
ഭൂരഹിതരും ഭവനരഹിതരുമായ പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച സമഗ്ര ഭവന പദ്ധതിയാണ് ലൈഫ് മിഷൻ. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതിയുമായി സംയോജിപ്പിച്ചാണ് (PMAY-LIFE) പ്രധാനമായും ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നിർമ്മിക്കുന്നതിനായി 4 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്.
ഇതിൽ കേന്ദ്ര വിഹിതവും സംസ്ഥാന/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവും അടങ്ങിയിരിക്കുന്നു. പുതിയ യുഡിഎഫ് സർക്കാറിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, വീടുകളിൽ ലോഗോ വയ്ക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞതിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ലൈഫ് മിഷൻ വീടുകളിൽ ലോഗോ പതിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മുൻമന്ത്രി എം.ബി രാജേഷ് ഉത്തരവിറക്കിയിരുന്നു എന്നൊരു പ്രചരണം ഈ പശ്ചാത്തലത്തില്‍ ആരംഭിച്ചിട്ടുണ്ട്.
പ്രചരണം
“PMAY പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകൾക്ക് ലോഗോ പതിക്കണമെന്ന മുൻ മന്ത്രി എം ബി രാജേഷിൻ്റെ ഉത്തരവ് പുറത്ത്
അന്ന് സംഘി രാജേഷിനും പിണറായി വിജയനും മോഡിയോട് വിധേയത്വം ആയിരുന്നോ
സഖാക്കളെ..!” എന്ന വാചകങ്ങളും എംബി രാജേഷിന്റെ ചിത്രവും ‘സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പുമാണ്’ പ്രചരിക്കുന്ന പോസ്റ്ററിലുള്ളത്.

എന്നാല്‍ ഇത് PMAY പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകൾക്ക് ലോഗോ പതിക്കണമെന്ന മുൻ മന്ത്രി എം ബി രാജേഷിൻ്റെ ഉത്തരവ് അല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പോസ്റ്ററിൽ കൊടുത്തില്ലുള്ള ഉത്തരവിനെ കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ അത് 2023 നവംബർ 4-ന് കുടുംബശ്രീ ഡയറക്ടർ എല്ലാ നഗരസഭാ സെക്രട്ടറിമാർക്കും അയച്ച ഔദ്യോഗിക കത്താണെന്ന് വ്യക്തമായി. കേരളത്തിൽ പ്രധാൻ മന്ത്രി ആവാസ് യോജന (അർബൻ) – ലൈഫ് പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഏജൻസി കുടുംബശ്രീയാണ്.
കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കുന്നതിന് PMAY പ്രകാരം നിർമ്മിച്ച വീടുകളിൽ നിർബന്ധമായും ലോഗോയും വിവരങ്ങളും അടങ്ങിയ ബോർഡുകൾ സ്ഥാപിക്കണമെന്ന കേന്ദ്രം നിർദേശം വ്യക്തമാക്കി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എല്ലാ നഗരസഭാ സെക്രട്ടറിമാർക്കും അയച്ച കത്തിന്റെ പകര്‍പ്പാണ് പ്രചരിക്കുന്ന പോസ്റ്ററില്‍ കാണുന്നത്.

പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിന് പിഎംഎവൈ (നഗരം) പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ ലോഗോ പതിപ്പിക്കുന്നത് നിർബന്ധമാണെന്ന് പിഎംഎവൈ-നഗരം മാർഗ്ഗരേഖ നിഷ്കർഷിക്കുന്നു. കേന്ദ്രസർക്കാർ പുറത്തിറക്കിയ ‘സ്റ്റാൻഡേർഡ് ലോഗോ’ മാത്രമേ ഉപയോഗിക്കാവൂ എന്നും ഇതിൽ യാതൊരുവിധ മാറ്റങ്ങളും വരുത്താൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. കൂടാതെ പ്രാദേശിക ഭാഷയ്ക്ക് മുൻഗണന നൽകി ഗുണഭോക്താവിന്റെ പേരുവിവരങ്ങൾ ലോഗോയോടൊപ്പം വീടിന്റെ ചുവരിൽ പതിക്കുകയോ കൊത്തിവെക്കുകയോ വേണം. പദ്ധതിയുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ലോഗോ പ്രദർശിപ്പിക്കുന്നത് എന്ന് കേന്ദ്ര സര്‍ക്കാരിന്റെ പിഎംഎവൈ വെബ്സൈറ്റില്‍ പറയുന്നു.
ഇതിന് ശേഷം PMAY ഉൾപ്പെടെയുള്ള ഭവന പദ്ധതികൾക്ക് കീഴിൽ നിർമ്മിക്കുന്ന വീടുകളിൽ ലോഗോ പതിപ്പിച്ച് ‘ബ്രാൻഡിംഗ്’ ചെയ്യണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രിക്ക് എംബി രാജേഷ് കത്തയച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അപലപിച്ചിരുന്നു.
കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടർയുമായി 2025 മാർച്ച് 15-ന് നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ എം.ബി. രാജേഷ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനപദ്ധതിയുടെ ഭാഗമായി വീടുകളുടെ മുന്നിൽ ലോഗോ സ്ഥാപിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിബന്ധന പിൻവലിക്കണമെന്നും, അത്തരം ലോഗോകൾ ഗുണഭോക്താക്കളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്ന കേരള സർക്കാരിന്റെ നിലപാട് വീണ്ടും കേന്ദ്ര മന്ത്രിയെ അറിയിച്ചുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്.

നിഗമനം
പിഎംഎവൈ പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകൾക്ക് ലോഗോ പതിക്കണമെന്ന മുൻ മന്ത്രി എം.ബി രാജേഷ് ഉത്തരവിട്ടിരുന്നു എന്ന് പ്രചരിപ്പിക്കുന്നത് കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കുന്നതിന് PMAY പ്രകാരം നിർമ്മിച്ച വീടുകളിൽ നിർബന്ധമായും ലോഗോയും വിവരങ്ങളും അടങ്ങിയ ബോർഡുകൾ സ്ഥാപിക്കണമെന്ന കേന്ദ്ര നിർദേശം വ്യക്തമാക്കി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ 2023 നവംബറില്‍ എല്ലാ നഗരസഭാ സെക്രട്ടറിമാർക്കും അയച്ച കത്തിന്റെ പകര്‍പ്പാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




