FACT CHECK: ചിത്രത്തിലുള്ളത് വയലാറില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ നന്ദുവല്ല, പരിക്കേറ്റ് ചികിത്സയിലുള്ള മറ്റൊരു നന്ദുവാണ്…

പ്രാദേശികം | Local രാഷ്ട്രീയം | Politics

പ്രചരണം 

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയ്ക്കടുത്ത് വയലാറില്‍ കഴിഞ്ഞ ദിവസം  നടന്ന രാഷ്ട്രീയ കൊലപാതകം കേരളത്തെ ആകെ ഞെട്ടിച്ചു. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഇരുപത്തിരണ്ടുകാരന്‍ നന്ദുവാണ് കൊല്ലപ്പെട്ടത്. ബിജെപിയും ഹിന്ദു സംഘടനകളും ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും സംഭവം നടന്ന വയലാറിലും ചേര്‍ത്തലയിലും കൂടാതെ അമ്പലപ്പുഴയിലും തുടര്‍ സംഘര്‍ഷങ്ങളുണ്ടായി. 

കൊല്ലപ്പെട്ട നന്ദുവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. 

archived linkFacebook

പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് കൊല്ലപ്പെട്ട നന്ദുവിനെ കുറിച്ച് ആണെങ്കിലും ചിത്രം കൊല്ലപ്പെട്ട നന്ദുവിന്‍റെതല്ല. കൂടുതല്‍ വിശദമാക്കാം

Facebook | archived link

വസ്തുത ഇതാണ്

സാമൂഹ്യ മാധ്യമങ്ങളില്‍ കൊല്ലപ്പെട്ട നന്ദുവിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട്  വിവിധ ചിത്രങ്ങള്‍ നിരവധിപ്പേര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിലെല്ലാം മറ്റൊരു ചിത്രമാണ് നല്‍കിയിട്ടുള്ളത്. 

കൂടാതെ ഞങ്ങള്‍ ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരമനുസരിച്ച്  ഇതേ സംഘര്‍ഷത്തില്‍ നന്ദു ആര്‍ കൃഷ്ണ എന്ന് പേരുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പ്രമുഖ മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്. 

കൂടാതെ നന്ദു എന്നുപേരുള്ള മറ്റൊരു യുവാവ് ഇതേ ആക്രമണത്തില്‍   ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ആയിട്ടുണ്ട്. ആ നന്ദുവിന്‍റെ ചിത്രമാണ് കൊല്ലപ്പെട്ട നന്ദുവിന്‍റെ പേരില്‍ പ്രചരിക്കുന്നത്. 

malayalam.news18 | archived link

കൊലപാതകത്തെ അപലപിച്ച് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു. അതില്‍ മരിച്ച നന്ദുവിന്റെ ചിത്രം തന്നെയാണ് നല്‍കിയിട്ടുള്ളത്.

amitmalviya

ഞങ്ങള്‍ ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള ആര്‍ എസ് എസ് വിഭാഗ് സഹ കാര്യവാഹ് മോഹനോട് പോസ്റ്റിലെ പ്രച്ചരണത്തെ കുറിച്ച്  അന്വേഷിച്ചു. “ചിത്രത്തിലുള്ളത് കൊല്ലപ്പെട്ട നന്ദുവല്ല. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഞങ്ങളുടെ മറ്റൊരു പ്രവര്‍ത്തകനായ നന്ദുവിന്‍റെതാണ്.  കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍റെയും പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ഇരിക്കുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍റെയും പേര് നന്ദു എന്നുതന്നെയാണ്. അതാവാം ഇത്തരത്തില്‍ തെറ്റിദ്ധരിച്ച് ചിത്രം പ്രചരിക്കാന്‍ കാരണം.” ഇതാണ് അദ്ദേഹം നല്‍കിയ മറുപടി.  

താഴെയുള്ള താരതമ്യ ചിത്രം ശ്രദ്ധിക്കുക

കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നന്ദുവിന്‍റെയും അക്രമത്തില്‍ പരിക്കേറ്റ നന്ദുവിന്‍റെയും ചിത്രങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട് എന്ന് മനസ്സിലാക്കാം.

നിഗമനം

പോസ്റ്റില്‍ നല്കിയിയിരിക്കുന്ന ചിത്രം വയലാറില്‍ എസ് ഡി പി ഐ ആക്രമത്തില്‍ കൊല്ലപ്പെട്ട നന്ദുവിന്‍റെതല്ല. ഗുരുതരമായി പരിക്കേറ്റ് ആശുപതിയില്‍ ചികിത്സയില്‍ കഴിയുന്ന മറ്റൊരു നന്ദുവിന്‍റെതാണ്.

Avatar

Title:ചിത്രത്തിലുള്ളത് വയലാറില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ നന്ദുവല്ല, പരിക്കേറ്റ് ചികിത്സയിലുള്ള മറ്റൊരു നന്ദുവാണ്…

Fact Check By: Vasuki S 

Result: Partly False