
പേരാമ്പ്രയില്‍ നിന്നുള്ള നിയമസഭാംഗം ഫാത്തിമ തഹലിയയുടെ, സ്ഥാനത്തിനു നിരക്കാത്ത പരാമര്‍ശം എന്നവകാശപ്പെട്ട് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
“എനിക്ക് സാധാരണക്കാരെക്കാൾ പ്രിവിലേജ് ഉണ്ട്
കാരണം ഞാൻ MLA ആണ്
ജനങ്ങൾക്ക് എന്നെ ചോദ്യം ചെയ്യാൻ അവകാശമില്ല
ഫാത്തിമ തഹലിയ” എന്ന വാചകങ്ങളും ഫാത്തിമ തഹലിയയുടെ ചിത്രവുമാണ് പോസ്റ്ററിലുള്ളത്.

എന്നാല്‍ ഫാത്തിമ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യാജ പ്രചരണം മാത്രമാണ് ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഫാത്തിമ തഹലിയ ഇങ്ങനെയൊരു പരാമർശം നടത്തിയിരുന്നെങ്കില്‍ തീര്‍ച്ചയായും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമായിരുന്നു. എന്നാല്‍ പ്രചാരണത്തെ സാധൂകരിക്കുന്ന യാതൊരു റിപ്പോര്‍ട്ടുകളും ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല. ഫാത്തിമ തഹലിയയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യാജ പ്രചരണത്തെ സംബന്ധിച്ച് ഏഷ്യാനെറ്റ് നല്‍കിയ ന്യൂസ് കാര്‍ഡ് പങ്കുവച്ചിട്ടുണ്ട്.

നിയമസഭയില്‍ തനിക്കെതിരെയുള്ള വ്യാജ പ്രചാരണത്തെ കുറിച്ച് പറഞ്ഞതിന്‍റെ വീഡിയോ ഫാത്തിമ തഹലിയ ഫേസ്ബുക്ക് പേജില്‍ നല്‍കിയിട്ടുണ്ട്.
2026 ജൂലൈ ഒന്നിന് നിയമസഭയിൽ നടന്ന ധനബിൽ ചർച്ചയിൽ, സൈബർ അധിക്ഷേപങ്ങളെയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജപ്രചരണത്തെയും കുറിച്ച് ഫാത്തിമ തഹലിയ ആശങ്ക പങ്കുവച്ചിരുന്നു. തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ ഒരു വ്യാജ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി അവർ സഭയിലെ പ്രസംഗത്തിൽ പറയുകയുമുണ്ടായി.

സഭാ ടിവി ദൃശ്യങ്ങളില്‍ തനിക്കെതിരായി വ്യാജ പോസ്റ്റർ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് അവർ പറയുന്നു:
“സ്ത്രീകൾക്കെതിരായ സൈബർ അതിക്രമങ്ങളുടെ എവിടെയും ഏതു രൂപത്തിലുമുള്ള പോസ്റ്റർ തയ്യാറാക്കാൻ പറ്റും വിശ്വസനീയമായിട്ടുള്ള രൂപത്തിൽ ഒരു പോസ്റ്റർ തയ്യാറാക്കിയിട്ട് എന്‍റെ വ്യക്തിത്വത്തെ ഞാൻ എന്‍റെ എന്ന് പറയുമ്പോൾ അത് ഒരു വ്യക്തി എന്നുള്ളതിൽ അപ്പുറത്തേക്ക് ഞാൻ പ്രതിനിധീകരിക്കുന്ന ഒരു സമൂഹത്തിനെ കൂടിയും അങ്ങയുടെ മുൻപിലേക്ക് വയ്ക്കുകയാണ്, സർ ഞങ്ങളുടെ എല്ലാവരുടെയും മാന്യതയെ സ്ത്രീത്വത്തിനെ അപമാനിക്കുന്ന രൂപത്തിൽ ആർക്കും എന്തും പറയാം എന്നുള്ള രൂപത്തിൽ സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞു” എന്നാണ് ഫാത്തിമ പറയുന്നത്.
ഫാത്തിമ സഭയിൽ പറഞ്ഞതിന് മറുപടിയായി ‘ഇവിടെനിന്നു തന്നെ വിഷയം സൈബർ പോലീസിൻ്റെ ശ്രദ്ധയിൽപെടുത്തുമെന്ന്’ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മറുപടി നല്‍കുകയും ചെയ്തിരുന്നു.
നിഗമനം
എംഎല്‍എ ആയതിനാല്‍ തനിക്ക് സാധാരണക്കാരെക്കാൾ പ്രിവിലേജ് ഉണ്ടെന്നും ജനങ്ങൾക്ക് ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹലിയ പറഞ്ഞുവെന്നത് വ്യാജ പ്രചരണം മാത്രമാണ്. വ്യാജ പ്രചരണത്തിനെതിരെ ഫാത്തിമ തഹലിയ പരാതി നല്‍കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




