KSRTC വിദ്യാര്‍ഥി കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു എന്ന പ്രചരണം വ്യാജം, സത്യമിതാണ്…

False പ്രാദേശികം | Local സാമൂഹികം

കെഎസ്ആർടിസി ബസുകളില്‍ വിദ്യാർത്ഥികള്‍ക്ക് നല്‍കിവരുന്ന  കൺസഷൻ കാർഡുകളുടെ നിരക്ക് പത്തിൽനിന്ന് 110 രൂപയാക്കി വർധിപ്പിച്ചുവെന്ന് ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

പ്രചരണം 

“വിദ്യാർത്ഥികൾക്ക് കനത്ത പ്രഹരം! കെഎസ്ആർടിസി കൺസഷൻ ചാർജ് 

10ൽ നിന്ന് 110 രൂപയാക്കി 11 ഇരട്ടി വർദ്ധനവ്!” എന്ന വാചകങ്ങളുള്ള പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. “പുതിയ അക്കാദമിക വർഷം ആരംഭിച്ച് ആവേശത്തോടെ വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് കടുത്ത ആഘാതമേകി കെഎസ്ആർടിസിയുടെ പുതിയ തീരുമാനം പുറത്തുവന്നിരിക്കുകയാണ്. വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസഷൻ പാസ് പുതുക്കുന്നതിനുള്ള ഓൺലൈൻ ചാർജ് കെഎസ്ആർടിസി ഭീമമായ തോതിലാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ വെറും 10 രൂപ മാത്രമായിരുന്ന ഈ പുതുക്കൽ തുക, ഇപ്പോൾ ഒറ്റയടിക്ക് 11 ഇരട്ടിയോളമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്! അതായത്, ഇനി മുതൽ ഓരോ തവണയും കൺസഷൻ പാസ് പുതുക്കണമെങ്കിൽ വിദ്യാർത്ഥികൾ 110 രൂപ വീതം നൽകേണ്ടി വരും.
കഴിഞ്ഞ വർഷം മുതലാണ് കൺസഷൻ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുകയും ഓൺലൈൻ മുഖേന വിദ്യാർത്ഥികൾക്ക് പാസ് പുതുക്കാനുള്ള സൗകര്യം കെഎസ്ആർടിസി ഏർപ്പെടുത്തുകയും ചെയ്തത്. ഡിജിറ്റൽ യുഗത്തിൽ കാര്യങ്ങൾ എളുപ്പമാകുമെന്ന് കരുതിയ വിദ്യാർത്ഥികൾക്ക് മേലാണ് ഇപ്പോൾ ഓർക്കാപ്പുറത്ത് ഇത്ര വലിയൊരു സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിച്ചിരിക്കുന്നത്.
സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ദിവസേന സ്കൂളുകളിലും കോളേജുകളിലും പോകാൻ പൊതുഗതാഗതത്തെ, പ്രത്യേകിച്ച് കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്നത്. ദിവസേനയുള്ള യാത്രാച്ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന കൺസഷൻ പാസുകൾ സാധാരണക്കാരായ മാതാപിതാക്കൾക്ക് വലിയൊരു ആശ്വാസമായിരുന്നു. എന്നാൽ പഠനച്ചെലവുകൾക്കൊപ്പം ഇത്തരം അധിക ചാർജുകൾ കൂടി താങ്ങേണ്ടി വരുന്നത് സാധാരണക്കാരുടെ പോക്കറ്റ് ചോർത്തും എന്നതിൽ യാതൊരു സംശയവുമില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ നടപ്പിലാക്കിയ ഈ വർദ്ധനവ് വിദ്യാർത്ഥി സമൂഹത്തിനിടയിലും രക്ഷിതാക്കൾക്കിടയിലും വലിയ അതൃപ്തിക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ (SFI) 
കെഎസ്ആർടിസിയുടെ ഈ ജനവിരുദ്ധ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI) ഇതിനകം തന്നെ രംഗത്തുവന്നു കഴിഞ്ഞു. സാധാരണക്കാരായ വിദ്യാർത്ഥികളോടുള്ള കടുത്ത നീതികേടാണ് ഇതെന്നും, യാതൊരു ന്യായീകരണവുമില്ലാത്ത ഈ തുക വർദ്ധനവ് അടിയന്തരമായി പിൻവലിക്കാൻ കെഎസ്ആർടിസി അധികൃതരും സർക്കാരും തയ്യാറാകണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെ മൗലികമായ യാത്രാവകാശങ്ങളെയും ആനുകൂല്യങ്ങളെയും ഇല്ലാതാക്കുന്ന ഇത്തരം നിലപാടുകളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനമെങ്കിൽ, സംസ്ഥാനവ്യാപകമായി ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നാണ് എസ്എഫ്ഐ തങ്ങളുടെ വാർത്താക്കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു ജനാധിപത്യ സർക്കാരിന്റെ ഭാഗത്തുനിന്നും സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് മേൽ ഇത്തരം ഭാരങ്ങൾ അടിച്ചേൽപ്പിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് വിദ്യാർത്ഥി സംഘടനകൾ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായം എന്താണ്? 
ഡിജിറ്റലൈസেশনেরയും ഓൺലൈൻ സേവനങ്ങളുടെയും പേരിൽ സാധാരണക്കാരായ വിദ്യാർത്ഥികളിൽ നിന്ന് ഇത്രയും വലിയ തുക ഈടാക്കുന്നത് ന്യായമാണോ? യാത്രാ കൺസഷൻ എന്നത് വിദ്യാർത്ഥികളുടെ അവകാശമാണെന്നിരിക്കെ, അതിന്മേൽ 11 ഇരട്ടി ചാർജ് വർദ്ധിപ്പിച്ചത് ശരിയാണോ? നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ. ഈ വിഷയം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ പോസ്റ്റ് പരമാവധി ഷെയർ ചെയ്യുമല്ലോ.
#KSRTC #StudentConcession #KeralaNews #StudentsProtest #SFI #ReporterLive #BusConcession #KeralaStudents #PublicTransport #SocialIssue #ShareThis #KeralaPolitics #KSRTCBus

