ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കേരള സര്‍ക്കാര്‍ ബാഗ് സമ്മാനമായി നല്‍കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

പ്രാദേശികം | Local വര്‍ഗീയം

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം ജൂൺ നാലിന് ആരംഭിച്ചു. ഹജ്ജ് തീർത്ഥാടകര്‍ക്ക് കേരള സര്‍ക്കാര്‍ വമ്പന്‍ ആനുകൂല്യങ്ങളാണ് നല്‍കുന്നത് എന്നവകാശപ്പെട്ട് ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. 

പ്രചരണം 

തീർത്ഥാടകർ അവര്‍ക്ക് ലഭിച്ച ബാഗും അതിനകത്തെ സാധനങ്ങളും പരിചയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഇപ്രാവശ്യം ഗവന്മന്റ്റ് ഹജ്ജിനു പോകുന്നവര്‍ക്ക് സര്‍ക്കാര്‍ നിരവധി സമ്മാനങ്ങളാണ് നല്‍കിയിട്ടുള്ളത് എന്ന് ബാഗം ഒപ്പമുള്ള സാധനങ്ങളും ഉയര്‍ത്തി കാണിച്ച് തീര്‍ഥാടകരില്‍ ഒരാള്‍ പറയുന്നത് കാണാം. കേരള സർക്കാർ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സമ്മാനമായി നൽകുന്ന ബാഗാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “
ഇപ്രാവശ്യം ഗവൺമെന്റിന് കീഴിൽ ഹജ്ജിനു പോയവർക്ക് കിട്ടിയത് 🙆

സ്കൂൾ കുട്ടികൾക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ പാടുപെടുന്ന പ്രധാനാധ്യാപകർ… 100 രൂപ കൂട്ടി കിട്ടാൻ 135 ദിവസം ആയി സമരം ചെയ്യുന്ന ആശ വർക്കർമാർ… സാധരണക്കാരെന്റെ നികുതി പണം എടുത്താണ് മൂത്താപ്പമാർക്ക് കല്ലെറിയാൻ പോകാൻ കൊടുക്കുന്നത്.”

FB postarchived link

എന്നാൽ, ദൃശ്യങ്ങളിലുള്ള ബാഗ് കേരള സർക്കാർ നൽകിയതല്ലെന്ന് ഞങ്ങള്‍ അന്വേഷണത്തിൽ കണ്ടെത്തി. സൗദി അറേബ്യയിലെ സ്വകാര്യ ടൂറിസ്റ്റ് കമ്പനിയായ അൽ ബൈത്ത് ഗസ്റ്റ്സ് നല്‍കുന്ന ബാഗാണിത്.

വസ്തുത ഇങ്ങനെ 

ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇതിന്‍റെ തന്നെ കൂടുതൽ വ്യക്തമായ മറ്റൊരു വീഡിയോ  silvan.musthaf എന്ന ഇൻസ്റ്റ പേജിൽ നല്‍കിയതായി കണ്ടു. ഓരോ വർഷവും ഹാജിമാർക്ക് സൌകര്യങ്ങള്‍ മികച്ചതാക്കി നൽകുന്ന സൗദി gvt’ എന്നാണ് ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഇത് സൗദി സർക്കാർ നൽകുന്നതാണോ എന്ന് കമന്റ് ബോക്സില്‍ ഒരാള്‍ ചോദിച്ചതിന്, പ്രൈവറ്റ് എന്ന മറുപടി കൊടുത്തിരിക്കുന്നത് കാണാം. 

A screenshot of a social media post

AI-generated content may be incorrect.

ഇൻസ്റ്റ വീഡിയോയില്‍ കാണിക്കുന്ന ബാഗിൽ ‘Al Bait Guests’ എന്ന് എഴുതിയിരിക്കുന്നതായി കാണാം. അൽ ബൈത്ത് ഗസ്റ്റ്സ്  ഹജ്ജ് സേവനങ്ങൾ നൽകുന്ന ഒരു സ്വകാര്യ കമ്പനിയാണ്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് മുതലുള്ള എല്ലാ ഹജ്ജ് സേവനങ്ങളും നൽകുന്ന കമ്പനിയാണിത്. 

ഹജ്ജിന് പോകുന്ന തീർത്ഥാടകർക്ക് ആവശ്യമായ താമസം, ഗതാഗതം, ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാനുള്ള സൗകര്യം എന്നിവയെല്ലാം നൽകുന്ന ഒരു സ്വകാര്യ കമ്പനിയാണ് അൽ ബൈത്ത് ഗസ്റ്റ്സ്.  കമ്പനിയുടെ വെബ്സൈറ്റിൽ ഇത് വ്യക്തമാക്കുന്നുണ്ട്. ഈ സൗദി അറേബ്യൻ കമ്പനിയുടെ പാക്കേജിൽ ഹജ്ജിന് പോകുന്നവർക്ക് ബാഗ് ഉൾപ്പെടെ അവശ്യ സാധനങ്ങൾ കമ്പനി നൽകുന്നുണ്ട്. സൗദി അറേബ്യയിലെ ഏറ്റവും മികച്ച മത ടൂറിസം, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ നൽകുന്ന കമ്പനിക്കുള്ള അവാർഡും അൽ ബൈത്ത് ഗസ്റ്റ്‌സിന് 2023ൽ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. 

കേരള സര്‍ക്കാര്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് എന്തെങ്കിലും സമ്മാനങ്ങള്‍ നല്‍കുന്നുണ്ടോ എന്ന് ഞങ്ങള്‍ അന്വേഷിച്ചെങ്കിലും ഇത്തരത്തില്‍  യാതൊന്നും നല്‍കുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. 

നിഗമനം 

ഹജ്ജിന് പോയവർക്ക് കേരള സർക്കാർ നൽകിയ ബാഗ് എന്ന രീതിയിൽ പ്രചരിക്കുന്നത് സൗദി അറേബ്യയിലെ ടൂറിസ്റ്റ് സേവന കമ്പനിയായ അൽ ബൈത്ത് ഗസ്റ്റ്‌സ് എന്ന സ്വകാര്യ കമ്പനി നൽകിയ ബാഗാണ്. കേരള സര്‍ക്കാരുമായി ഈ ബാഗിന് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കേരള സര്‍ക്കാര്‍ ബാഗ് സമ്മാനമായി നല്‍കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

Written By: Vasuki S  

Result: False

Leave a Reply

Your email address will not be published. Required fields are marked *