
യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ഫുട്ബോള്‍ ലോകപ്പില്‍ ഇന്ത്യന്‍ പങ്കാളിത്തം ഇല്ലെങ്കിലും ലോകമാകെ ആഞ്ഞടിക്കുന്ന ആവേശത്തിരയില്‍ മുങ്ങിനിവരാന്‍ ഭൂരിഭാഗം ഇന്ത്യക്കാരുമുണ്ട്. കേരളത്തിലും ഫുട്ബോള്‍ ആരാധകര്‍ എല്ലായിടത്തും പ്രിയ കളിക്കാരുടെ കൂറ്റന്‍ ഫ്ലെക്സുകള്‍ സ്ഥാപിച്ച് ഫുട്ബോള്‍ മാമാങ്കത്തില്‍ പങ്കുചേരുന്നുണ്ട്. ആരാധന അധികമായി തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടാകുന്ന സംഭവങ്ങളുമുണ്ട്. കോട്ടയത്ത് ലോകകപ്പിനെ ചൊല്ലിയുള്ള തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ലോകകപ്പ് ഫുട്ബോള്‍ ജെഴ്സി ധരിച്ച കുറച്ചു പേരും മറ്റുള്ളവരും റോഡില്‍ സംഘട്ടനം നടത്തുന്നതും മറ്റു ചിലര്‍ ഇവരെ പിടിച്ചു മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. ലോകകപ്പ് ആരാധന അതിരുകടന്ന് കോട്ടയത്ത് ഇത്തവണ നടന്ന കൈയ്യാങ്കളി ആണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ലോകകപ്പ് : കോട്ടയം ഭരണങ്ങാനത്ത് അർജന്റീന ബ്രസീൽ ആരാധകർ ഏറ്റുമുട്ടി, ഒരാളുടെ നില ഗുരുതരം. കണ്ടാലറിയാവുന്ന 100 പേരുടെ പേരിൽ പോലീസ് കേസെടുത്തു. ഏതോ നാട്ടിൽ കളിക്കുന്നതിന് ഈനാട്ടിൽ 😀😀😀അടി 😀😀😂😂”
എന്നാല്‍ ഇത് 2022 ലെ കൊല്ലത്ത് നിന്നുള്ള വീഡിയോ ആണെന്നും ലോകകപ്പ് 2026 മായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി മാതൃഭുമി 2022 നവംബർ 21 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു.

“ശക്തികുളങ്ങരയില്‍ ഫുട്ബോള്‍ ആരാധകര്‍ തമ്മില്‍ സംഘര്‍ഷം. ലോകകപ്പിന്‍റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ഫുട്‌ബോള്‍ ആരാധകരുടെ പ്രകടനം നടന്നിരുന്നു. ഇതിനിടയിലാണ് ബ്രസീല്‍ ആരാധകരും അര്‍ജന്റീന ആരാധകരും തമ്മിലടിച്ചത്. പിന്നീട് മധ്യസ്ഥ ഇടപെടലിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.” എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
കൂടാതെ എഎന്‍ഐ ന്യൂസ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങളിലും റിപ്പോര്‍ട്ട് വന്നിരുന്നു.

സംഭവം നടന്നത് 2022 ലാണ് എന്നാണ് മുഴുവന്‍ റിപ്പോര്‍ട്ടുകളും പറയുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ഫുട്ബോളുമായോ കോട്ടയവുമായോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
നിഗമനം
കോട്ടയത്ത് ലോകകപ്പ് ഫുട്ബോള്‍ ആരാധകര്‍ തമ്മിലുള്ള തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു എന്ന് പ്രചരിപ്പിക്കുന്ന സംഭവം നടന്നത് 2022 ലോകകപ്പ് നടന്ന സമയത്ത് കൊല്ലം ജില്ലയിലാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പ് 2026 മായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




