FACT CHECK – ഡിവഐഎഫ്ഐ പ്രവര്‍ത്തകര്‍ വീടിന് കാവല്‍ നില്‍ക്കുന്നതിന് മുന്‍പ് ജോജു ഭാര്യയെ ഫ്ലാറ്റിലേക്ക് മാറ്റി എന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

രാഷ്ട്രീയം | Politics

വിവരണം

നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനം കഴിഞ്ഞ ദിവസം കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിന് ഇടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത വിവാദം ഇപ്പോഴും ചൂടുള്ള ചര്‍ച്ചാ വിഷയം തന്നെയാണ്. ജോജു കോണ്‍ഗ്രസ് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ മാളയിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനലും കഴിഞ്ഞ ദിവസവം നടത്തിയിരുന്നു. ജോജുവിനെ മാളയില്‍ കാല് കുത്തിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരായി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി രംഗത്ത് വരുകയും ജോജുവിന്‍റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനോ ഊര് വിലക്ക് കല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ജോജുവിനും കുടുംബത്തിനും സംരക്ഷണം നല്‍കുമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.ബി.അനൂപും അറിയിച്ചിരുന്നു. ഇതെ കുറിച്ചുള്ള ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് ഏറ്റവും ഒടുവില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജോജുവിന്‍റെ വീടിന് ഡിവൈഎഫ്ഐ കാവല്‍. ഡിവൈഎഫ്ഐ എത്തും മുന്‍പ് ഭാര്യയെ ഫ്ലാറ്റിലേക്ക് മാറ്റി ജോജു.. എന്ന് മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയതിന്‍റെ സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. UDF-യുഡിഎഫ് എന്ന ഗ്രൂപ്പില്‍ ശ്രീകുമാര്‍ വാക് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 871ല്‍ അധികം റിയാക്ഷനുകളും 302ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook PostArchived Link

എന്നാല്‍ ജോജു തന്‍റെ കുടുംബവുമായി ഫ്ലാറ്റിലേക്ക് മാറി തമാസിച്ചോ? ഡിവൈഎഫ്ഐ എത്തും മുന്‍പ് ജോജു ഭാര്യയുമായി വീട്ടില്‍ നിന്നും മാറി എന്ന പേരില്‍ മാതൃഭൂമി ഒരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത വിശകലനം

കോഴിക്കോട് മാതൃഭൂമി ആസ്ഥാനത്ത് ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും ഇത് വ്യാജ പ്രചരണമാണെന്ന് അവര്‍ പ്രതികരിച്ചു. ഇതെകുറിച്ചുള്ള പ്രചരണം മാതൃഭൂമി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും വെബ്‌ഡെസ്‌ക് പ്രതിനിധി പറഞ്ഞു. ഇതുപ്രകാരം മാതൃഭൂമി ന്യൂസിന്‍റെ വെബ്‌സൈറ്റില്‍ നിന്നും വാര്‍ത്തയെ കുറിച്ച് മാതൃഭൂമി നല്‍കിയ വിശദീകരണം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു-

ഒറ്റനോട്ടത്തില്‍ മാതൃഭൂമി നല്‍കിയ വാര്‍ത്തയാണിതെന്ന് തോന്നുമെങ്കിലും ഇത് എഡിറ്റ് ചെയ്ത വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ്. മാതൃഭൂമി നവംബര്‍ മൂന്നിന് നല്‍കിയ മറ്റൊരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്താണ് തെറ്റായ പ്രചരണത്തിനായി ഉപയോഗിക്കുന്നത്. ഡിവൈഎഫ്ഐ ജോജുവിന്‍റെ വീടിന് കാവലിന് എത്തിയതായോ അവര്‍ ഫ്ലാറ്റിലേക്ക് മാറിയതായോ തരത്തില്‍ ഒരു വാര്‍ത്ത മാതൃഭൂമി നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

മാതൃഭൂമി പ്രചരണത്തിനെതിരെ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

മാത്രമല്ല ഇത്തരത്തില്‍ ഡിവൈഎഫ്ഐ ജോജുവിന്‍റെ വീടിന് കാവല്‍ നില്‍ക്കുന്നതായോ അവര്‍ ഫ്ലാറ്റിലേക്ക് താമസം മാറിയതായോ സംബന്ധിച്ച് ഒരു വാര്‍ത്തയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലയെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി.

നിഗമനം

മാതൃഭൂമി ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും ചാനല്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:FACT CHECK – ഡിവഐഎഫ്ഐ പ്രവര്‍ത്തകര്‍ വീടിന് കാവല്‍ നില്‍ക്കുന്നതിന് മുന്‍പ് ജോജു ഭാര്യയെ ഫ്ലാറ്റിലേക്ക് മാറ്റി എന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.