മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ മരിച്ചുപോയ വൈസ് ചാന്‍സലറുടെ ഒപ്പ് എന്ന് വ്യാജ പ്രചരണം…

രാഷ്ട്രീയം | Politics

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ഈയിടെ വിവാദങ്ങളും ചർച്ചകളും സജീവമായിരുന്നു. അടുത്തിടെ, പ്രധാനമന്ത്രി മോദിയുടെ ബിരുദത്തെ കുറിച്ച്  വിവരാവകാശ (ആർടിഐ)പ്രകാരം അന്വേഷണം നടത്തിയതിന്  ഗുജറാത്ത് ഹൈക്കോടതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴ വിധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റും അതിന് അനുമതി നല്കിയ വൈസ് ചാന്‍സലറും എന്ന അവകാശവാദവുമായി രണ്ടു ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

22-08-1980 മുതൽ 13-07-1981 വരെയുള്ള കാലഘട്ടത്തിൽ വൈസ് ചാൻസലറായി നിയമിതനായ പ്രൊഫ. ശാസ്ത്രിയുടെ ഫോട്ടോ ഉൾക്കൊള്ളുന്ന ചിത്രത്തിനൊപ്പം പ്രധാനമന്ത്രി മോദിയുടെ എംഎ ബിരുദത്തിന്റെ ചിത്രവും ചേര്‍ത്താണ് പ്രചരണം. ഗുജറാത്ത് സർവ്വകലാശാലയുടെ വൈസ് ചാൻസലറായിരുന്ന പ്രൊഫസർ കെ എസ് ശാസ്ത്രി പ്രധാനമന്ത്രി മോദിക്ക് ബിരുദം നൽകുന്നതിന് മുമ്പ് മരിച്ചുവെന്ന് ആരോപിച്ചാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. 

പ്രധാനമന്ത്രി മോദിയുടെ ബിരുദം ഒപ്പിട്ട പ്രൊഫ. ശാസ്ത്രി 1981-ൽ തന്റെ കാലാവധി അവസാനിപ്പിച്ചിരുന്നുവെന്നും 1983-ൽ മോദിയുടെ ബിരുദം അദ്ദേഹത്തിന്റെ ഒപ്പോടുകൂടിയാണ് നൽകിയതെന്നും സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: 

പ്രധാനമന്ത്രിയുടെ ബിരുദം ഒപ്പിട്ട വൈസ് ചാൻസലർ കെ.എസ്.ശാസ്ത്രി 1981ൽ അന്തരിച്ചു…

പിന്നെ എങ്ങനെയാണ് ബിരുദം അച്ചടിച്ചത്?” 

FB postarchived link

മരിച്ചുപോയ വൈസ് ചാൻസലറുടെ ഒപ്പ് ഡിഗ്രി സർട്ടിഫിക്കറ്റിൽ എങ്ങനെ പ്രത്യക്ഷപ്പെടും എന്നതിനെ കുറിച്ച് കമന്‍റ് ബോക്സില്‍ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് തെറ്റായ അവകാശവാദമാണെന്ന് അന്വേഷണത്തില്‍ ഞങ്ങൾ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ഞങ്ങൾ ഗൂഗിളിൽ തിരഞ്ഞപ്പോള്‍ വീർ നർമദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയുടെ (VNSGU) ഔദ്യോഗിക വെബ്‌സൈറ്റ് ലഭിച്ചു. 

VNSGU യുടെ വൈസ് ചാൻസലര്‍ ചാർട്ടിൽ, വൈറലായ പോസ്റ്റിൽ കാണിച്ചിരിക്കുന്ന പ്രൊ. കെ.എസ്. ശാസ്ത്രിയുടെ അതേ ഫോട്ടോ കാണാന്‍ കഴിഞ്ഞു. 

എന്നാല്‍  പ്രധാനമന്ത്രി മോദിക്ക് എംഎ ബിരുദം നൽകിയത് ഗുജറാത്ത് സർവകലാശാലയാണ്. അല്ലാതെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല (വിഎൻഎസ്ജിയു) അല്ല.

