വിവരണം

ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നഷ്ടമാകുകയും കോണ്‍ഗ്രസ് ഭരണത്തിലേറുകയും ചെയ്തത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയായും മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകളും നടന്നു. സര്‍ക്കാര്‍ നിലവില്‍ വന്നതിന് പിന്നാലെ മദ്യനയത്തില്‍ മദ്യപിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് സമൂഹമാധ്യമത്തിലെ പ്രചരണം. അതായത് ഒരു ബോട്ടില്‍ മദ്യം വാങ്ങിയാല്‍ മൂന്ന് ബോട്ടില്‍ സോഡ സൗജന്യമായി നല്‍കാനാണ് സര്‍ക്കാരിന്‍റെ തീരുമാനമെന്നാണ് പ്രചരണം. സിപിഐഎം കേരള സൈബര്‍ വിങ് എന്ന ഗ്രൂപ്പില്‍ ഷംസു കുന്നത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 397ല്‍ അധികം റിയാക്ഷനുകളും 147ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ തന്നെ ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരണത്തില്‍ പറയുന്ന പോലെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടോയെന്ന് അറിയാന്‍ ഗൂഗിള്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തെങ്കിലും ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാ. ഉറവിടമില്ലാത്ത പ്രത്യേകിച്ച് യാതൊരു തെളിവുമില്ലാത്ത സാഹചര്യത്തില്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്നും ഇത്തരമൊരു തീരുമാനവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലായെന്നും ഇത് കോണ്‍ഗ്രസ് നയമല്ലായെന്നും അദ്ദേഹം മറുപടി പറഞ്ഞു. പാര്‍ട്ടിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നിഗമനം

കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ലാ സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതിനെ കുറിച്ച് പ്രാദേശിക മാധ്യമങ്ങള്‍ പോലും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഒരു ബോട്ടില്‍ മദ്യം വാങ്ങിയാല്‍ മൂന്ന് ലിറ്റര്‍ സോഡ കര്‍ണാടകയില്‍ സൗജന്യമായി നല്‍കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചോ? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False