പശ്ചിമ ബംഗാളില്‍ അനധികൃത കുടിയേറ്റക്കാരി പെണ്‍കുട്ടിയെ പോലിസ് അറസ്റ്റ് ചെയ്യുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമിതാണ്…

False ദേശീയം | National

ബംഗ്ലാദേശി കുടിയേറ്റക്കാരെ പശ്ചിമ ബംഗാളിൽ നിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

പോലീസുകാർ ഒരു യുവതിയെ ബലമായി മാറ്റാൻ ശ്രമിക്കുന്നതും വീടിനുള്ളിലെ സാധനങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ബംഗ്ലാദേശ് സ്വദേശിനിയായ ഫാത്തിമയും കുടുംബവും വീട് ഒഴിയാൻ തയ്യാറാകാത്തതിനെ തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയാണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ബംഗാളിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരിയായ ഫാത്തിമയെയും കുടുംബത്തെയും ഒഴിഞ്ഞു പോകാൻ തയ്യാറാവാത്തതിനെ തുടർന്ന് പോലീസ് ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുക്കുന്നു…

നുഴഞ്ഞുകയറി ഇവിടുത്തെ ആനുകൂല്യങ്ങളും കൈപറ്റി ജീവിത കാലം മുഴുവൻ ഇവിടെ തുടരമെന്നാണ് ഇവറ്റകൾ കരുതുന്നത്.. പക്ഷെ കഥ മാറി.. ഇനിയൊന്നും പഴയപോലെ ആവില്ല…. ജിഹാദികളെ വലിച്ചെറിയുക തന്നെ ചെയ്യും.. 👌👌👌

FB postarchived link

എന്നാല്‍ ദൃശ്യങ്ങള്‍ക്ക് പശ്ചിമ ബംഗാളുമായി യാതൊരു ബന്ധവുമില്ലെന്നും രാജസ്ഥാനില്‍ നിന്നുള്ളതാണ് വീഡിയോ എന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന ദൃശ്യം ഉൾപ്പെടുത്തി 2026 ജൂൺ 25-ന് പ്രസിദ്ധീകരിച്ച മാധ്യമ റിപ്പോർട്ട് ലഭിച്ചു.

രാജസ്ഥാനിലെ ബർമർ ജില്ലയിലെ തിലക് നഗറിൽ സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. സർക്കാർ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങൾ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കുന്ന നടപടിയായിരുന്നു ഇത്. വീടുകളില്‍ നിന്നും ഒഴിയാൻ തയ്യാറാകാതിരുന്നവരെ പോലീസ് ബലമായി നീക്കം ചെയ്യുമ്പോള്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. 

ദൈനിക്‌ ഭാസ്കര്‍ ഇതേ റിപ്പോര്‍ട്ട് 2026 ജൂണ്‍ 26 ന് കൊടുത്തിട്ടുണ്ട്. രാജസ്ഥാനിലെ ബർമർ ജില്ലയിലെ തിലക് നഗറിൽ സർക്കാർ ഭൂമി ഒഴിപ്പിക്കുന്നതിനിടെ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. ബുൾഡോസർ നടപടികൾ തടയാൻ ശ്രമിച്ച യുവതികളെ പോലീസ് ബലമായി മാറ്റുകയും പതിനഞ്ചിലധികം താൽക്കാലിക വീടുകൾ പൊളിച്ചുനീക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. 

രാജസ്ഥാന്‍ തക് നല്‍കിയ വീഡിയോ റിപ്പോര്‍ട്ട്: 

നിഗമനം 

ഒഴിഞ്ഞു പോകാന്‍ വിസമ്മതിച്ച അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരിയായ പെണ്‍കുട്ടിയെ പശ്ചിമ ബംഗാളില്‍ പോലിസ് കസ്റ്റഡിയില്‍ എടുക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് രാജസ്ഥാനിലെ ബർമർ ജില്ലയിലെ തിലക് നഗറിൽ സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ ജില്ലാ ഭരണകൂടം ഒഴിപ്പിക്കുന്ന ദൃശ്യങ്ങളാണ്. പശ്ചിമ ബംഗാളുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: പശ്ചിമ ബംഗാളില്‍ അനധികൃത കുടിയേറ്റക്കാരി പെണ്‍കുട്ടിയെ പോലിസ് അറസ്റ്റ് ചെയ്യുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമിതാണ്…

Fact Check By: Vasuki S

Result: False

Leave a Reply