നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതില്‍ ആഘോഷിക്കുന്ന ജനങ്ങള്‍, വീഡിയോ വെനസ്വേലയില്‍ നിന്നുള്ളതല്ല, അര്‍ജന്‍റീനയിലെതാണ്…

Misleading അന്തര്‍ദേശീയം | International രാഷ്ട്രീയം | Politics

വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും പ്രഥമ വനിത സിലിയ ഫ്ലോറസിനെയും അമേരിക്കന്‍ ഭരണകൂടം മയക്കുമരുന്ന് ഭീകരതയുടെ പേരില്‍ പിടികൂടിയിരുന്നു. അവരെ  തിങ്കളാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് കോടതിയിൽ ഹാജരാക്കി, മയക്കുമരുന്ന് കടത്ത്, ആയുധങ്ങൾ എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി വിചാരണ നേരിടുകയാണ്. ഈ പശ്ചാത്തലത്തില്‍ മഡുറോയുടെ അറസ്റ്റിൽ വെനസ്വേലയിലെ ജനങ്ങൾ ആഘോഷിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

തുറസ്സായ സ്ഥലത്ത് നിരവധി ആളുകൾ പാട്ട് വച്ച്, വെനസ്വേലയുടെ പതാകയുമേന്തി ആഘോഷിക്കുന്നതും ആഹ്ലാദിക്കുന്നതും  ദൃശ്യങ്ങളില്‍ കാണാം. പ്രസിഡന്‍റിനെ അറസ്റ്റ്ചെയ്തതില്‍ വെനസ്വേലയില്‍ ജനങ്ങള്‍ സന്തോഷം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഏകാധിപതിയായ, ലക്ഷകണക്കിന് ആളുകളെ കൊന്നു തള്ളിയ വെനുസ്വലയിലെ പ്രസിഡന്റ്‌ നിക്കോളാസ്, അമേരിക്കയുടെ പിടിയിലായപ്പോൾ ആ രാജ്യത്തെ ജനങ്ങൾ, ആ ഏകാധിപതിയുടെ പതനം ആഘോഷമാക്കി തെരുവുകളിൽ പാട്ടും പാടി നൃത്തം ചെയ്യുന്നു.. ❤️❤️ അവിടെ മയക്കുമരുന്ന് ഒഴുക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ചത് പോരാതെ, അമേരിക്കയിലേക്കും മയക്കുമരുന്ന് കടത്തി, ജനങ്ങളെ നാശത്തിലേക്ക് നയിച്ചവനാണ് ഇപ്പോൾ പിടിയിലായ തെമ്മാടി പ്രസിഡന്റ്‌.. 

NB: എന്നാൽ, കേരളത്തിൽ കമ്മികൾ, അണ്ടിമുക്ക് ബ്രാഞ്ചിൽ, അമേരിക്കക്ക് എതിരെ പ്രമേയം പാസാക്കി പ്രതിഷേധിക്കുന്നു”

FB postarchived link

എന്നാല്‍ ദൃശ്യങ്ങള്‍ വെനസ്വേലയില്‍ നിന്നുള്ളതല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

വി‍ഡിയോ കീഫ്രെയിമുകളുടെറിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസാണ് ദൃശ്യങ്ങളിലുള്ളതെന്ന് സൂചനകള്‍ ലഭിച്ചു. വീഡിയോ നിരീക്ഷിച്ചാല്‍ ഉയരമുള്ള തൂണും വെർട്ടിക്കൽ ഗാർഡന്‍ പോലത്തെ നിര്‍മിതിയും സ്പാനിഷിലെ എഴുത്തുകളും കാണാം. Obelisco de Buenos Aires ആണ് വി‍ഡിയോയില്‍ തൂണ് പോലെ ഉയരത്തിലുള്ളത്. അതായത് ദൃശ്യങ്ങൾ വെനസ്വേലയിൽ നിന്നുള്ളതല്ല, അര്‍ജന്‍റീനയില്‍ നിന്നുള്ളതാണ് എന്ന് വ്യക്തം. 

സമാന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ പോർച്ചുഗീസ് ഭാഷയിലുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചു.

പോര്‍ച്ചുഗീസ് ഭാഷയില്‍ ഒപ്പമുള്ള വിവരണത്തിന്‍റെ പരിഭാഷ ഇങ്ങനെ: “നിക്കോളാസ് മഡുറോയുടെ അറസ്റ്റ് ആഘോഷിക്കാൻ വെനിസ്വേലൻ അഭയാർത്ഥികൾ അര്‍ജന്‍റീനയിലെ ബ്യൂണസ് അയേഴ്‌സിൽ ഒത്തുകൂടി. തടങ്കൽ സ്ഥിരീകരിച്ചതിനുശേഷം അര്‍ജന്‍റീന തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ.”

ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ മഡുറോയുടെ അറസ്റ്റ് ആഘോഷിക്കാൻ ബ്യൂണസ് ഐറിസിൽ അവിടുത്തെ വെനസ്വേലക്കാർ ഒത്തുകൂടിയതിന്‍റെ ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമാക്കി റോയിറ്റേഴ്സ് പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. 

വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പെടുത്തി ANI ന്യൂസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

 

ദൃശ്യങ്ങള്‍ ബ്യൂണസ് ഐറിസില്‍ നിന്നുള്ളതാണ് എന്ന് ഉറപ്പിക്കാന്‍ ഞങ്ങള്‍ ഗൂഗിള്‍ മാപ്പ്സ് തിരഞ്ഞു. ജ്ജനങ്ങള്‍ ഒത്തുകൂടിയ സ്ഥലം ഒബെലിസ്കോ ഡി ബ്യൂണസ് അയേഴ്സ് തന്നെയാണ് എന്ന് ഗൂഗിള്‍ മാപ്പ്സില്‍ നിന്നും വ്യക്തമാണ്. അര്‍ജന്‍റീനയിൽ മാത്രമല്ല, ലോകത്തിന്‍റെ പല ഭാഗത്തുള്ള വെനസ്വേലക്കാരും അറസ്റ്റില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.

നിഗമനം 

പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ വെനസ്വേലയിൽ നിന്നുള്ളതല്ല. അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ മഡുറോയുടെ അറസ്റ്റ് ആഘോഷിക്കാൻ അവിടെയുള്ള വെനസ്വേലക്കാർ ഒത്തുകൂടിയതിന്‍റെ ദൃശ്യങ്ങളാണിത്. 

ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതില്‍ ആഘോഷിക്കുന്ന ജനങ്ങള്‍, വീഡിയോ വെനസ്വേലയില്‍ നിന്നുള്ളതല്ല, അര്‍ജന്‍റീനയിലെതാണ്…

Fact Check By: Vasuki S 

Result: Misleading