ഇറാൻകാരി സഹർ തബറിന്‍റെ വിരൂപ രൂപത്തിന് പിന്നിലെ യഥാര്‍ത്ഥ കഥ ഇതാണ്…

അന്തര്‍ദേശീയം | International

സൗന്ദര്യ സംരക്ഷണം ഇക്കാലത്ത് പ്രായഭേദമന്യേ എല്ലാവരും പ്രാധാന്യം കൊടുക്കുന്ന കാര്യമാണ്. സൗന്ദര്യത്തിനായി പണം മുടക്കുന്ന പ്രവണത ലോകമെമ്പാടും ഏറിയതോടെ വൻ ലാഭം കൊയ്യുന്ന ഒരു വ്യവസായമായി തന്നെ സൌന്ദര്യ രംഗം മാറി. എന്നാൽ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ശ്രമം വൈരൂപ്യത്തിലേക്ക്  കൊണ്ടെത്തിച്ച ഒരു യുവതിയുടെ കഥ സാമൂഹ്യ മാധ്യമങ്ങളിൽ ഈയിടെ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

19 വയസ്സുള്ള ഇറാൻകാരിയായ സഹർ തബര്‍ എന്ന പെൺകുട്ടി അഞ്ജലിന ജൂലി എന്ന ഹോളിവുഡ് നടിയോടുള്ള ആരാധന മൂത്ത് മുഖം അവരുടെതു പോലെ ആക്കാൻ 50ലധികം തവണ പ്ലാസ്റ്റിക് സർജറി ചെയ്തുവെന്നും കഠിനമായ ഡയറ്റ് പിന്തുടർന്നുവെന്നും പിന്നീട് അവർ കനത്ത വൈരൂപ്യത്തിലേക്ക് എത്തിച്ചേർന്നുവെന്നും ഇറാൻകാരിയായ സഹറിന്‍റെ ചിത്രങ്ങൾ നിരത്തി വീഡിയോയിൽ അവതാരകൻ വിവരിക്കുകയാണ്. 

instagramarchived link

എന്നാൽ ഈ പ്രചരണം പൂർണ്ണമായും തെറ്റാണെന്നും യാഥാർത്ഥ്യം മറ്റൊന്നാണെന്നും അന്വേഷണത്തില്‍ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇങ്ങനെ

സഹർ തബാറിനായി ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞപ്പോള്‍ പോസ്റ്റുകളുമായി 2017 വരെ ഹോളിവുഡ് താരം ആഞ്ജലീന ജൂലിയോടുള്ള കടുത്ത ആരാധനയുമായി ജീവിച്ച സഹര്‍ സജീവമായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.  

2017-ൽ ഇൻസ്റ്റാഗ്രാമിലെ ‘സോംബി പോലുള്ള’ ചിത്രങ്ങളിലൂടെ പ്രശസ്തയായ സഹർ തബറിന്‍റെ യഥാര്‍ത്ഥ പേര് ഫത്തേമെ ഖിഷ്‌വന്ദ് എന്നാണ്.

ഇറാനിലെ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയിരുന്ന  സഹർ തബര്‍ നിരവധി  സൗന്ദര്യ വർദ്ധക ശസ്ത്രക്രിയകകള്‍ നടത്തി രൂപമാറ്റം വരുത്തിയതിന്‍റെ പേരില്‍ വൈറലായി. എന്നാല്‍ പിന്നീട്  ഇത് ഫോട്ടോഷോപ്പ്, മേക്കപ്പ്, ചെറിയ ശസ്ത്രക്രിയകള്‍ എന്നിവ ചേര്‍ന്നാണെന്ന് അവൾ തന്നെ വെളിപ്പെടുത്തി. 

ആരാണ് സഹർ തബർ, ആ കുപ്രസിദ്ധ ഫോട്ടോകളെക്കുറിച്ച് അവൾ എന്താണ് വെളിപ്പെടുത്തിയത്? എന്തിനാണ് അവളെ അറസ്റ്റ് ചെയ്തത്? നമുക്ക് നോക്കാം.

ദൈവനിന്ദ അടക്കം നിരവധി കുറ്റങ്ങൾ ചുമത്തി 2019 ല്‍ അവളെ ഭരണകൂടം അറസ്റ്റ് ചെയ്തു. ദ ഗാർഡിയൻ വാര്‍ത്ത പ്രകാരം മതനിന്ദ, അക്രമത്തിന് പ്രേരിപ്പിക്കൽ, അനുചിതമായ മാർഗങ്ങളിലൂടെ വരുമാനം നേടൽ, യുവാക്കളെ അഴിമതിയിലേക്ക് പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് തബാറിനെതിരെ ചുമത്തിയത്. ‘സാംസ്കാരിക കുറ്റകൃത്യങ്ങളും സാമൂഹികവും ധാർമ്മികവുമായ അഴിമതി’ കൈകാര്യം ചെയ്യുന്ന ടെഹ്‌റാനിലെ ഗൈഡൻസ് കോടതി അവളെ തടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ടു.

