
വിടവാങ്ങിയ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരി ബിജെപിയിൽ ചേരാൻ പോകുന്നു എന്ന രീതിയിൽ ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.
പ്രചരണം
റിപ്പോർട്ടർ ടിവി, 24 ന്യൂസ് എന്നീ ചാനലുകളില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. ബിനീഷ് കോടിയേരി ബി.ജെ.പി യിലേക്ക് ?” എന്നെഴുതിയ റിപ്പോർട്ടർ ടിവിയുടെ ലോഗോ ഉള്‍പ്പെടെയുള്ള സ്ക്രീൻഷോട്ട്, മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി സൂചന എന്ന വാര്‍ത്തയുമായി 24 ന്യൂസ് ചാനല്‍ സ്ക്രീന്‍ഷോട്ട്, ബിനീഷ് കോടിയേരി, പിസി ജോര്‍ജ്, അദ്ദേഹത്തിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ് എന്നിവര്‍ നില്‍ക്കുന്ന ചിത്രം എന്നിവയാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്.

എന്നാൽ, പ്രചരിക്കുന്ന വാർത്താ സ്ക്രീൻഷോട്ടുകൾ വ്യാജമാണെന്നും ചിത്രം പഴയതാണെന്നും അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ബിനീഷ് കോടിയേരി ബിജെപിയിലേക്ക് പോകുന്നത് സംബന്ധിച്ച വാർത്തകൾ തിരഞ്ഞെങ്കിലും ഇത്തരം റിപ്പോർട്ടുകളൊന്നും ലഭ്യമായില്ല. പിന്നീട് സ്ക്രീൻഷോട്ടുകൾ പരിശോധിച്ചപ്പോൾ ഇവയിൽ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകൾ റിപ്പോർട്ടർ ടിവിയോ 24 ന്യൂസോ ഉപയോഗിക്കുന്ന രീതിയിലുള്ളവയല്ലെന്ന് വ്യക്തമായി.
“ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട് റിപ്പോർട്ടറിന്‍റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജം, നിയമനടപടി സ്വീകരിക്കും” എന്ന വിവരണത്തോടെ റിപ്പോർട്ടർ ടിവിയുടെ ഫേസ്ബുക്കില്‍ പേജില്‍ ഒക്ടോബർ 20ന് ന്യൂസ് കാര്‍ഡ് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ലഭ്യമായി.
സ്ക്രീൻഷോട്ടിലുള്ള റിപ്പോർട്ടർ ടിവിയുടെ റിപ്പോർട്ടറായ റഹീസ് റഷീദും ഇതേ ന്യൂസ് കാർഡ് പങ്കുവച്ചിട്ടുണ്ട്.
24 ന്യൂസ് വാര്‍ത്ത വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണെന്നും 24 ന്യൂസ് ഇത്തരമൊരു വാർത്ത നൽകിയിട്ടില്ലെന്നും ന്യൂസ് ഡസ്ക് വ്യക്തമാക്കി. ഇത് സംബന്ധിച്ച് 24 ന്യൂസ് ഫേസ്ബുക്കില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പേജ് നോക്കിയപ്പോള്‍ പ്രചരണത്തെ സാധൂകരിക്കുന്ന യാതൊരു സൂചനകളും അതില്‍ കാണാന്‍ കഴിഞ്ഞില്ല. തുടർന്ന് ബിനീഷ് കോടിയേരിയുമായി സംസാരിച്ചു. പ്രചാരണങ്ങൾ വ്യാജമാണെന്ന് അദ്ദേഹം അറിയിച്ചു.
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന മൂന്നാമത്തെ ചിത്രത്തെ കുറിച്ച് ബിനീഷ് കോടിയേരിയോട് അന്വേഷിച്ചപ്പോള്‍ അദ്ദേഹം അറിയിച്ചത് ഇങ്ങനെ: “ഈ ചിത്രം 2021 ല്‍ കൊച്ചി ഓഫീസ് ഉത്ഘാടനം ചെയ്തപ്പോള്‍ പകര്‍ത്തിയതാണ്. പി.സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്‍റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് കൊച്ചിയില്‍ അഭിഭാഷക ഓഫീസ് ആരംഭിച്ചത്. ഞങ്ങള്‍ സഹപാഠികളാണ്. 2006ല്‍ തന്നെ അഭിഭാഷകനായി എന്‍റോള്‍ ചെയ്തിരുന്നു. എന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഓഫീസ് തുടങ്ങണമെന്ന് രണ്ട് വര്‍ഷം മുന്‍പ് എടുത്ത തീരുമാനമായിരുന്നു. എന്‍റെ പേരില്‍ വന്ന കേസ്, കൊവിഡ് അടക്കമുള്ള കാര്യങ്ങളാല്‍ വൈകി പോയതാണ്.”
ബിനീഷ് കോടിയേരി ബിജെപിയിൽ ചേരുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡുകള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
ബിനീഷ് കോടിയേരി ബിജെപിയില്‍ ചേരുന്നു എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതായി കാണിക്കുന്ന 24 ന്യൂസ്, റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ് കാര്‍ഡുകള്‍ വ്യാജമാണ്. ബിനീഷ് കോടിയേരി ബിജെപിയില്‍ ചേരുന്നില്ല. ഒപ്പമുള്ള ചിത്രം ബിനീഷും സഹപാഠികളായ ഷോണ്‍ ജോര്‍ജും നീനു മോഹന്‍ദാസുമായി കൊച്ചിയില്‍ അഭിഭാഷക ഓഫീസ് ആരംഭിച്ചപ്പോള്‍ പകര്‍ത്തിയതാണ്. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ ലഭ്യമാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:ബിനീഷ് കോടിയേരി ബിജെപിയിൽ ചേരുന്നു എന്ന ന്യൂസ് കാര്‍ഡുകള്‍ വ്യാജം… സത്യമറിയൂ…
Fact Check By: Vasuki SResult: False


