സിപിഎം നേതാവ് പി.ജയരാജന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചരണം സത്യമാണോ?
വിവരണം
സിപിഎമ്മിനകത്തു ഒറ്റപ്പെട്ടുപോയ ജയരാജൻ സ്വയരക്ഷാർത്ഥം പാർട്ടി വിടാനൊരുങ്ങുന്നു. നിരവധി കൊലക്കേസുകളിൽ പ്രതിയായ ഈ ഗുണ്ടാ നേതാവിനെത്തേടി വീണ്ടും സിബിഐ വരാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് ഈ കൂടുമാറ്റം എന്നാണ് നവമാധ്യമങ്ങൾ പറയുന്നത്.. എന്ന തലക്കെട്ട് നല്‍കി സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന നേതാവുമായ പി.ജയരാജന്‍ സിപിഎം വിട്ട് ബിജെപിയിലേക്ക് എന്ന പേരിലുള്ള പ്രചരണം കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചയാകുന്നുണ്ട്. അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും ഈ മാസം അവസാനം മെമ്പര്‍ഷിപ് സ്വീകരിക്കുമെന്നും ഏതോ ബിജെപി നേതാവ് പറഞ്ഞു എന്ന പേരിലാണ് ഫെയ്‌സ്ബുക്ക് പ്രചരണം. WE HATE CPI(M) എന്ന പേരിലുള്ള പേജില്‍ സെപ്റ്റംബര്‍ 11ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 106ല്‍ അധികം ലൈക്കുകളും 29ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
Archived Link |
എന്നാല്‍ സിപിഎം നേതാവ് പി.ജയരാജന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചരണം സത്യമാണോ? ജയരാജന്‍ അമിത്ഷായുമായി ചര്‍ച്ച നടത്തിയോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
സംഭവത്തെ കുറിച്ച് പി.ജയരാജന്‍ തന്നെ നേരിട്ട് അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പ്രതികരണം പങ്കുവെച്ചിട്ടുണ്ട്. പ്രചരണം അടിസ്ഥാനരഹിതമാണെന്നും താന്‍ ഇത് തള്ളിക്കളയുന്നതായും രൂക്ഷമായ ഭാഷയിലാണ് ജയരാജന്‍റെ പ്രതികരണം. ഒരു തിരുവോണ നാളില്‍ തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ആര്‍എസ്എസുകാര്‍ വീണ്ടും ഒരു തിരുവോണ നാളില്‍ കള്ളപ്രചരണം നടത്തുകയാണെന്നാണ് ജയരാജന്‍റെ പ്രതികരണം.
പി.ജയരാജന്‍ തന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയിരിക്കുന്ന പ്രതികരണം-
Archived Link |
നിഗമനം
ബിജെപിയിലേക്ക് പോകുന്നു എന്ന ആരോപണത്തിന് വിധേയനായ പി.ജയരാജന്‍ തന്നെ ആരോപണം തള്ളിക്കളയുകയും സംഘപരിവാറിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പ്രചരണം പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:സിപിഎം നേതാവ് പി.ജയരാജന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചരണം സത്യമാണോ?
Fact Check By: Dewin CarlosResult: False