FACT CHECK: കേരളത്തില്‍ തുടര്‍ഭരണമെന്ന് എ.ഐ.സി.സി പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല... സത്യം അറിയൂ...
പ്രചരണം
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെയും പങ്കുവയ്ക്കപ്പെടുന്നത്. ഇന്നലെ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പത്രവാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടിനൊപ്പം പ്രചരിക്കുന്ന വാര്‍ത്ത ഇതാണ്: കേരളത്തില്‍ തുടര്‍ഭരണമെന്ന് എ.ഐ.സി.സിയുടെ പഠന റിപ്പോര്‍ട്ട്. വാരിക്കോരി ചിലവാക്കി സാമ്പത്തിക ബാധ്യത വരുത്തണ്ടായെന്നും കെ.പി.സി.സിക്ക് നിര്‍ദ്ദേശം. ആ നിലവിളി ശബ്ദമിടൂ എന്ന് പരിഹാസ രൂപേണ ഒരു അടിക്കുറിപ്പുമുണ്ട്. വാര്‍ത്ത പ്രചരിക്കുന്ന പോസ്റ്ററില്‍ പത്രവാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടില്‍ “കേരളത്തില്‍ തുടര്‍ഭരണമെന്ന് എ.ഐ.സി.സിയുടെ പഠന റിപ്പോര്‍ട്ട് എന്ന തലക്കെട്ട് കാണാം.
എ.ഐ.സി.സി ഇങ്ങനെ ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയോ എന്ന് പ്രചാരണത്തെ കുറിച്ച് ഫാക്റ്റ് ക്രെസണ്ടോ അന്വേഷിച്ചപ്പോള്‍ ഇതൊരു വ്യാജ പ്രചരണം മാത്രമാണെന്ന് തെളിഞ്ഞു.
വസ്തുത ഇതാണ്
ഇതേ പ്രചരണം ഫേസ്ബുക്കില്‍ നിരവധിപ്പേര്‍ പങ്കുവയ്ക്കുന്നുണ്ട്.
ഞങ്ങള്‍ പ്രമുഖ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളില്‍ തിരഞ്ഞെങ്കിലും ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തിരഞ്ഞെങ്കിലും അതില്‍ ഇത്തരത്തില്‍ യാതൊരു റിപ്പോര്‍ട്ടുകളും നല്‍കിയിട്ടില്ല. അതിനാല്‍ ഞങ്ങള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ചുമതലയുള്ള മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എം പിയുമായ കെ സി വേണുഗോപാലിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. ഇത് വെറും വ്യാജ പ്രചരണമാണെന്നും ഇത്തരത്തില്‍ യാതൊരു റിപ്പോര്‍ട്ടും എ.ഐ.സി.സി തയ്യാറാക്കിയിട്ടില്ല എന്നും അദ്ദേഹത്തിന്‍റെ പെഴ്സണല്‍ സ്റ്റാഫ് അംഗം ശരത് ഞങ്ങളെ അറിയിച്ചു.
കൂടാതെ എ.ഐ.സി.സി ഡിസിപ്ലിനറി ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും പാര്‍ട്ടിയുടെ മറ്റ് ചില നേതൃസ്ഥാനങ്ങളുടെ ചുമതലക്കാരനും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ കെ ആന്‍റണിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും അദ്ദേഹത്തിന്‍റെ മകനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് സോഷ്യൽ മീഡിയ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ വിഭാഗം നാഷണൽ കോ-കോർഡിനേറ്ററുമായ അനില്‍ ആന്റണി അറിയിച്ചതും ഇത് വെറും വ്യാജ പ്രചാരണം മാത്രമാണ് എന്നാണ്.
ഞങ്ങളുടെ അന്വേഷണത്തെ തുടര്‍ന്ന് എ.ഐ.സി.സിയുടെ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച അറിയിപ്പ് പ്രകാരം പോസ്റ്റിലെ പ്രചരണം തെറ്റാണ്
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. കേരളത്തില്‍ തുടര്‍ഭരണം എന്നൊരു പഠന റിപ്പോര്‍ട്ട് എ ഐ സി സി ഒരിടത്തും പങ്കുവച്ചിട്ടില്ല. ഇത്തരത്തില്‍ പ്രചരിക്കുന്നതൊക്കെ വ്യാജ പ്രചാരണങ്ങള്‍ ആണെന്ന് എ.ഐ.സി.സിയുടെ ഔദ്യോഗിക ചുമതലയുള്ള ഓഫീസുകളില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
Title:കേരളത്തില്‍ തുടര്‍ഭരണമെന്ന് എ.ഐ.സി.സി പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല... സത്യം അറിയൂ...
Fact Check By: Vasuki SResult: False