
വിവരണം
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച BJP, MLA അനിൽ ഉപാദ്ധ്യായയെ സ്ത്രീകൾ കൈകാര്യം ചെയ്യുന്നത് കാണുക, കഷ്ടം😁 വിഡിയോ ഉണ്ട് എന്ന വിവരണവുമായി രണ്ടു മൂന്നു ചിത്രങ്ങൾ ഒരു പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോ ആവശ്യമുള്ളവർ കമന്‍റില്‍ നോക്കാനും പോസ്റ്റിലൂടെ നിർദേശിക്കുന്നു. 17 മണിക്കൂറുകൾ കൊണ്ട് പോസ്റ്റിനു ലഭിച്ചിരിക്കുന്നത് 2700 റോളം ഷെയറുകളാണ്.

archived link | FB post |
അനിൽ ഉപാധ്യായ എന്ന പേരിൽ ബിജെപി എംഎൽഎ ഇല്ലെന്നും ഇത് വെറുമൊരു സാങ്കല്പിക കഥാപാത്രമാണെന്നും പല വസ്തുതാ അന്വേഷണ റിപ്പോർട്ടുകളിലും ഞങ്ങൾ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവം യഥാർത്ഥത്തിൽ എന്താണ്…? ജനങ്ങൾ ആരെയാണ് ഇത്തരത്തിൽ കൈകാര്യം ചെയ്തത്..? നമുക്ക് ഈ വാർത്ത എന്താണ് എന്ന് നോക്കാം.
വസ്തുതാ വിശകലനം
ഈ പോസ്റ്റിന്‍റെ താഴെ കമന്‍റുകളിൽ ഈ സംഭവത്തിന്‍റെ വീഡിയോ നൽകിയിട്ടുണ്ട്. ഒരാളെ സ്ത്രീകൾ അടക്കമുള്ളവർ ഉപദ്രവിക്കുന്നതും അപമാനിക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ. ഈ വ്യക്തി തിരിച്ച് യാതൊരു പ്രതികരണവും നടത്തുന്നില്ല. പ്രചാരണം വ്യാജമാണ് എന്ന മട്ടിലുള്ള ചില കമന്‍റുകളും കമന്‍റ് ബോക്സുകളിൽ കാണാം.
പോസ്റ്റിലെ ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് പരിശോധന നടത്തി നോക്കിയപ്പോൾ ഞങ്ങൾക്ക് പോസ്റ്റിലെ വീഡിയോയുടെ യഥാർത്ഥ വാർത്ത ലഭിച്ചു. MSN എന്ന മാധ്യമം നൽകിയ വാർത്ത ഇങ്ങനെയാണ്:

“പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച പവൻ എന്ന സോനുവിനെ ഒരു ‘പൂവാലനെ’ കുടുംബാംഗങ്ങളും നാട്ടുകാരും പരസ്യമായി അപമാനിക്കുകയും തല്ലുകയും ചെയ്തു. പെൺകുട്ടികളിലൊരാളെ പ്രതി പീഡിപ്പിച്ചു. സ്‌കൂളിലേക്കുള്ള കുട്ടികളുടെ യാത്രയ്ക്കിടെ ഇയാൾ അശ്ലീല പരാമർശം നടത്താറുണ്ടായിരുന്നുവെന്നും അവരിൽ ഒരാളെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും ഇരകൾ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ കുടുംബാംഗങ്ങൾ പവനെ നഗ്നനായി നടത്തിക്കുകയും പരസ്യമായി മർദ്ദിക്കുകയും ചെയ്തു. പോക്‌സോ നിയമത്തിലെ സെക്ഷൻ 12 (ലൈംഗിക പീഡനത്തിനുള്ള ശിക്ഷ), ഐപിസി 56-ാം വകുപ്പ് (ക്രിമിനൽ ഭീഷണികൾക്കുള്ള ശിക്ഷ) എന്നിവ പ്രകാരം പോലീസുകാർ പവനെതിരെ കേസെടുത്തു.
ടൈംസ് ഓഫ് ഇന്ത്യയും മറ്റു ചില മാധ്യമങ്ങളും ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോയുടെ മുകളിൽ ആൾട്ട് ന്യൂസ് വസ്തുത അന്വേഷണം നടത്തി ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. അനിൽ ഉപാധ്യായ എന്ന സാങ്കൽപ്പിക ബിജെപി എംഎൽഎയുടെ പേരിൽ മറ്റൊരു സന്ദർഭത്തിൽ നടന്ന സംഭവം പ്രചരിപ്പിക്കുകയാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഹരിയാനയിലെ അംബാല എന്ന സ്ഥലത്ത് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച ഒരു യുവാവിനെ പെൺകുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തള്ളുകയും അപമാനിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.

Title:ഇത് ബിജെപി MLA അനിൽ ഉപാദ്ധ്യായയെ സ്ത്രീകൾ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളല്ല, സത്യാവസ്ഥ ഇതാണ്…
Fact Check By: Vasuki SResult: False
