
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധിപ്പിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് എക്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നിയമസഭയില്‍ പറഞ്ഞു എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പ്രചരണം
എംബി രാജേഷ് നിയമസഭയില്‍ പ്രസംഗിക്കുന്ന 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. വീഡിയോയുടെ മുകളിലുള്ള എഴുത്ത് ഇങ്ങനെ: “കെട്ടിട നിര്‍മ്മാന്‍ പെര്‍മിറ്റ് ഫീസ് പരിഷ്കരണം, കണ്ണില്‍ച്ചോരയില്ലാത്ത നടപടി കേന്ദ്രത്തിന്റെത്.” മന്ത്രി ഇതേ കാര്യമാണ് സഭയില്‍ ചര്‍ച്ച ചെയ്യുന്നത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കണ്ണിൽച്ചോര ഇല്ലാത്തത്”തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സ. എം ബി രാജേഷ് നിയമസഭയിൽ സംസാരിക്കുന്നു..”
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്നും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിച്ചത് കേന്ദ്ര സർക്കാരാണെന്ന് മന്ത്രി പറയുന്നില്ലെന്നും ഫാക്റ്റ് ക്രെസന്‍ഡോ അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ ആദ്യംതന്നെ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ മന്ത്രി എന്താണ് പറയുന്നതെന്ന് കേട്ടുനോക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: “കെട്ടിട നിർമ്മാണ പെർമിറ്റ് പീസ് പരിഷ്കരിച്ചതാണെങ്കിൽ 2023 ഏപ്രിൽ മുതലാണ് പരിഷ്കരിച്ചത് ഒരു കൊല്ലവും രണ്ടുമാസവും കഴിഞ്ഞ് 2024 ജൂൺ 24നാണ് അദ്ദേഹത്തിന് രോഷം ഉണ്ടായത് എന്നത് വിചിത്രമായ കാര്യമാണ് കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം വലിയ തോതിൽ പെട്ടി കുറയ്ക്കപ്പെട്ടിട്ടുണ്ട് എന്ന് നമുക്കെല്ലാം അറിയാം ഇപ്പോൾ പത്താം ധനകാര്യ കമ്മീഷൻ 3.5% ഡിവിസിബിള്‍ പൂളില്‍ നിന്ന് കേരളത്തിന് നികുതി വിഹിതമായി കിട്ടിയിരുന്നു. അത് 14 ആം ധനകാര്യ കമ്മീഷന്റെ കാലത്ത് 2.5% വും പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലത്ത് 2.25%വുമായി കുറഞ്ഞു. എന്നിട്ടും 2018ലെയും 2019ലെയും പ്രളയം അതിജീവിച്ച് കേരളം റെക്കോർഡ് വളർച്ച കൈവരിക്കുകയും ചെയ്തു.”
“ഓരോ ദുഷ്കര സാഹചര്യങ്ങളിലും തദ്ദേശ ഈ പ്രതിസന്ധി തദ്ദേശ സ്ഥാപനങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനും ചെലവിൽ പരിഹരിക്കാനോ ശ്രമിക്കാത്ത സർക്കാർ ആണിത് 2010-11 ല്‍ സംസ്ഥാന ബജറ്റ് 20.45 ശതമാനം ആയിരുന്നു തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം 2017-18 23.5 ആക്കി 2023 24 27.19% ആക്കി വർധിപ്പിച്ചു. 24 25 അത് 28.09% ആക്കി സർക്കാർ വർധിപ്പിച്ചു. ഏത് കാലത്ത് ഒരുകാലത്തും കണ്ടിട്ടില്ലാത്ത കണ്ണിൽ ചോരയില്ലാത്ത കുറവ് കേന്ദ്രം വരുത്തിയ കാലം തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം വർദ്ധിപ്പിച്ചു കൊടുത്തു. കണ്ണിൽ ചോരയില്ലാത്ത നടപടി കേന്ദ്രത്തിന് ആണ് അതിന് ഈ വിശേഷണം ഇതുവരെ ഉപയോഗിച്ചിട്ടില്ല സര്”
കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിച്ചത് കേന്ദ്ര സർക്കാർ നടപടിയാണെന്ന് ഇതില്‍ ഒരിടത്തും മന്ത്രി എംബി രാജേഷ് പറയുന്നില്ല.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റില്‍ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വര്‍ദ്ധനയെ കുറിച്ച് വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.