FB postarchived link

എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ 

വാര്‍ത്തയുടെ വിശദാംശങ്ങള്‍ അറിയാന്‍ ഞങ്ങള്‍ KSRTC ആസ്ഥാനവുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത് ഇങ്ങനെ: “മുമ്പ് പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പേപ്പർ കൺസെഷൻ കാർഡുകളായിരുന്നു. പ്രോസസിംഗ് ഫീസ് ഇതിൽ 100 രൂപയു 10 രൂപ കാർഡിന്‍റെ വിലയും ചേര്‍ത്ത് 110 രൂപയായിരുന്നു ഫീസ്‌. എന്നാല്‍ 2025-ൽ പേപ്പർ കാർഡുകൾക്ക് പകരം ആർഎഫ്ഐഡി (RFID) സ്മാർട്ട് കാർഡ്  കൊണ്ടുവന്നു. ഈ കാർഡ് സൗജന്യമായാണ് നൽകുന്നത്, ഫീസില്ല.  തുടർന്നുള്ള വർഷങ്ങളിലും ഇതേ കാര്‍ഡ് ഉപയോഗിക്കാം.” 

2018 ല്‍ എ കെ ശശീന്ദ്രന്‍ ഗതാഗത വകുപ്പ് മന്ത്രി ആയിരുന്നപ്പോഴാണ് പ്ലസ് ടൂ തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 100 രൂപ പ്രോസസിംഗ് ഫീസും 10 രൂപ കാര്‍ഡിന്‍റെ ചെലവുമായി ഈടാക്കാന്‍ ഉത്തരവായത്.  

പിന്നീട് 2025-ൽ കെ.ബി. ഗണേഷ് കുമാർ ഗതാഗതമന്ത്രിയായിരിക്കുമ്പോഴാണ് വിദ്യാർത്ഥികൾക്ക് ഡിജിറ്റല്‍ സ്മാർട്ട് കാർഡുകൾ അവതരിപ്പിച്ചത്. നേരത്തെ ഈടാക്കിയിരുന്ന 10 രൂപ സ്റ്റേഷനറി ചാർജ് ഒഴിവാക്കുകയും നിലവിൽ 100 രൂപ പ്രോസസിങ് ഫീ മാത്രം ഈടാക്കാനും ധാരണയായി. ഇതെല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് നടപ്പിലാക്കിയത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിദ്യാര്‍ഥി കണ്‍സഷന്‍റെ കാര്യത്തില്‍ പുതിയ ഉത്തരവുകള്‍ ഇതുവരെ വന്നിട്ടില്ല. 

കാർഡ്  ഫീസായി വാങ്ങിയിരുന്ന 10 രൂപ നിര്‍ത്തലാക്കി. നേരത്തെ കുട്ടികളുടെ കൺസെഷനായി ഈടാക്കിയിരുന്ന 110 രൂപയ്ക്ക് പകരംഇപ്പോള്‍ 100 രൂപ അടച്ചാല്‍ മതി. അതായത് 10 രൂപ കുറഞ്ഞു. വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ഫീസ് വർധിപ്പിച്ചുവെന്നത് വ്യാജ പ്രചരണം മാത്രമാണ്.”

വിദ്യാര്‍ഥി കണ്‍സഷന്‍ തുക വര്‍ദ്ധിപ്പിച്ചു എന്ന പ്രചരണം അടിസ്ഥാന രഹിതമാണ് എന്ന് KSRTC വ്യക്തമാക്കി എന്ന് മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

നിഗമനം 

വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ KSRTC 10 രൂപയില്‍ നിന്ന് 110 രൂപയായി വര്‍ദ്ധിപ്പിച്ചു എന്ന പ്രചരണം വ്യാജമാണ്. ഡിജിറ്റല്‍ കാര്‍ഡ് അവതരിപ്പിച്ചപ്പോള്‍ 110 ല്‍ നിന്നും 100 രൂപയായി കുറയുകയാണ് ഉണ്ടായത്. ഇതെല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് നടപ്പിലാക്കിയത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിദ്യാര്‍ഥി കണ്‍സഷന്‍റെ കാര്യത്തില്‍ പുതിയ ഉത്തരവുകള്‍ ഇതുവരെ വന്നിട്ടില്ല

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: KSRTC വിദ്യാര്‍ഥി കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു എന്ന പ്രചരണം വ്യാജം, സത്യമിതാണ്…

Fact Check By: Vasuki S

Result: False

Leave a Reply