വിവരണം

തൃപുരയില്‍ ഏതാണ്ട് 35 വര്‍ഷക്കാലം കമ്മ്യുണിസ്റ്റ് പാര്‍ട്ടിയാണ് ഭരിച്ചത്. അതിനു ശേഷം 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി. പിന്നീട് തൃപുര ഉദാഹരണമായി ചൂണ്ടിക്കാട്ടി രാജ്യത്ത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അവസ്ഥ ഇതാണ് എന്ന മട്ടില്‍ ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.

ചിത്രങ്ങളും വീഡിയോകളും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ഈയിടെ ഞങ്ങള്‍ക്ക് ഇത്തരത്തില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

archived linkFB post

ഒരു ചെറിയ ജനക്കൂട്ടം ട്രാക്ടറില്‍ പാര്‍ട്ടിയുടെ കൊടികളെന്തി വരുന്ന ഒരു സംഘത്തിനു നേര്‍ക്ക് കല്ല്‌ വലിച്ചെറിയുകയും ആക്രോശിക്കുകയും ചെയ്യുമ്പോള്‍ പോലീസ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോ യ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:

“ആരും സ്മൈലി റിയാക്ഷൻ ഇടരുത് പ്ലീസ് കാൽ നൂറ്റാണ്ടോളം ത്രിപുര ഭരിച്ച പാർട്ടിയുടെ ഇന്നത്തെ അവസ്ഥ നോക്കണേ കേരളവും ഇങ്ങനെ ഒക്കെ ആകുമല്ലേ വൈകാതെ”

എന്നാല്‍ ഈ വീഡിയോ പോസ്റ്റില്‍ അവകാശപ്പെടുന്നതുപോലെ ത്രിപുരയില്‍ നിന്നുള്ളതല്ല. ട്രാക്ടറില്‍ വരുന്ന സംഘം കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുമല്ല. വീഡിയോയുടെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.ഞങ്ങളുടെ അന്വേഷണ ഫലങ്ങള്‍ ഇങ്ങനെ

വസ്തുതാ വിശകലനം

ഞങ്ങള്‍ ആദ്യം ഇന്‍വിഡ് എന്ന ടൂളുപയോഗിച്ച് വീഡിയോ വിവിധ കീ ഫ്രെയിമുകളായി വേര്‍തിരിച്ചു. അതിനുശേഷം പ്രധാനപ്പെട്ട ചില ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. തെലിംഗാനയിലെ കോടംഗല്‍ എന്ന സ്ഥലത്ത് നിന്നുള്ളതാണ് എന്ന വിവരണത്തോടെ ഇതേ വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടു.

തെലുങ്ക് ഭാഷയിലാണ് വീഡിയോയുടെ വിവരണം. വിവരണത്തിന്‍റെ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഞങ്ങള്‍ തിരഞ്ഞപ്പോള്‍ വീഡിയോയും ആയി ബന്ധപ്പെട്ട് സമയം തെലുങ്ക് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ലഭിച്ചു.

വാര്‍ത്തയുടെ പരിഭാഷ ഇങ്ങനെയാണ്:

“കോഡംഗലിൽ രേവന്ത് റെഡ്ഡിയുടെ അനുയായികൾ പ്രക്ഷോഭത്തില്‍- ടിആർഎസ് പ്രവർത്തകരെ കല്ലെറിഞ്ഞു. ടിആർ‌എസ് (തെലിംഗാന രക്ഷാ സമിതി) പ്രവർത്തകരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ട്രാക്ടറിൽ മുദ്രാവാക്യം വിളിച്ച് സഞ്ചരിച്ച ടിആർഎസ് പ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച (ഡിസംബർ 4) ഉച്ചയ്ക്ക് കോസ്ഗിയിൽ മുഖ്യമന്ത്രി കെ. ചന്ദ്ര ശേഖര റാവുവിന്റെ യോഗത്തിന് എല്ലാവരും പുറപ്പെട്ടതായി കരുതപ്പെടുന്നു. രേവന്ത് റെഡ്ഡിയുടെ അറസ്റ്റിൽ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകരും അനുയായികളും അവരെ കാണുകയും . അഴുക്കുചാലിൽ കിടക്കുന്ന ചരൽ എടുത്ത് ആക്രമണം തുടങ്ങുകയുമായിരുന്നു.

പോലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. എങ്കിലും ഇതോടെ സമാധാന അന്തരീക്ഷം തകർന്നു. സംഭവത്തിന്റെ മുഴുവൻ വിവരങ്ങളും ഇതുവരെ അറിവായിട്ടില്ല”.

തെലിംഗാന നിയമസഭ തെരെഞ്ഞുടുപ്പ് പ്രചാരണ വേളയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. തെലിംഗാന പ്രദേശ്‌ കോണ്‍ ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് രേവന്ത് റെഡ്ഡിയും തെലിംഗാന രക്ഷാ സമിതി നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്ര ശേഖര റാവുവും തമ്മിലുള്ള രാഷ്ട്രീയ വൈരം തെലിംഗാനയില്‍ കുപ്രസിദ്ധമാണ്. രേവന്ത് റെഡ്ഡിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ടിആർ‌എസ് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞത്.

ട്രാക്ടറിലെ പ്രവര്‍ത്തകരുടെ കൈയ്യിലിരിക്കുന്ന കൊടി താഴെ കൊടുത്തിരിക്കുന്നു.

വണ്‍ ഇന്ത്യ എന്ന മാധ്യമം അവരുടെ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും സംഭവം നടന്ന സമയത്ത് തന്നെ നല്‍കിയിരുന്നു.

ഏതായാലും സംഭവം നടന്നത് ത്രിപുരയിലല്ല, തെലിംഗാനയിലാണ്. ആക്രമണത്തിന് ഇരയായത് സിപിഎം കാരല്ല, തെലിംഗാന രക്ഷാ സമിതി പ്രവര്‍ത്തകരാണ്. ഈ വീഡിയോയ്ക്ക് സിപിഎമ്മുമായോ ത്രിപുരയുമായോ യാതൊരു ബന്ധവുമില്ല

നിഗമനം

ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ഈ വീഡിയോ 2018 ല്‍ തെലിംഗാനയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് വേളയിലെതാണ്. ത്രിപുരയുമായോ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുമായോ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല

Avatar

Title:FACT CHECK-ഈ വീഡിയോ ദൃശ്യങ്ങള്‍ തെലിംഗാനയിലെതാണ്... തൃപുരയിലെതല്ല...

Fact Check By: Vasuki S

Result: False