അങ്ങനെ, ഞങ്ങൾ ഗുജറാത്ത് യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ച് സ്ഥാപനത്തിന്‍റെ മുൻ വൈസ് ചാൻസലർമാരുടെ ലിസ്റ്റ് കണ്ടെത്തി. പട്ടിക പ്രകാരം, പ്രൊഫ.കെ.എസ്.ശാസ്ത്രി 1981 മുതൽ 1987 വരെ ഗുജറാത്ത് സർവകലാശാലയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു.

1983-ൽ നരേന്ദ്ര മോദിക്ക് എംഎ ബിരുദം ലഭിച്ചു, അക്കാലത്ത് പ്രൊഫ. കെ.എസ്. ശാസ്ത്രി ഗുജറാത്ത് സർവകലാശാലയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിരുന്നു. അതിനാൽ, വൈസ് ചാൻസലറായിരുന്ന കാലത്ത് ശാസ്ത്രി മോദിയുടെ ബിരുദ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കാം. പ്രൊഫ. ശാസ്ത്രി നിലവിൽ അഹമ്മദാബാദിലെ സോം ലളിത് കോളേജിലെ ഉപദേശക സമിതിയുടെ ചെയർമാനാണ്. 

ഗുജറാത്ത് സർവ്വകലാശാലയുടെ രേഖകൾ പ്രകാരം, പ്രധാനമന്ത്രി മോദി 1983-ൽ പൊളിറ്റിക്കൽ സയൻസിൽ എം.എ., 800-ൽ 499 മാർക്കോടെ (62.3 ശതമാനം) ഒരു ബാഹ്യ വിദ്യാർത്ഥിയായി വിജയിച്ചു എന്നാണ് കാണാന്‍ സാധിക്കുന്നത്. ഗുജറാത്ത് സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രധാനമന്ത്രി മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ശ്രദ്ധേയനായ പൂർവ്വ വിദ്യാർത്ഥിയായി അംഗീകരിച്ചിട്ടുണ്ട്.

_____________________________________________________________________________________________

ഈ ലേഖനം കൂടി വായിക്കൂ: 

‘തനിക്ക് ഹൈസ്ക്കൂള്‍ വിദ്യാഭാസം മാത്രമേയുള്ളുവെന്ന് മോദി തന്നെ വെളിപ്പെടുത്തുന്നു’- പ്രചരിക്കുന്ന വീഡിയോ എഡിറ്റഡാണ്…

_____________________________________________________________________________________________

പ്രധാനമന്ത്രി മോദിയുടെ രണ്ട് ബിരുദങ്ങളും (ഡൽഹി സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഗുജറാത്ത് സർവകലാശാലയിൽ നിന്നുള്ള മാസ്റ്റർ ഓഫ് ആർട്‌സും) അമിത് ഷാ പങ്കിട്ടു എന്നറിയിച്ചു കൊണ്ട്  ട്വിറ്റര്‍ ഹാന്‍റിലില്‍ ഔദ്യോഗിക നിന്നും  2016-ൽ ബി‌ജെ‌പി ട്വീറ്റ് ചെയ്തിരുന്നു. 

ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാന്‍: 

Was K. S. Shastri Vice Chancellor When PM Modi Awarded MA Degree?

നിഗമനം 

പ്രധാനമന്ത്രി മോദിക്ക് എംഎ ബിരുദം നൽകുന്ന സമയത്ത് പ്രൊഫ. കെ.എസ്. ശാസ്ത്രി ഗുജറാത്ത് സർവകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്നില്ല എന്ന വാദം തെറ്റാണ്. പ്രൊഫ. ശാസ്ത്രി 1981 മുതൽ 1987 വരെ ഗുജറാത്ത് സർവ്വകലാശാലയുടെ വൈസ് ചാൻസലറായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതായത് 1983 ൽ പ്രധാനമന്ത്രി മോദി എംഎ ബിരുദം നേടുമ്പോൾ അദ്ദേഹം വൈസ് ചാൻസലറായിരുന്നു. അതിനാലാണ് ബിരുദ സർട്ടിഫിക്കറ്റിൽ പ്രൊഫ. കെ.എസ്. ശാസ്ത്രിയുടെ  പേരും ഒപ്പും കാണുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ മരിച്ചുപോയ വൈസ് ചാന്‍സലറുടെ ഒപ്പ് എന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False