ദ്രശേഖർ അങ്ങനെ ബിജെപി ഐഡിയോളജിയുള്ളയാളാണെന്ന് താൻ കരുതുന്നില്ലെന്നും ലേറ്റ് എൻട്രിയാണല്ലോ എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
വിഡി സതീശൻ രാജീവ് ചന്ദ്രശേഖറിനെ പ്രശംസിച്ച് സംസാരിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ എഡിറ്റഡാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തി സംസാരിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്. രണ്ടു വ്യത്യസ്ത വീഡിയോകള്‍ എടുത്ത് വിഡി സതീശന്‍റെ ചില പ്രത്യേക സംഭാഷണങ്ങള്‍ മാത്രം ചേര്‍ത്താണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:വിഡി സതീശന്‍ രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തി സംസാരിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റഡാണ്, സത്യമറിയൂ…
Fact Check By: Vasuki SResult: Altered
