വിവരണം

ഇതാണ് ആ അന്ത്യയാത്ര...കോടികൾ മുടക്കിയ.. മരണം വില കൊടുത്തു വാങ്ങിയ അച്ഛനും 19 വയസ്സുള്ള മകനും ഒരുമിച്ച യാത്രയിലെ അവസാന നിമിഷങ്ങൾ.. എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസം കടലിന്‍റെ അടിത്തട്ടില്‍ തകരുകയും 5 പേരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്ത ഓഷ്യന്‍ ഗേറ്റ് കമ്പനി നിര്‍മ്മിച്ച ടൈറ്റന്‍ എന്ന അന്തര്‍വാഹിനിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മരണപ്പെട്ടവരുടെ അവസാന വീഡിയോയാണിതെന്ന പേരില്‍ പ്രചരണം. സിദ്ദിഖ് പിഎം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screen Record

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ടൈറ്റാനിക്ക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാന്‍ അടിത്തട്ടില്‍ അന്തര്‍വാഹനിയില്‍ പോയി അപകടത്തില്‍ മരണപ്പെട്ടവരുടെ അവസാന വീഡിയോയാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ഇന്‍വിഡ് വീ വേരിഫൈയുടെ സഹായത്തോടെ വീഡിയോ കീ ഫ്രെയിമുകള്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതെ വീഡിയോയുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞു. DALLMYD എന്ന 13.5 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള യൂട്യൂബ് ചാനലിലാണ് ടൈറ്റന്‍ അന്തര്‍വാഹിനി യാത്രയുടെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പരിശോധിച്ചതില്‍ നിന്നും സഞ്ചാരികള്‍ ഇതെ അന്തര്‍വാഹിനിയില്‍ അപടകത്തിന് മുന്‍പ് ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാന്‍ പോയതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചു. Titanic Sub Tourism Expedition - Exclusive Footage (My Personal Experience) എന്ന തലക്കെട്ട് നല്‍കുന്ന വീഡിയോയ്ക്ക് 26.13 മിനിറ്റുകള്‍ ദൈര്‍ഘ്യമുണ്ട്. എന്നാല്‍ ഇവാരാരും അപടത്തില്‍പ്പെട്ടവരല്ലാ. ടൈറ്റന്‍ അന്തര്‍വാഹിനി യാത്രയെ കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കാന്‍ 5 പേരുടെ മരണത്തിന് ശേഷമാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നും വീഡിയോ വിവരണം പരിശോധിച്ചതില്‍ നിന്നും വ്യക്തമായി. ജൂണ്‍ 18നാണ് ടൈറ്റന്‍ അന്തര്‍വാഹിനി തകര്‍ന്ന് 5 സഞ്ചാരികള്‍ മരണപ്പെട്ടത്. DALLMYD എന്ന യൂട്യൂബ് ചാനലിലെ വീഡിയോ പങ്കുവെച്ചിരിക്കുന്നത് ജൂണ്‍ 23നാണ്. മാത്രമല്ലാ മരണപ്പെട്ട 5 സഞ്ചാരികള്‍ക്കും ആദാരഞ്ജലി നേര്‍ന്ന് കൊണ്ട് ഇതെ വീഡിയോയില്‍ യൂട്യൂബര്‍ റീത്ത് കടലില്‍ സമര്‍പ്പിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോയുടെ പൂര്‍ണ്ണരൂപം-

ഈ ഭാഗം ക്രോപ്പ് ചെയ്താണ് ടൈറ്റന്‍ അന്തര്‍വാഹിനി അപകടത്തിന് മുന്‍പുള്ള അവസാന വീഡിയോ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്-

നിഗമനം

ടൈറ്റന്‍ അന്തര്‍വാഹിനിയില്‍ മുന്‍പ് യാത്ര ചെയ്ത യൂടൂബറിന്‍റെയും സംഘത്തിന്‍റെയും വീഡിയോയാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇവര്‍ ആരും തന്നെ അപകടത്തില്‍പ്പെട്ടവരല്ലാ. തിരികെ വന്ന ശേഷം തന്‍റെ അനുഭവം യൂട്യൂബ് ചാനലില്‍ പങ്കുവെച്ചതിന്‍റെ ഒരു ഭാഗം ക്രോപ് ചെയ്ത് തെറ്റായ തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ടൈറ്റന്‍ അന്തര്‍വാഹിനി അപകടത്തില്‍പ്പെട്ടവരുടെ അവസാന വീഡിയോയാണോ ഇത്.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False