ഭാരത് ജോഡോ: മനോരമയുടെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം...
രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെ പര്യടനം പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം കർണാടകയിൽ പ്രവേശിച്ചു. ഏഴു മാസങ്ങൾക്കുശേഷം കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാതിരിക്കുകയാണ്. കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവർക്കൊപ്പം ഉത്സവ അന്തരീക്ഷത്തിലാണ് രാഹുല്‍ ഗാന്ധി കർണാടക ജോഡോ യാത്ര ആരംഭിച്ചത്.
കേരളത്തിലെ ജോഡോ യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കാൻ കൂടുതലും ആശ്രയിച്ചിരുന്നത് നാട്ടിൻപുറങ്ങളിലെ ചായക്കടകളെയും ഹോട്ടലുകളെയും ആയിരുന്നു. കർണാടകയിലും രാഹുൽഗാന്ധി ആഹാരത്തിനായി സാധാരണ കടകളെ ആശ്രയിക്കുന്ന വാർത്ത മനോരമ പ്രസിദ്ധീകരിച്ചു എന്ന് പരിഹസിച്ച് ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
പ്രചരണം
മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് രൂപത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. സ്ക്രീന്‍ ഷോട്ടിലെ വാര്‍ത്ത ഇങ്ങനെ: “മൈസൂർപാക്കും ധാര്‍വാഡ് പേഡയുമൊരുക്കി നഞ്ജന ഗൂഡൂവിൽ രാഹുലിനെയും കാത്ത് സിദ്ദണ്ണ ഗൗഡ”
മനോരമ കർണാടകയിലേക്ക് ... എന്നു പരിഹാസ രൂപേണ നല്കിയിട്ടുണ്ട്.
എന്നാൽ മനോരമയുടെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പലരും ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതേ പോസ്റ്റര്‍ പങ്കുവയ്ക്കുന്നുണ്ട്.
വസ്തുത ഇതാണ്
മനോരമ ഓണ്‍ലൈന്‍ പതിപ്പില്‍ തിരഞ്ഞപ്പോള്‍ ഇങ്ങനെയൊരു വാര്‍ത്ത ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല. അതിനാല്‍ പ്രചരണത്തിന്‍റെ വിശദാംശങ്ങൾ അറിയാനായി ആദ്യം മനോരമയുടെ ഓൺലൈൻ വാർത്താ വിഭാഗവുമായി ബന്ധപ്പെട്ടു. അവർ ഞങ്ങളെ അറിയിച്ചത് ഇങ്ങനെ: “ഇത്തരത്തിലൊരു വാർത്ത മനോരമ നൽകിയിട്ടില്ല. മാത്രമല്ല അതിൻറെ ഫോണ്ട് ശ്രദ്ധിച്ചാലറിയാം ഇത് മനോരമയുടേതല്ല. തലക്കെട്ടിൽ തന്നെ അക്ഷരത്തെറ്റ് വരുത്തിയിട്ടുള്ളതും നോക്കുക. മനോരമയുടെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു വീഴ്ച ഉണ്ടാവില്ല. ഞങ്ങളുടെ സ്ക്രീൻഷോട്ട് കള്ള പ്രചരണത്തിന് ഉപയോഗിക്കുകയാണ്.”
മനോരമ ഓൺലൈൻ നോക്കിയാൽ രാഹുൽഗാന്ധിയുടെ ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചതിനെ കുറിച്ച് മനോരമ നല്‍കിയ കൂടുതൽ വാർത്തകൾ ലഭ്യമാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. മനോരമ ഓൺലൈൻ പതിപ്പിന്‍റെ വ്യാജ സ്ക്രീൻഷോട്ട് നിർമിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്. പോസ്റ്ററിൽ നൽകിയിരിക്കുന്നത് പോലെയുള്ള വാർത്ത മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചിട്ടില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:ഭാരത് ജോഡോ: മനോരമയുടെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം...
Fact Check By: Vasuki SResult: False