ഇൻസ്റ്റാഗ്രാമിലെ തബറിന്‍റെ മിക്ക ചിത്രങ്ങളും അവളുടെ തടിച്ച ചുണ്ടുകൾ, മൂർച്ചയുള്ള, മുകളിലേക്ക് തിരിഞ്ഞ മൂക്ക്, എല്ലുന്തി നില്‍ക്കുന്ന താടിയെല്ല് എന്നിവ എടുത്തുകാണിക്കുന്നു. ‘സോംബി ആഞ്ജലീന ജോളി’ എന്ന് അവള്‍ക്ക് വിളിപ്പേര് കിട്ടി. സഹർ തബർ ജയിൽ മോചിതയായ ശേഷം അവളുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തി. ഹിജാബ് (ഇസ്‌ലാമിക ശിരോവസ്ത്രം) ധരിക്കാത്തതിന് ‘സദാചാര’ പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിൽ ഇസ്ലാമിക് റിപ്പബ്ലിക്കിൽ വ്യാപകമായ പ്രതിഷേധങ്ങൾക്കിടയിലാണ് 14 മാസം ജയിൽവാസം അനുഭവിച്ച തബറിന്‍റെ മോചനം. 

നോസ് ജോബ്, ലിപ് ഫില്ലറുകൾ, ലിപ്പോസക്ഷൻ എന്നിവയുൾപ്പെടെ ചില സൗന്ദര്യവർദ്ധക നടപടിക്രമങ്ങൾ താൻ നടത്തിയിട്ടുണ്ടെന്ന് തബാർ സമ്മതിച്ചിരുന്നു, എങ്കിലും ഭയാനകമായ രീതിയിലുള്ള ചിത്രങ്ങൾ “മേക്കപ്പിന്‍റെയും എഡിറ്റിംഗിന്‍റെയും” ഫലമായിരുന്നു.

ഇൻഡിപെൻഡന്‍റ് പറയുന്നതനുസരിച്ച്, ടെഹ്‌റാനിൽ ജനിച്ച തബാർ, ഒരു പ്ലാസ്റ്റിക് സർജറിയാണ് അവളുടെ വിചിത്ര രൂപത്തിന് കാരണമെന്ന് ആരാധകരെ വിശ്വസിപ്പിച്ചിരുന്നു.  ഇറാനിൽ ലഭ്യമായ ഏക സോഷ്യൽ മീഡിയ സേവനമാണ് ഇൻസ്റ്റാഗ്രാം. ഫേസ്ബുക്കും ട്വിറ്ററും നിരോധിച്ചിരിക്കുകയാണ്.  

“നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ കണ്ടത് ഞാൻ ഇമേജ് സൃഷ്ടിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ ഇഫക്റ്റുകളാണ്,” സഹര്‍ പറഞ്ഞതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിക്കാലം മുതൽ പ്രശസ്തയാകാൻ ആഗ്രഹിച്ചിരുന്നുവെന്നും  സൈബർ സ്പേസ് എളുപ്പ വഴിയാണെന്നു കരുതി തിരഞ്ഞെടുത്തുവെന്നും സഹര്‍ വെളിപ്പെടുത്തി. 

ഇതാണ് യാഥാര്‍ഥ്യം. ഈ സംഭവമാണ് തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തോടെ വീഡിയോയില്‍ നല്‍കിയിട്ടുള്ളത്. പല മാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കിയിരുന്നു. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. സഹർ തബർ എന്ന ഇറാനിയന്‍ യുവതി ആഞ്ജലീന ജൂലിയെ പോലെയാകാന്‍ 50 ലധികം ശസ്ത്രക്രീയകള്‍ ചെയ്തതുകൊണ്ട് വിരൂപയായി മാറി എന്നത് തെറ്റായ പ്രചരണമാണ്. ചെറിയ തോതില്‍ മാത്രം അവള്‍ മുഖത്ത് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. തന്‍റെ ചിത്രങ്ങള്‍ കമ്പ്യൂട്ടര്‍ ഇഫെക്റ്റ്സ് വഴിയാണ് സഹര്‍ വിരൂപമാക്കി അവതരിപ്പിച്ചത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇറാൻകാരി സഹർ തബറിന്‍റെ വിരൂപ രൂപത്തിന് പിന്നിലെ യഥാര്‍ത്ഥ കഥ ഇതാണ്…

Fact Check By: Vasuki S 

Result: False