കേരളത്തിലെ തദ്ദേശ സ്വയാഭരണ സ്ഥാപനങ്ങള്ക്കാന് ഈ വരുമാനം ലഭിക്കുക എന്ന് ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരക്ക് വര്‍ദ്ധനയ്ക്ക് കേന്ദ്ര സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്. മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിരക്ക് പരിഷ്ക്കരണത്തെ കുറിച്ച് 2023 ഏപ്രില്‍ ഒമ്പതിന് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.നിരക്ക് വര്‍ദ്ധന കേന്ദ്ര സര്‍ക്കാര്‍ നടപടിയാണെന്ന് കുറിപ്പില്‍ ഒരിടത്തും മന്ത്രി പറയുന്നില്ല.
കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി നല്കിയ വിശദീകരണം ഇങ്ങനെ: തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിത്. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിച്ചത് കേന്ദ്ര സർക്കാർ നടപടിയാണെന്നല്ല മന്ത്രി പറഞ്ഞത്. സംസ്ഥാനം ഈ വര്‍ദ്ധനവ് വരുത്തിയിട്ട് ഒരു കൊല്ലവും രണ്ടു മാസവും പിന്നിട്ട് കഴിഞ്ഞപ്പോള്‍ മാത്രമാണ് പ്രതിപക്ഷം ഇതേപ്പറ്റി ചോദ്യം ചെയ്യുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. മഞ്ചേരി എംഎല്‍എ യുഎ ലത്തീഫിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പിന്നെ സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലേയ്ക്കല്ല ഈ നികുതി എത്തുന്നത്. ഓരോ സ്ഥലത്തുമുള്ള അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് അതായത് പഞ്ചായത്തിനൊ മുനിസിപ്പാലിറ്റിക്കോ കോര്‍പ്പറേഷനോ ആണ് ഈ വരുമാനം ലഭിക്കുക.”
പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിച്ചത് കേന്ദ്ര സർക്കാരാണെന്ന് മന്ത്രി പറയുന്നില്ലെന്നും സഭ ടിവിയില്‍ നിന്നുള്ള എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ കണ്ടാല്‍ ബോധ്യമാകും.
മഞ്ചേരി എംഎല്‍എ യുഎ ലത്തീഫിന്റെ ശ്രദ്ധ ക്ഷണിക്കല്‍ ഇങ്ങനെ: “ഒരു പ്രദേശം പട്ടണമോ മുനിസിപ്പാലിറ്റിയോ കോര്‍പ്പറേഷനോ ആയി വളരണമെങ്കില്‍ അവിടെ കെട്ടിടങ്ങൾ നിർമിക്കണം. അങ്ങനെ നമ്മുടെ നാടിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ കെട്ടിട നിർമ്മാതാക്കൾക്ക് വലിയ പങ്കുണ്ട്. കെട്ടിട ഉടമകളെ സഹായിക്കുന്നതിന് പകരം കണ്ണിൽ ചോരയില്ലാത്ത നികുതിയാണ് അവരുടെ പേരിൽ അടിച്ചേൽപ്പിക്കുന്നത് ഒരു പ്ലാൻ കൊടുക്കുമ്പോൾ ആപ്ലിക്കേഷൻ ഫീസ് ഇതുവരെ 30 രൂപ മാത്രമായിരുന്നു. ഇപ്പോഴത് 1000, 3000, 4000, 5000 ആയി വർധിച്ചു. ഒരു വീടിന്റെ പെർമിറ്റ് നൽകുന്ന ഫീസ് മുമ്പ് 5 രൂപ 7 രൂപ 10 രൂപ ആയിരുന്നത് 50, 70, 150 ആയി വർധിച്ചു കൊണ്ടേയിരിക്കുന്നു. മറ്റ് കെട്ടിടങ്ങൾക്ക് പെർമിറ്റ് കിട്ടാൻ അടച്ചിരുന്നത് ഇപ്പോൾ രണ്ടര ലക്ഷം ആയി കെട്ടിടത്തിന് നമ്പർ ഇട്ടാൽ മീറ്റർ സ്ക്വയർ അനുസരിച്ച് ഒരു കെട്ടിടത്തിന് 8-9 റൂം ഉണ്ടെങ്കിൽ 15,000 20,000 വരെ കെട്ടിടം വലുതായാല്‍ നികുതി ഇരട്ടിക്കും. ടി ഡി എസ് വർഷാവർഷം 5% വർദ്ധനവ്. നികുതി ഒരുമാസം വൈകിയാൽ 2% പലിശ ഒരു കൊല്ലം ആവുമ്പോൾ 24% ആവും പലിശ രണ്ടു കൊല്ലമായാൽ 48% പലിശ എന്തൊരക്രമമാണ്…”
ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി പറയുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്. സഭാ ടിവി സംപ്രേഷണം ചെയ്ത മുഴുവന്‍ വീഡിയോ താഴെ കാണാം:
മന്ത്രിയുടെ മറുപടി ഇങ്ങനെ: “ചില ചില നികുതികളുടെയും ഫീസുകളുടെയും വർദ്ധനവും കെട്ടിട നിർമ്മാണ മേഖല വലിയ പ്രതിസന്ധിയിലാണ്, സർക്കാർ നടപ്പാക്കിയത് കണ്ണിൽ ചോരയില്ലാത്ത നടപടികളാണ് എന്ന് അദ്ദേഹം രോഷം കൊള്ളുകയുണ്ടായി. സാർ, കെട്ടിട നിർമ്മാണ പെർമിറ്റ് പീസ് പരിഷ്കരിച്ചതാണെങ്കിൽ 2023 ഏപ്രിൽ മുതലാണ് പരിഷ്കരിച്ചത് ഒരു കൊല്ലവും രണ്ടുമാസവും കഴിഞ്ഞ് 2024 ജൂൺ 24നാണ് അദ്ദേഹത്തിന് രോഷം ഉണ്ടായത് എന്നത് വിചിത്രമായ കാര്യമാണ്. (ഇതിന് ശേഷമുള്ള വാചകങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുകയാണ്, അത് ഇവിടെ കൊടുക്കുന്നു). അതിനുശേഷം ഇതുവരെ എത്രയോ സഭ സമ്മേളനങ്ങൾ ഇവിടെ നടന്നു. ഒരുതരത്തിലും അദ്ദേഹമോ കൂടെയുള്ളവരോ ഇവിടെ ഉന്നയിച്ചതായി കണ്ടിട്ടില്ല. ഇതിനേക്കാൾ സഭ നിർത്തിവയ്ക്കാനുള്ള പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്, ശ്രദ്ധ ക്ഷണിക്കൽ ഉണ്ടായിട്ടുണ്ട്… ഇതേപ്പറ്റി ഒരു അൺസ്റ്റാർ ചോദ്യം പോലും ഇവിടെ ഉന്നയിച്ചതായി കണ്ടിട്ടില്ല. ഇത് കണ്ണിൽ ചോരയില്ലാത്ത നടപടിയാണെന്ന് ഇപ്പോൾ പറയാൻ എന്തു വെളിപാടാണ് അംഗത്തിന് ഉണ്ടായത് എന്ന് എനിക്കറിഞ്ഞുകൂടാ, 14-15 മാസത്തിനു ശേഷം… കേന്ദ്രത്തിൽ നിന്നുള്ള വിഹിതം വലിയതോതിൽ പെട്ടി കുറയ്ക്കപ്പെട്ടിട്ടുണ്ട്… അദ്ദേഹം തുടരുന്നു… കേന്ദ്ര സര്‍ക്കാര്‍ നികുതി വിഹിതം കുറച്ചതിനെ പറ്റി തുടര്‍ന്ന് സംസാരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത് “കണ്ണിൽ ചോരയില്ലാത്ത നടപടി കേന്ദ്രത്തിന് ആണ് അതിന് ഈ വിശേഷണം ഇതുവരെ ഉപയോഗിച്ചിട്ടില്ല സര്” എന്ന വാചകത്തോടെയാണ്.
തുടക്കത്തില്‍ മന്ത്രി പറഞ്ഞ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധനയെ കുറിച്ചുള്ള കാര്യങ്ങളും കേന്ദ്ര സര്‍ക്കാരിനെതിരെ ഒടുവില്‍ പറഞ്ഞ വാചകവും ഒരുമിച്ച് ചേര്‍ത്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുകയാണ്.
നിഗമനം
പോസ്റ്റിലെ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കണ്ണിൽച്ചോര ഇല്ലാത്തതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ സംസാരിക്കുന്നു എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കണ്ണിൽച്ചോര ഇല്ലാത്തതാണെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ സംസാരിക്കുന്നു’വെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…
Fact Check By: Vasuki SResult: ALTERED
